രാജ്യത്തെ അതിസമ്പന്ന കുടുംബങ്ങള്‍ ഇന്ന് ഓഹരി വിപണിയില്‍ ഒരു നിര്‍ണ്ണായക പങ്കാണ് വഹിക്കുന്നത്. അവരുടെ വലിയ നിക്ഷേപങ്ങള്‍ വിപണിയെ തകിടം മറിക്കാന്‍ സാധ്യതയുണ്ട്.
ശതകോടീശ്വര കുടുംബങ്ങളുടെ 'ഫാമിലി ഓഫീസുകള്‍' വിപണിയില്‍ ഒരു നിര്‍ണ്ണായക ശക്തിയായി വളരുന്ന സാഹചര്യത്തില്‍, അവയെ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (സെബി) നിരീക്ഷണത്തിന് കീഴില്‍ കൊണ്ടുവരാന്‍ നീക്കം തുടങ്ങി. രാജ്യത്തെ ഓഹരി വിപണിയില്‍ അതിശക്തമായ സ്വാധീനം ചെലുത്തുന്ന ഇവയെ നിയന്ത്രിക്കുന്നതിനുള്ള ചര്‍ച്ചകള്‍ സെബി ആരംഭിച്ചതായാണ് സൂചന. അതിസമ്പന്നരായ ഒരു വ്യക്തിയുടെയോ അല്ലെങ്കില്‍ ഒരു കുടുംബത്തിന്റെയോ സ്വകാര്യ സ്വത്തുക്കളും സാമ്പത്തിക കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിനായി രൂപീകരിക്കുന്ന ഒരു സ്വകാര്യ സ്ഥാപനമോ, ഉപദേശക സ്ഥാപനമോ ആണ് ഫാമിലി ഓഫീസ്. ഒരു വലിയ കോര്‍പ്പറേറ്റ് സ്ഥാപനത്തെ നിയന്ത്രിക്കാന്‍ ഒരു സി.ഇ.ഒ , സി.എഫ്.ഒ, നിയമോപദേഷ്ടാക്കള്‍ തുടങ്ങിയ ഒരു കൂട്ടം പ്രൊഫഷണലുകള്‍ ഉള്ളതുപോലെ, അതിസമ്പന്ന കുടുംബങ്ങളുടെ വ്യക്തിപരമായ സമ്പത്തും അനുബന്ധ കാര്യങ്ങളും കൈകാര്യം ചെയ്യാന്‍ അവര്‍ രൂപീകരിക്കുന്ന ഒരു സംവിധാനമാണിത്.
വെളിപ്പെടുത്തലുകള്‍ നിര്‍ബന്ധമാക്കിയേക്കും
പുതിയ ചട്ടങ്ങള്‍ നിലവില്‍ വരുന്നതോടെ, ഫാമിലി ഓഫീസുകള്‍ അവരുടെ സ്ഥാപനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍, ആസ്തികള്‍, നിക്ഷേപത്തില്‍ നിന്നുള്ള വരുമാനം എന്നിവ വെളിപ്പെടുത്തേണ്ടിവരും. പ്രധാനമായും, വിവിധ സ്ഥാപനങ്ങള്‍ വഴി വിപണിയില്‍ നടക്കുന്ന ഈ നിക്ഷേപങ്ങളുടെ സ്വഭാവത്തെക്കുറിച്ചും അതുണ്ടാക്കാന്‍ സാധ്യതയുള്ള അപകടസാധ്യതകളെക്കുറിച്ചും കൂടുതല്‍ വ്യക്തത വരുത്താന്‍ സെബി ലക്ഷ്യമിടുന്നുണ്ട്. ഇതിന്റെ ഭാഗമായി, രാജ്യത്തെ ഏറ്റവും വലിയ ചില ഫാമിലി ഓഫീസുകളുമായി സെബി ഈ വര്‍ഷം ആദ്യം കൂടിക്കാഴ്ചകള്‍ നടത്തുകയും മറ്റുള്ളവരില്‍ നിന്ന് രേഖാമൂലമുള്ള നിര്‍ദ്ദേശങ്ങള്‍ തേടുകയും ചെയ്തിരുന്നു. ഇന്ത്യയില്‍ നിലവില്‍ ഫാമിലി ഓഫീസുകള്‍ക്കായി പ്രത്യേക നിയമങ്ങളൊന്നും നിലവിലില്ല. പുതിയ ചട്ടങ്ങളുടെ അന്തിമ രൂപവും അവ പ്രാബല്യത്തില്‍ വരുന്ന സമയവും സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.
കമ്പോളത്തിലെ നിര്‍ണ്ണായക ശക്തി
രാജ്യത്തെ അതിസമ്പന്ന കുടുംബങ്ങള്‍ ഇന്ന് ഓഹരി വിപണിയില്‍ ഒരു നിര്‍ണ്ണായക പങ്കാണ് വഹിക്കുന്നത്. അവരുടെ വലിയ നിക്ഷേപങ്ങള്‍ വിപണിയെ തകിടം മറിക്കാന്‍ സാധ്യതയുണ്ട്. രണ്ട് പതിറ്റാണ്ട് മുന്‍പ് വിരലിലെണ്ണാവുന്നവ മാത്രം ഉണ്ടായിരുന്ന ഫാമിലി ഓഫീസുകള്‍ ഇന്ന് സ്റ്റാര്‍ട്ടപ്പുകളിലെ പ്രധാന നിക്ഷേപകരും സ്വകാര്യ ഇക്വിറ്റി, ഐ.പി.ഒ എന്നിവയിലെ പങ്കാളികളുമായി മാറിയിരിക്കുന്നു. ഇവയില്‍ പലതും ഓള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടുകള്‍ (എ.ഐ.എഫ്), ഷാഡോ ലെന്‍ഡര്‍മാര്‍ തുടങ്ങിയ നിയന്ത്രിത സ്ഥാപനങ്ങള്‍ വഴിയാണ് നിക്ഷേപം നടത്തുന്നത്. പ്രൈം ഡാറ്റാബേസിന്റെ കണക്കുകള്‍ പ്രകാരം, വിപ്രോയുടെ ബില്യണയര്‍ അസിം പ്രേംജിയുടെ പ്രേംജി ഇന്‍വെസ്റ്റ്, ബജാജ് ഓട്ടോമൊബൈല്‍ രാജവംശത്തിന്റെ ബജാജ് ഹോള്‍ഡിംഗ്‌സ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് ലിമിറ്റഡ്, ടെക് ബില്യണര്‍മാരായ ശിവ് നാടാര്‍, നാരായണ മൂര്‍ത്തി എന്നിവരുടെ സ്വകാര്യ നിക്ഷേപ സ്ഥാപനങ്ങള്‍ തുടങ്ങിയ പല ഫാമിലി ഓഫീസുകളും ഐ.പി.ഒ-കളില്‍ ആങ്കര്‍ നിക്ഷേപകരാണ്.


