ഏതൊരു ഇന്‍ഷുറന്‍സ് പോളിസി എടുക്കുന്നതിന് മുമ്പും ശ്രദ്ധിക്കേണ്ട ആറ് പ്രധാനപ്പെട്ട റേഷ്യോകള്‍ ഇവയാണ്

ന്‍ഷുറന്‍സ് പോളിസി എടുക്കുമ്പോള്‍ നമ്മള്‍ സാധാരണയായി നോക്കുന്നത് എത്ര രൂപ പ്രീമിയം അടയ്ക്കണം, എത്ര തുകയുടെ കവറേജ് ലഭിക്കും എന്നൊക്കെയാണ്. എന്നാല്‍, ഒരു ഇന്‍ഷുറന്‍സ് കമ്പനിയുടെ വിശ്വാസ്യതയും അവരുടെ സേവനവും എത്രത്തോളമുണ്ടെന്നും, ക്ലെയിമുകള്‍ കൃത്യമായി നല്‍കാനുള്ള അവരുടെ കഴിവുമെല്ലാം മനസ്സിലാക്കാന്‍ സഹായിക്കുന്ന ചില പ്രധാനപ്പെട്ട കണക്കുകളുണ്ട്. ഇവയെയാണ് ഇന്‍ഷുറന്‍സ് പെര്‍ഫോമന്‍സ് റേഷ്യോകള്‍ എന്ന് പറയുന്നത്. നല്ലൊരു ഇന്‍ഷുറന്‍സ് തിരഞ്ഞെടുക്കാന്‍ ഈ കണക്കുകള്‍ നിങ്ങളെ സഹായിക്കും. ഏതൊരു ഇന്‍ഷുറന്‍സ് പോളിസി എടുക്കുന്നതിന് മുമ്പും ശ്രദ്ധിക്കേണ്ട ആറ് പ്രധാനപ്പെട്ട റേഷ്യോകള്‍ താഴെ നല്‍കുന്നു:

1. ക്ലെയിം സെറ്റില്‍മെന്റ് റേഷ്യോ

കഴിഞ്ഞ ഒരു വര്‍ഷം കമ്പനിക്ക് ലഭിച്ച മൊത്തം ക്ലെയിമുകളില്‍ എത്ര ശതമാനം ക്ലെയിമുകള്‍ തീര്‍പ്പാക്കി എന്ന് കാണിക്കുന്ന കണക്കാണിത്. ഇത് 95% ന് മുകളിലാണെങ്കില്‍ വളരെ നല്ലതാണ്. ഉദാഹരണത്തിന്, ഒരു കമ്പനിക്ക് 98% ക്ലെയിം സെറ്റില്‍മെന്റ് റേഷ്യോ ഉണ്ടെങ്കില്‍, 100 ക്ലെയിമുകളില്‍ 98 എണ്ണവും അവര്‍ നല്‍കി എന്നാണര്‍ത്ഥം. ഇത് കമ്പനിയുടെ വിശ്വാസ്യതയുടെ ഒരു പ്രധാന അളവുകോലാണ്. ലൈഫ് അല്ലെങ്കില്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുക്കുമ്പോള്‍ ആദ്യം നോക്കേണ്ട കണക്കുകളിലൊന്നാണിത്.

2. ഇന്‍കേഡ് ക്ലെയിം റേഷ്യോ (Incurred Claim Ratio)

ഒരു വര്‍ഷം കമ്പനിക്ക് പ്രീമിയമായി ലഭിച്ച തുകയുടെ എത്ര ശതമാനം ക്ലെയിമുകളായി നല്‍കി എന്ന് ഇത് സൂചിപ്പിക്കുന്നു. ഈ അനുപാതം 70% നും 90% നും ഇടയിലാണെങ്കില്‍ കമ്പനി ക്ലെയിമുകള്‍ കൃത്യമായി നല്‍കുമ്പോഴും സാമ്പത്തികമായി സുരക്ഷിതമാണ് എന്നര്‍ത്ഥം. ഇത് വളരെ കൂടുതലായാല്‍ കമ്പനിക്ക് നഷ്ടങ്ങള്‍ സംഭവിക്കുന്നു എന്നാവാം. വളരെ കുറവാണെങ്കില്‍ ക്ലെയിമുകള്‍ കൂടുതല്‍ നിരസിക്കുന്നു എന്നുമായിരിക്കും.

3. സോള്‍വെന്‍സി റേഷ്യോ

ഒരു വലിയ ദുരന്തമുണ്ടായാല്‍ പോലും ക്ലെയിമുകള്‍ നല്‍കാന്‍ ഇന്‍ഷുറന്‍സ് കമ്പനിക്ക് എത്രത്തോളം സാമ്പത്തിക ശേഷിയുണ്ട് എന്ന് ഇത് കാണിക്കുന്നു. ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി നിബന്ധനകള്‍ അനുസരിച്ച്, ഇന്ത്യന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് കുറഞ്ഞത് 1.5 സോള്‍വെന്‍സി റേഷ്യോ ഉണ്ടായിരിക്കണം. ഇതില്‍ കൂടുതല്‍ ഉണ്ടെങ്കില്‍, പ്രതിസന്ധി ഘട്ടങ്ങളിലും ബാധ്യതകള്‍ നിറവേറ്റാന്‍ കമ്പനിക്ക് ആവശ്യമായ സാമ്പത്തിക ശേഷി ഉണ്ടെന്ന് മനസ്സിലാക്കാം. ലൈഫ് അല്ലെങ്കില്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസികള്‍ എടുക്കുമ്പോള്‍ ഇത് പ്രത്യേകം ശ്രദ്ധിക്കണം.

4. പെര്‍സിസ്റ്റന്‍സി റേഷ്യോ (Persistency Ratio)

ഉപഭോക്താക്കളുടെ സംതൃപ്തിയുടെ ഒരു അളവുകോലാണിത്. എല്ലാ വര്‍ഷവും എത്ര ശതമാനം പോളിസി ഉടമകള്‍ അവരുടെ പോളിസി പുതുക്കുന്നു എന്ന് ഇത് കാണിക്കുന്നു. ഉയര്‍ന്ന പെര്‍സിസ്റ്റന്‍സി റേഷ്യോ എന്നാല്‍ ഉപഭോക്താക്കള്‍ക്ക് കമ്പനിയുടെ ഉല്‍പ്പന്നത്തിലും സേവനത്തിലും വിശ്വാസമുണ്ട് എന്നതിന് തെളിവാണ്. ഉദാഹരണത്തിന്, ഒരു കമ്പനിക്ക് 13-ാം മാസം 80% പെര്‍സിസ്റ്റന്‍സി റേഷ്യോ ഉണ്ടെങ്കില്‍, ആദ്യ വര്‍ഷത്തിനുശേഷം 80% പോളിസി ഉടമകളും പോളിസി പുതുക്കി എന്നാണര്‍ത്ഥം. ഇത് സേവനത്തിന്റെ ഗുണനിലവാരം വ്യക്തമാക്കുന്നു.

5. എക്‌സ്‌പെന്‍സ് റേഷ്യോ

കമ്പനിക്ക് ലഭിക്കുന്ന മൊത്തം പ്രീമിയത്തില്‍ നിന്ന് എത്ര തുക പ്രവര്‍ത്തനച്ചെലവുകള്‍ക്കായി (ഏജന്റ് കമ്മീഷനും പരസ്യവും പോലുള്ളവ) ചെലവഴിക്കുന്നു എന്ന് ഇത് വ്യക്തമാക്കുന്നു. ഉയര്‍ന്ന എക്‌സ്‌പെന്‍സ് റേഷ്യോ എന്നാല്‍ ഉയര്‍ന്ന പ്രീമിയം നല്‍കേണ്ടി വരുന്നു എന്നോ, ഓരോ രൂപയ്ക്കും കുറഞ്ഞ മൂല്യം ലഭിക്കുന്നു എന്നോ ആണ് അര്‍ത്ഥം. കുറഞ്ഞ എക്‌സ്‌പെന്‍സ് റേഷ്യോ ഉള്ള കമ്പനികള്‍ കൂടുതല്‍ കാര്യക്ഷമമായിരിക്കും.

6. ഗ്രീവന്‍സ് റേഷ്യോ (Grievance Ratio)

ഓരോ 10,000 പോളിസികളുമായി ബന്ധപ്പെട്ട് എത്ര പരാതികള്‍ ലഭിച്ചു എന്ന് ഈ കണക്ക് വ്യക്തമാക്കുന്നു. കുറഞ്ഞ ഗ്രീവന്‍സ് റേഷ്യോ എന്നാല്‍ കുറഞ്ഞ പരാതികളും ഉയര്‍ന്ന നിലവാരമുള്ള സേവനവുമാണ്. ക്ലെയിമുകള്‍ വൈകിപ്പിക്കുന്നതോ, തെറ്റായ വിവരങ്ങള്‍ നല്‍കുന്നതോ, അനാവശ്യമായി ക്ലെയിമുകള്‍ നിരസിക്കുന്നതോ ആയ കമ്പനികളില്‍ നിന്ന് ഇന്‍ഷുറന്‍സ് എടുക്കുന്നത് ഒഴിവാക്കാന്‍ ഇത് പരിശോധിക്കുന്നത് സഹായിക്കും.

ബ്രോഷറുകളേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ ഈ കണക്കുകള്‍ പറയും

സാമ്പത്തികമായി നോക്കുമ്പോള്‍ ഇന്‍ഷുറന്‍സ് ഒരു ദീര്‍ഘകാല നിക്ഷേപമാണ്. പ്രീമിയം മാത്രം നോക്കി കണ്ണടച്ച് ഒരു പോളിസി എടുക്കുന്നത് നിരാശാജനകമായേക്കാം. ക്ലെയിം സെറ്റില്‍മെന്റ്, ഇന്‍കറഡ് ക്ലെയിം, സോള്‍വെന്‍സി, പെര്‍സിസ്റ്റന്‍സി, എക്‌സ്‌പെന്‍സ്, ഗ്രീവന്‍സ് എന്നീ ആറ് കണക്കുകള്‍ ഒരു ഇന്‍ഷുറന്‍സ് കമ്പനിയുടെ പ്രകടനത്തെയും ഉപഭോക്തൃ സേവനത്തെയും കുറിച്ച് ആഴത്തില്‍ മനസ്സിലാക്കാന്‍ സഹായിക്കും