ദില്ലി: എതോപ്യൻ  എയർലൈൻസ് വിമാനം തകർന്ന സംഭവത്തെ തുടര്‍ന്ന് ഇന്ത്യയിലെ ബോയിങ് 737 മാക്‌സ് 8 വിമാനങ്ങളുടെ സേവനം ഇന്ന് വൈകുന്നേരം 4 മണിയോടുകൂടി അവസാനിപ്പിക്കും. സ്‌പൈസ് ജെറ്റിന്റെ 13 വിമാനങ്ങളും ജെറ്റ് എയര്‍വേസിന്റെ 5 വിമാനങ്ങളുമാണ് ഇന്നത്തോടെ നിശ്ചലമാകുന്നത്. കേന്ദ്രസിവില്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്‍റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.

സ്‌പൈസ് ജെറ്റിനും ജെറ്റ് എയര്‍വേസിനുമാണ് ഇതുമൂലം കനത്ത തിരിച്ചടി നേരിടുന്നത്. ഇതോടെ 75 വിമാനങ്ങള്‍ സ്വന്തമായുള്ള സ്‌പൈസ് ജെറ്റിന്റെ സേവനങ്ങള്‍ 62 ആയി ചുരുങ്ങും. ഉത്തരവിനെ ആദ്യം സ്‌പൈസ്‌ ജെറ്റ് എതിര്‍ത്തിരുന്നെങ്കിലും പിന്നീട് വഴങ്ങുകയായിരുന്നു.

ഇന്ത്യക്ക് പുറമേ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും ചൈന, ജപ്പാന്‍, സിംഗപ്പൂര്‍, സൗത്ത് കൊറിയ തുടങ്ങി നിരവധി രാജ്യങ്ങള്‍ ബോയിങ് 737 മാക്‌സ് 8 ന്റെ സേവനങ്ങള്‍ നിര്‍ത്തലാക്കിയിട്ടുണ്ട്. ഈ വിമാനത്തില്‍ യാത്ര ബുക്ക് ചെയ്തിട്ടുള്ളവര്‍ക്കായി മറ്റുവിമാനങ്ങള്‍ ഒരുക്കുന്നതിനുള്ള തിരക്കിലാണ് എയര്‍ലൈന്‍സ് കമ്പനികള്‍.

ഇന്ന് വൈകിട്ട് നാല് മണിക്ക് ദില്ലിയില്‍ ഇന്ത്യയിലെ എല്ലാ എയര്‍ലൈന്‍സ് സേവനദാതാക്കളുടെയും അടിയന്തിരയോഗം വിളിച്ചിട്ടുണ്ട്. സിവില്‍ ഏവിയേഷന്‍ സെക്രട്ടറിയുടെ അധ്യക്ഷതയിലാണ് യോഗം. യാത്രക്കാരുടെ സുരക്ഷയാണ് മറ്റെന്തിനെക്കാളും പ്രധാനമെന്ന് വ്യോമമന്ത്രാലയം വ്യക്തമാക്കി.

ബോയിങ് 737 മാക്‌സ് 8 മോഡലുകള്‍ പറപ്പിക്കുന്ന പൈലറ്റുമാര്‍ക്ക് കുറഞ്ഞത് 1000 മണിക്കൂറും സഹപൈലറ്റുമാര്‍ക്ക് 500 മണിക്കൂറും നേരം വിമാനം പറപ്പിച്ചുള്ള പരിചയസമ്പത്തുണ്ടായിരിക്കണമെന്നും മന്ത്രാലയം നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.

ലോകത്തെ ഏറ്റവും വലിയ വിമാനനിര്‍മാതാക്കളാണ് യു.എസ് കമ്പനിയായ ബോയിങ്. എത്യോപ്യയിലുണ്ടായ അപകടത്തിന് ശേഷം കമ്പനിക്ക് കോടിക്കണക്കിന് രൂപയുടെ നഷ്ടമാണുണ്ടായിരിക്കുന്നത്.