ഇന്ത്യ സോളാർ മൊഡ്യൂൾ നിർമ്മാണത്തിൽ സ്വയംപര്യാപ്തതയിലേക്ക് നീങ്ങുകയാണെങ്കിലും, പാനലുകൾ നിർമ്മിക്കാനാവശ്യമായ സെല്ലുകൾ, വേഫറുകൾ തുടങ്ങിയ അസംസ്കൃത വസ്തുക്കൾക്കായി ഇപ്പോഴും ചൈനയെ വലിയ തോതിൽ ആശ്രയിക്കുന്നു. മൊഡ്യൂൾ ഇറക്കുമതി കുറഞ്ഞപ്പോൾ സെല്ലുകളുടെ ഇറക്കുമതി കുത്തനെ വർധിച്ചത് ഈ ആശ്രിതത്വത്തിന് അടിവരയിടുന്നു.
കഴിഞ്ഞ പത്ത് വര്‍ഷമായി ഇന്ത്യയിലെ സോളാര്‍ പവര്‍ ഇന്‍സ്റ്റാളേഷനുകള്‍ അതിവേഗമാണ് കുതിക്കുന്നത്. അമേരിക്കയെയും യൂറോപ്യന്‍ യൂണിയനെയും പിന്നിലാക്കി, ചൈനയ്ക്ക് തൊട്ടുപിന്നില്‍ ലോകത്തെ രണ്ടാമത്തെ വലിയ സോളാര്‍ വിപണിയായി ഇന്ത്യ മാറാനൊരുങ്ങുകയാണ്. ഇത് വലിയ പ്രതീക്ഷ നല്‍കുന്ന വാര്‍ത്തയാണെങ്കിലും, സോളാര്‍ ഉല്‍പ്പാദനത്തിന്റെ അടിസ്ഥാന ഘടകങ്ങള്‍ക്കായി ഇന്ത്യ ഇപ്പോഴും വിദേശ രാജ്യങ്ങളെ, പ്രത്യേകിച്ച് ചൈനയെയാണ് ആശ്രയിക്കുന്നത്. 2026 സാമ്പത്തിക വര്‍ഷത്തില്‍ സോളാര്‍ മൊഡ്യൂളുകളുടെ ഇറക്കുമതിയില്‍ 70% ഇടിവ് രേഖപ്പെടുത്തിയത് ഇന്ത്യയുടെ സ്വയംപര്യാപ്തതയിലേക്കുള്ള വലിയൊരു ചുവടുവെപ്പാണ്.
ഫോസില്‍ ഇന്ധനങ്ങളുടെ ഇറക്കുമതി വെട്ടിക്കുറയ്ക്കാനും, 2070-ഓടെ സീറോ കാര്‍ബണ്‍ എന്ന ലക്ഷ്യത്തിലെത്താനും സോളാര്‍ രംഗത്തെ ഈ വളര്‍ച്ച ഇന്ത്യയ്ക്ക് അത്യന്താപേക്ഷിതമാണ്. എന്നാല്‍ സോളാര്‍ പാനലുകള്‍ നിര്‍മ്മിക്കാനാവശ്യമായ സെല്ലുകള്‍, വേഫറുകള്‍, പോളിസിലിക്കണ്‍, ഇന്‍വെര്‍ട്ടറുകള്‍ തുടങ്ങിയവയ്ക്കായി ഇന്ത്യ ഇപ്പോഴും ചൈനയെ വലിയ തോതില്‍ ആശ്രയിക്കുന്നുണ്ട്. ഇന്തോനേഷ്യ, എത്യോപ്യ, തായ്ലന്‍ഡ്, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഇവ കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പ്രതിസന്ധി പൂര്‍ണമായും മാറിയിട്ടില്ല.
കൂടിയത് സെല്ലുകളുടെ ഇറക്കുമതി
പൂര്‍ത്തിയായ സോളാര്‍ മൊഡ്യൂളുകളെക്കാള്‍, അത് നിര്‍മ്മിക്കാനുള്ള അസംസ്‌കൃത വസ്തുക്കളുടെ ഇറക്കുമതിയാണ് ഇപ്പോള്‍ ഇന്ത്യയില്‍ കൂടുതലായി നടക്കുന്നത്. വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ ഇതിന് അടിവരയിടുന്നു:
മൊത്തം ഇറക്കുമതി: 2026 സാമ്പത്തിക വര്‍ഷത്തില്‍ സോളാര്‍ സെല്ലുകളുടെയും മൊഡ്യൂളുകളുടെയും മൊത്തം ഇറക്കുമതി 11.8% വര്‍ധിച്ച് 35,968.92 കോടി രൂപയായി.
സെല്ലുകളുടെ കുതിപ്പ്: സോളാര്‍ സെല്ലുകളുടെ ഇറക്കുമതിയില്‍ 95% വര്‍ധനവാണ് ഉണ്ടായത് (13,905.37 കോടിയില്‍ നിന്ന് 27,133.68 കോടിയായി ഉയര്‍ന്നു). എണ്ണത്തില്‍ ഇത് 5.06 ബില്യണില്‍ നിന്ന് 58% വര്‍ധിച്ച് 8.01 ബില്യണ്‍ സെല്ലുകളായി.
മൊഡ്യൂളുകളുടെ കുറവ്: അതേസമയം, പൂര്‍ത്തിയായ മൊഡ്യൂളുകളുടെ ഇറക്കുമതി 51.6% കുറഞ്ഞ് 8,835.24 കോടി രൂപയിലെത്തി. ഡോളര്‍ കണക്കില്‍ ഇത് 2.15 ബില്യണില്‍ നിന്ന് 994.66 ദശലക്ഷം ഡോളറായി കുറഞ്ഞു.
രാജ്യത്ത് സോളാര്‍ മൊഡ്യൂളുകള്‍ (പാനലുകള്‍) കൂട്ടിയോജിപ്പിക്കുന്നുണ്ടെങ്കിലും അതിനുള്ള സെല്ലുകള്‍ പുറത്തുനിന്ന് തന്നെ കൊണ്ടുവരേണ്ട അവസ്ഥയാണിതെന്ന് ഈ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഉല്‍പ്പാദന ശേഷി കൂടുന്നു, ഒപ്പം വെല്ലുവിളികളും
2026-ല്‍ 44.6 ജിഡബ്ല്യു സോളാര്‍ ശേഷി കൂടി കമ്മീഷന്‍ ചെയ്തതോടെ ഇന്ത്യയുടെ ആകെ സോളാര്‍ ഇന്‍സ്റ്റാളേഷന്‍ 150 ജിഡബ്ല്യു കടന്നു. മൊഡ്യൂള്‍ നിര്‍മ്മാണ ശേഷി 2021-ലെ 8.2 ജിബബ്ല്യുവില്‍ നിന്ന് 210 ജിഡബ്ല്യു ആയി ഉയര്‍ന്നിട്ടുണ്ട്. 24,000 കോടി രൂപയുടെ പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് സ്‌കീമും മറ്റ് സര്‍ക്കാര്‍ ആനുകൂല്യങ്ങളുമാണ് ഈ വമ്പന്‍ വളര്‍ച്ചയ്ക്ക് കാരണം.എന്നാല്‍ സോളാര്‍ സെല്ലുകളുടെ ഉല്‍പ്പാദനമാണ് നിലവിലെ പ്രധാന തടസ്സം. നടപ്പു സാമ്പത്തിക വര്‍ഷം രാജ്യത്തിന് ആവശ്യമായ 60-65 GW സെല്ലുകളുടെ പകുതിയോളം ഇന്ത്യയില്‍ തന്നെ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയും
ചൈനയുടെ ആധിപത്യം
സിലിക്കണ്‍ വേഫറുകളുടെ കാര്യത്തില്‍ ഇന്ത്യയുടെ ഇറക്കുമതി ഇരട്ടിയായിട്ടുണ്ട്. ഇന്ത്യക്കാവശ്യമായ വേഫറുകളുടെ 99 ശതമാനവും നല്‍കുന്നത് ചൈനയാണ്. 2024-ലെ കണക്കനുസരിച്ച് ആഗോളതലത്തില്‍ 93.2% പോളിസിലിക്കണ്‍, 97% വേഫറുകള്‍, 90% സെല്ലുകള്‍, 86.5% മൊഡ്യൂളുകള്‍ എന്നിവ ചൈനയുടെ സംഭാവനയാണ്. 2028-ഓടെ ഇന്ത്യയില്‍ വേഫറുകളുടെ നിര്‍മ്മാണം പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്. ഇന്തോനേഷ്യ (2,186 കോടി രൂപ), എത്യോപ്യ (1,396 കോടി രൂപ) എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യ ഇറക്കുമതി തുടങ്ങിയിട്ടുണ്ടെങ്കിലും, ഈ രാജ്യങ്ങളും ചൈനീസ് യന്ത്രങ്ങളെയും വസ്തുക്കളെയും തന്നെയാണ് ആശ്രയിക്കുന്നത്.
വിലയും സാങ്കേതികവിദ്യയും
ഇന്ത്യയെ അപേക്ഷിച്ച് ചൈനയില്‍ നിര്‍മ്മാണച്ചെലവ് 10% കുറവാണ്. അമേരിക്കയേക്കാള്‍ 20 ശതമാനവും യൂറോപ്പിനേക്കാള്‍ 35 ശതമാനവും കുറവാണിത്.ആഗോളതലത്തില്‍ സോളാര്‍ മൊഡ്യൂളുകളുടെ വില വാട്ടിന് 0.10 ഡോളറിലും താഴെയാണെങ്കില്‍, 2025-ന്റെ തുടക്കത്തില്‍ ഇന്ത്യയിലെ വില ഏകദേശം 15.39 രൂപയാണ്.ഗവേഷണ രംഗത്ത് വലിയ പിന്നാക്കാവസ്ഥയാണ് ഇന്ത്യയിലുള്ളത്. ഇന്ത്യന്‍ കമ്പനികള്‍ തങ്ങളുടെ വരുമാനത്തിന്റെ 0.1% മാത്രമാണ് ഗവേഷണത്തിനായി മാറ്റിവെക്കുന്നത്. എന്നാല്‍ ചൈനീസ് കമ്പനികള്‍ 2 മുതല്‍ 6 ശതമാനം വരെ ഇതിനായി ചെലവാക്കുന്നു. 2014 മുതല്‍ സോളാര്‍ ഗവേഷണത്തിനായി ഇന്ത്യ മുടക്കിയത് വെറും 13 മില്യണ്‍ ഡോളര്‍ മാത്രമാണ്.ഇന്ത്യ സോളാര്‍ മൊഡ്യൂള്‍ നിര്‍മ്മാണത്തില്‍ സ്വയംപര്യാപ്തത കൈവരിച്ചുവെങ്കിലും സാങ്കേതികവിദ്യയിലും മറ്റ് അടിസ്ഥാന ഘടകങ്ങളുടെ നിര്‍മ്മാണത്തിലും ഇനിയും ഒരുപാട് മുന്നോട്ട് പോകാനുണ്ട്.


