വിമാനങ്ങളുടെ അസംസ്കൃത വസ്തുക്കൾക്കും ഘടകങ്ങൾക്കുമുള്ള കസ്റ്റംസ് തീരുവ ഒഴിവാക്കിയതിലൂടെ, നിർമ്മാതാക്കൾക്കും വിതരണക്കാർക്കുമുള്ള തടസ്സങ്ങൾ കുറഞ്ഞു.
ദില്ലി: കേന്ദ്ര ബജറ്റിനെ സ്വാഗതം ചെയ്ത് ബോയിംഗ്. 2026-ലെ കേന്ദ്ര ബജറ്റിൽ വ്യോമയാന നിർമ്മാണ മേഖലയ്ക്ക് വലിയ ഉത്തേജനം നൽകുന്ന ഒരു പ്രഖ്യാപനമാണ് ഉണ്ടായത്. വിമാനങ്ങളുടെ ഘടകങ്ങൾക്കും മറ്റ് ഭാഗങ്ങൾക്കും ചുമത്തിയിരുന്ന അടിസ്ഥാന കസ്റ്റംസ് തീരുവ സർക്കാർ പൂർണ്ണമായും ഒഴിവാക്കി. ഇന്ത്യയുടെ വ്യോമയാന നിർമ്മാണ രംഗം മെച്ചപ്പെടുത്താനും ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാനുമാണ് ഈ നീക്കം. നേരത്തെ 7.5 ശതമാനം മുതൽ 15 ശതമാനം വരെയായിരുന്നു ഈ തീരുവ. ഇത് നിർമ്മാണച്ചെലവിൽ 5 മുതൽ 7 ശതമാനം വരെ കുറവുണ്ടാക്കുമെന്നാണ് പ്രതീക്ഷ. ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ്, മറ്റ് മെയിന്റനൻസ്, റിപ്പയർ, ഓവർഹോൾ സേവനദാതാക്കൾ എന്നിവർക്ക് ഇത് വലിയ സഹായമാകും
വിമാനങ്ങളുടെ അസംസ്കൃത വസ്തുക്കൾക്കും ഘടകങ്ങൾക്കുമുള്ള കസ്റ്റംസ് തീരുവ ഒഴിവാക്കിയതിലൂടെ, നിർമ്മാതാക്കൾക്കും വിതരണക്കാർക്കുമുള്ള തടസ്സങ്ങൾ കുറഞ്ഞു. ഇത് ഇന്ത്യയിലെ വിമാനങ്ങളുടെ അറ്റകുറ്റപ്പണികൾക്കുള്ള ചെലവ് നേരിട്ട് കുറയ്ക്കും. വ്യവസായ രംഗത്തെ ദീർഘകാലമായുള്ള ആവശ്യമായിരുന്നു ഇതെന്നും എഎൻഐയോട് സംസാരിച്ച ബോയിംഗ് ഉദ്യോഗസ്ഥൻ പറഞ്ഞു. അറ്റകുറ്റപ്പണികൾക്കുള്ള ചെലവ് കുറയുന്നതും വ്യാവസായിക വളർച്ച വേഗത്തിലാക്കുന്നതും ബോയിംഗ് ഇന്ത്യ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.
ഈ പരിഷ്കാരം രാജ്യത്തിനകത്തെ ഉത്പാദനത്തിന് അടിത്തറയിടുന്നു. എയ്റോസ്പേസ് വിതരണ ശൃംഖലയെ ഇത് കൂടുതൽ ശക്തമാക്കും. ഇന്ത്യയിലെ മെയിന്റനൻസ്, റിപ്പയർ, ഓവർഹോൾ കേന്ദ്രങ്ങളെ ആഗോള ഹബ്ബുകളുമായി മത്സരിക്കാൻ പ്രാപ്തമാക്കും. വ്യോമയാന നിർമ്മാണത്തിലും സേവനങ്ങളിലും ഇന്ത്യയെ ഒരു മുൻനിരക്കാരാക്കി മാറ്റുക എന്ന 'മേക്ക് ഇൻ ഇന്ത്യ' കാഴ്ചപ്പാടിന് ഇത് വേഗത കൂട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അടുത്ത രണ്ട് ദശാബ്ദത്തിനുള്ളിൽ ഇന്ത്യയിലും ദക്ഷിണേഷ്യയിലുമായി ഏകദേശം 3,300 പുതിയ വാണിജ്യ വിമാനങ്ങൾ വേണ്ടിവരുമെന്നാണ് ബോയിംഗ് കണക്കാക്കുന്നത്. രാജ്യത്തെ സാമ്പത്തിക വളർച്ച, ഇടത്തരക്കാരുടെ യാത്രകളിലുണ്ടായ വർധന, നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതിലെ പുരോഗതി എന്നിവയാണ് ഇതിന് കാരണം. ഈ വളർച്ച യാത്രാ രീതികളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുന്നുണ്ട്. ഇന്ത്യയ്ക്കകത്തും പുറത്തേക്കും കൂടുതൽ നേരിട്ടുള്ള വിമാന സർവീസുകൾക്ക് ഇത് വഴിവെക്കും. ഈ വളർച്ചയെ പിന്തുണയ്ക്കാൻ അറ്റകുറ്റപ്പണികൾ, ഡിജിറ്റൽ സേവനങ്ങൾ, പരിശീലനം തുടങ്ങിയ വ്യോമയാന സേവനങ്ങളിൽ 195 ബില്യൺ ഡോളറിലധികം നിക്ഷേപം വേണ്ടിവരുമെന്നും ബോയിംഗ് ഉദ്യോഗസ്ഥൻ പറഞ്ഞു. അടുത്ത 20 വർഷത്തിനുള്ളിൽ ഏകദേശം 45,000 പൈലറ്റുമാർ, 45,000 ടെക്നീഷ്യൻമാർ, 51,000 കാബിൻ ക്രൂ എന്നിവരുൾപ്പെടെ ഏകദേശം 1,41,000 പുതിയ പ്രൊഫഷണലുകളെ വ്യോമയാന വ്യവസായത്തിന് ആവശ്യമായി വരുമെന്നും ബോയിംഗ് പറയുന്നു.
