2022 ഏപ്രിലിന് ശേഷം ആദ്യമായി  ബിറ്റ്കോയിൻ വില 6% ഉയർന്ന് 45,000 ഡോളറിന് മുകളിലെത്തി.  21 മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.

ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോ കറൻസിയായ ബിറ്റ്‌കോയിൻ വിലയിൽ കുതിപ്പ്. 2022 ഏപ്രിലിന് ശേഷം ആദ്യമായി ബിറ്റ്കോയിൻ വില 6% ഉയർന്ന് 45,000 ഡോളറിന് മുകളിലെത്തി. 21 മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. മറ്റ് ക്രിപ്‌റ്റോ കറൻസികളുടെ വിലയിലും വർധനയുണ്ട്. ഈതർ (ഇടിഎച്ച്) വില 3.8% ഉയർന്നു, സോളാന (എസ്‌ഒഎൽ) 7% ഉയർന്നപ്പോൾ കാർഡാനോയുടെ മൂല്യത്തില്‍ 5% വർധന രേഖപ്പെടുത്തി.

യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ സ്പോട്ട് ബിറ്റ്കോയിൻ എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടിന് (ഇടിഎഫ്) അംഗീകാരം നൽകുമെന്ന പ്രതീക്ഷയിലാണ് ബിറ്റ്കോയിൻ വിലയിലെ റാലി.അമേരിക്കയിലെ ബ്ലാക്ക്റോക്ക് ഉള്‍പ്പെടെയുള്ള സാമ്പത്തിക സ്ഥാപനങ്ങള്‍ ബിറ്റ്കോയിന്‍ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടിനായി യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മീഷനില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ക്രിപ്റ്റോ നിക്ഷേപകര്‍ വളരെയധികം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് സ്പോട്ട് ബിറ്റ്കോയിന്‍ ഇടിഎഫ്. അപകട സാധ്യതയുള്ള വികേന്ദ്രീകൃതമായ പ്ലാറ്റ്ഫോമുകളിലൂടെ കടന്നുപോകുന്നതിന് പകരം ലൈസന്‍സുള്ള കമ്പനിയുടെ പിന്തുണയോടെ കൂടുതല്‍ നിയന്ത്രിതമായ രീതിയില്‍ കിപ്റ്റോ വിപണിയിലേക്ക് പ്രവേശിക്കാന്‍ സ്പോട്ട് ബിറ്റ്കോയിന്‍ ഇടിഎഫ് സഹായിക്കും.ഏതെങ്കിലും തരത്തിലുള്ള അംഗീകാരം ഇതിന് ലഭിക്കുകയാണെങ്കില്‍ ക്രിപ്റ്റോയിലേക്ക് കൂടുതല്‍ നിക്ഷേപം എത്തും.

നിയമ പ്രകാരം യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ ജനുവരി 10-നകം സ്പോട്ട് ബിറ്റ്കോയിൻ എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ട് വിഷയത്തിലുള്ള തീരുമാനം അറിയിക്കണം. ഇ.ടി.എഫിന് അനുമതി ലഭിക്കാനാണ് സാധ്യതയയെന്നാണ് വിലയിരുത്തല്‍.