നേരത്തെ സേവന കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയം രാവിലെ എട്ട് മുതല്‍ രാത്രി എട്ടുവരെയായിരുന്നു, എന്നാല്‍, ഇനിമുതല്‍ ഇത് രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് ആറ് വരെയായി ചുരുക്കും. 

തിരുവനന്തപുരം: സംസ്ഥാനത്തെ ഉപഭോക്ത‍ൃ സേവന കേന്ദ്രങ്ങളില്‍ 30 ശതമാനം അടച്ചു പൂട്ടാന്‍ ബിഎസ്എന്‍എല്‍ തീരുമാനിച്ചു. വരുമാനം കുറഞ്ഞ സേവന കേന്ദ്രങ്ങളാണ് ഇത്തരത്തില്‍ അടച്ചു പൂട്ടുന്നത്. ബാക്കിയുളള സേവന കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയം വെട്ടിച്ചുരുക്കാനും കമ്പനി തീരുമാനിച്ചു. 

നേരത്തെ സേവന കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയം രാവിലെ എട്ട് മുതല്‍ രാത്രി എട്ടുവരെയായിരുന്നു, എന്നാല്‍, ഇനിമുതല്‍ ഇത് രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് ആറ് വരെയായി ചുരുക്കും. ജീവനക്കാരുടെ കുറവാണ് ഇത്തരത്തിലൊരു നടപടിക്ക് കാരണമെന്നാണ് ബിഎസ്എന്‍എല്‍ പറയുന്നത്. 

ബില്‍ അടയ്ക്കാനും സിം കാര്‍ഡ് മാറ്റി വാങ്ങാനും മൊബൈല്‍ ഫോണ്‍ സേവനങ്ങളെ സംബന്ധിച്ച പരാതി പരിഹാരങ്ങള്‍ക്കും നിരവധി പേര്‍ ഇത്തരം സേവന കേന്ദ്രങ്ങള്‍ ഉപയോഗിക്കാറുണ്ട്. ഗ്രാമീണ മേഖലയ്ക്കാകും കമ്പനിയുടെ തീരുമാനം പ്രധാനമായും തിരിച്ചടിയാകുക. ഇതോടൊപ്പം പൊതു അവധി ദിനത്തിലും ഞായറാഴ്ചയും തുറന്ന് പ്രവര്‍ത്തിച്ചിരുന്ന രീതിയിലും മാറ്റം വന്നു. ഇനിമുതല്‍ പ്രവര്‍ത്തി ദിനത്തില്‍ മാത്രം സേവന കേന്ദ്രങ്ങള്‍ തുറന്നാല്‍ മതിയെന്നാണ് നിര്‍ദ്ദേശം.