വളരെ ചെറിയ മുതല്‍ മുടക്കില്‍ തുടങ്ങാവുന്ന ബിസിനസ് ഐഡിയകളും നമ്മുടെ നാട്ടിലുണ്ട്. അവയില്‍ കേരളത്തിലെ അന്തരീക്ഷത്തില്‍ ചെയ്യാന്‍ പറ്റിയ ചിലത് നോക്കാം.

സ്വന്തമായി ഒരു ബിസിനസ് നടത്തുക എന്നുള്ളത് മിക്കവരുടെയും വലിയ സ്വപ്നമാണ്. എല്ലാക്കാലത്തും നിലനില്‍പ്പുള്ള ഒരു ബിസിനസുണ്ടെങ്കിലേ സുരക്ഷിതമായ ഒരു ജീവിതം മുന്നോട്ടു കൊണ്ടു പോകാനാകൂ എന്ന് അനുഭവമുള്ളവരുണ്ടാകും. അല്ലേ? പ്രത്യേകിച്ച് കൊവിഡിന് ശേഷം രാജ്യത്ത് പല ബിസിനസുകളും തകര്‍ന്ന് തരിപ്പണമാകുകയും എന്നാല്‍ പ്രതീക്ഷിക്കാത്ത പല ബിസിനസുകളും വലിയ വിജയം കൈവരിക്കുകയും ചെയ്തു. ലേ ഓഫുകളുടെ കാലത്ത് പലരും വളരെ ചെറിയ മുതല്‍മുടക്കില്‍ തുടങ്ങിയ സംരംഭങ്ങൾ വിജയിച്ച കഥകളും നമ്മള്‍ കേട്ടിട്ടുണ്ട്.

ബിസിനസ് എന്നു കേള്‍ക്കുമ്പോഴേ പണത്തിന് എന്തു ചെയ്യുമെന്ന് ദീര്‍ഘനിശ്വാസം വിടാന്‍ വരട്ടെ. വളരെ ചെറിയ മുതല്‍ മുടക്കില്‍ തുടങ്ങാവുന്ന ബിസിനസ് ഐഡിയകളും നമ്മുടെ നാട്ടിലുണ്ട്. അവയില്‍ കേരളത്തിലെ അന്തരീക്ഷത്തില്‍ ചെയ്യാന്‍ പറ്റിയ ചിലത് നോക്കാം.

ഹാന്റ്മെയ്ഡ് ഉല്‍പന്നങ്ങള്‍

കേരളത്തില്‍ വളരെയധികം പ്രചാരത്തിലുള്ള ഒരു രീതിയാണിത്. ആഭരണങ്ങളോ കര കൗശലോ വസ്തുക്കളോ, അല്ലെങ്കില്‍ കസ്റ്റമൈസ് ചെയ്തു നല്‍കുന്ന കീ ചെയിനുകള്‍ക്കും ഗ്രീറ്റിങ് കാര്‍ഡുകള്‍ക്കും വരെ ഡിമാന്റുണ്ട്. റെസിന്‍ പ്രിസര്‍വേഷന്‍, ഹാന്റ് മെയ്ഡ് സോപ്പുകള്‍, ലോക്കറ്റുകള്‍, തുടങ്ങീ സാധ്യതകളുടെ ലിസ്റ്റ് ഇങ്ങനെ നീളും. നിങ്ങളുടെ പ്രാഗത്ഭ്യവും ഐഡിയയും അനുസരിച്ചുള്ള ഒരു ബിസിനസ് എടുക്കാം. വളരെ ചെറിയ മുതല്‍ മുടക്കില്‍ തുടങ്ങി, സോഷ്യല്‍ മീഡിയയിലൂടെയും മറ്റു വഴികളിലൂടെയും വില്‍പന നടത്താം. പ്രചരണത്തിനും അനുയോജ്യമായ മാര്‍ഗങ്ങള്‍ തിരഞ്ഞെടുക്കാം. 

ഫ്രാഞ്ചൈസികള്‍

താരതമ്യേന വലിയ റിസ്ക് ഇല്ലാത്ത ഒരു ബിസിനസ് മാര്‍ഗമാണിത്. നേരത്തെ പ്രചാരത്തിലുള്ള കമ്പനികളുടെ ശാഖകള്‍ ഏറ്റെടുത്ത് നടത്തുകയാണ് ഇവിടെ ചെയ്യുന്നത്. മില്‍മ, അമുല്‍, പെനി തുടങ്ങിയ ഒട്ടേറെ ഫ്രാഞ്ചൈസികള്‍ നിത്യേന നമ്മള്‍ കാണുന്നതാണ്. പക്ഷെ തെരഞ്ഞെടുക്കുന്ന ബ്രാന്റിന് അനുയോജ്യമായ ഷോപ്പുകള്‍ കണ്ടെത്തുക എന്നുള്ളത് വളരെ പ്രധാനമാണ്. ഒരു മിഡ്- റേഞ്ച് ബിസിനസുകാരനാകാന്‍ സാമ്പത്തികവും താല്‍പര്യമുള്ളവര്‍ക്ക് ഫ്രാഞ്ചൈസികള്‍ നല്ലൊരു ഓപ്ഷനാണ്. 

ഭക്ഷണ സാധനങ്ങള്‍, കാറ്ററിംഗ്

കാറ്ററിംഗ് അല്ലെങ്കില്‍ പായ്ക്കറ്റ് ഭക്ഷണ സാധനങ്ങള്‍ ഒരു ബിസിനസ് മാര്‍ഗമായി തെരഞ്ഞെടുക്കാവുന്നതാണ്. എഫ് എസ് എസ് എ ഐയുടേതുൾപ്പെടെ സർട്ടിഫിക്കറ്റുകൾ ഇതിനായി എടുക്കേണ്ടി വരും. ഒരു ടീം ഉണ്ടാക്കി ഭക്ഷണം പരിപാടികൾക്കുൾപ്പെടെ വിതരണം ചെയ്യാം. അതല്ലെങ്കിൽ അച്ചാറുകൾ, ചെറുകടികൾ, ദീർഘകാലം ഇരിക്കുന്ന ചമ്മന്തിപ്പൊടി പോലെയുള്ളവ പാക്ക് ചെയ്ത് വിപണിയിൽ എത്തിക്കുകയോ സ്വയമേവ മാർക്കറ്റ് ചെയ്യുകയോ ചെയ്യാം. മികച്ച ഒരു ടീം ഉണ്ടെങ്കിൽ ഇത് രണ്ടും ഒരുമിച്ചും കൊണ്ട് പോകാം. 

ടീ ഷർട്ട് പ്രിന്റിങ് യൂണിറ്റുകൾ

കേരളത്തിൽ പ്രായഭേദമോ ലിം​ഗഭേദമോ ഇല്ലാതെ എല്ലാവരും അണിഞ്ഞു വരുന്ന ഒന്നാണ് ടീ ഷർട്ടുകൾ. ഓണത്തിന് വരെ ഇന്ന് പലരും വെള്ള മുണ്ടിനൊപ്പം ടീ ഷർട്ട് പെയർ ചെയ്ത് കാണാറുണ്ട്. ഇവിടെത്തന്നെയാണ് ബിസിനസ് സാധ്യതയുമിരിക്കുന്നത്. കാലാനുസൃതമായോ, കസ്റ്റമൈസ് ചെയ്തോ, പുതിയ ഐഡിയകളിലോ ഒക്കെ ​ഗുണനിലവാരമുള്ള പ്രിന്റഡ് ടീ ഷർട്ട് മാർക്കറ്റിൽ പൊതുവേ കുറഞ്ഞ വിലയ്ക്ക് എത്തിക്കാനായാൽ അനന്ത സാധ്യതകളുണ്ട്. പതിയെ ബ്രാന്റ് എന്ന നിലക്ക് ക്ലിക്ക് ആയാൽ എക്സ്പോർട്ട് ചെയ്യാനും കഴിയും. 

ഇൻസ്റ്റന്റ് ടീ ബാ​ഗ് 

മലയാളികൾക്ക് ഏറ്റവും ഇഷ്ടമുള്ള പാനീയമാണ് ചായ. എവിടെയിരുന്നും പെട്ടെന്ന് ചായ കുടിക്കാൻ തോന്നുമ്പോൾ ചൂടുവെള്ളവും പഞ്ചസാരയും ടീ ബാ​ഗുമുണ്ടെങ്കിൽ എളുപ്പമാണ്. ഇപ്പോൾ മിക്ക സ്ഥലങ്ങളിലും ടീ ബാ​ഗുകൾ ഉപയോ​ഗിച്ച് അവനവന്റെ കടുപ്പത്തിന് അനുസരിച്ച് ചായ ഉണ്ടാക്കുന്ന സംസ്കാരം വളർന്നു വരുന്നുമുണ്ട്. ഇതൊരു സാധ്യതയായി ഉപയോ​ഗിക്കാവുന്നതാണ്. 

യോ​ഗ സെന്റർ, ഫിസിയോ തെറാപ്പി

മലയാളികൾ തങ്ങളുടെ ആരോ​ഗ്യത്തിൽ വളരെ ബോധവാന്മാരായി വരുന്ന കാലമാണിത്. ഒരു ജിം തുടങ്ങാൻ വലിയ ചെലവ് വേണ്ടതായി വരും. എന്നാൽ യോ​ഗ സെന്റർ തുടങ്ങാൻ താരതമ്യേന വളരെ കുറഞ്ഞ ചെലവ് മതി. ഇത് കൂടാതെ ഫിസിയോ തെറാപ്പിയിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ ഒക്കെ ഉള്ളവർക്ക് കൃത്യമായി തെരഞ്ഞെടുത്ത ലൊക്കേഷനിൽ ഫിസിയോ തെറാപ്പി സെന്ററുകളെക്കുറിച്ച് ആലോചിക്കാവുന്നതാണ്. 

ഡേ കെയർ

അമ്മയും അച്ഛനും ഉൾപ്പെടെ ജോലിക്ക് പോകുന്ന വീടുകളിൽ ജോലി സമയത്ത് അവരുടെ ചെറിയ കുട്ടികളെ എവിടെ നിർത്തും എന്ന ആലോചനയിലാണ് ഡേ കെയർ എന്ന ആശയം വരുന്നത്. നിലവിൽ കേരളത്തിലെ ന​ഗരങ്ങളിലെല്ലാം ഡേ കെയർ സെന്ററുകൾ പ്രവർത്തിച്ചു വരുന്നുണ്ട്. ന​ഗരങ്ങളിൽ താമസിക്കുന്ന ആളുകളാണ് നിങ്ങളെങ്കിൽ, കുട്ടികളോടൊപ്പം സമയം ചെലവഴിക്കാൻ ഇഷ്ടപ്പെടുന്ന ആളുകളാണ് നിങ്ങളെങ്കിൽ ഈ മാർ​ഗം ആലോചിക്കാവുന്നതാണ്. 

ഇനിയും ഒരുപാട് ഐഡിയകൾ ഉണ്ട്. നിങ്ങൾക്ക് ഏതാണ് താൽപര്യം, ഏതിൽ ശോഭിക്കാനാകും എന്നൊക്കെ നോക്കി മാത്രം സംരംഭം തുടങ്ങുന്നതിനെക്കുറിച്ച് ആലോചിക്കുക. എപ്പോഴും മാര്‍ക്കറ്റ് തിരിച്ചറിഞ്ഞ് ബിസിനസ് ചെയ്യുക എന്നുള്ളതാണ് പ്രധാനപ്പെട്ട കാര്യം. ഉറപ്പായും പുതിയ ഒരു സംരംഭം തുടങ്ങുമ്പോൾ റിസ്കുകൾ ഉണ്ടാകും. അത് മാനേജ് ചെയ്യാനുള്ള മനക്കരുത്ത് നേടിയെടുക്കണം. വിദഗ്ദാഭിപ്രായങ്ങൾ തേടുന്നതിൽ ഒരു തരത്തിലും മടി കാണിക്കാതിരിക്കുക. സാമ്പത്തിക കാര്യങ്ങള്‍ എപ്പോഴും ശ്രദ്ധയോടെ, സൂക്ഷ്മതയോടെ കൈകാര്യം ചെയ്യാം.

ബാങ്കുകൾ പലിശ കുറയ്ക്കുന്നതിന് മുൻപ് നിക്ഷേപിക്കാം; ഫിക്സഡ് ഡെപ്പോസിറ്റ് ചെയ്യുന്നവർ അറിയേണ്ടത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...