പേടിഎം, ഗൂഗിള്‍ പേ, ഫോണ്‍പേ തുടങ്ങിയ ആപ്പുകള്‍ വഴിയും എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ്, മോത്തിലാല്‍ ഓസ്വാള്‍ പോലുള്ള ബ്രോക്കര്‍മാര്‍ വഴിയും ഡിജിറ്റല്‍ ഗോള്‍ഡ് വാങ്ങാം.

യ്യില്‍ വെക്കാതെ തന്നെ സ്വര്‍ണം വാങ്ങാനും വില്‍ക്കാനുമുള്ള വഴിയാണ് 'ഡിജിറ്റല്‍ ഗോള്‍ഡ്'. നമ്മള്‍ വാങ്ങുന്ന സ്വര്‍ണത്തിന് തുല്യമായ അളവിലുള്ള യഥാര്‍ത്ഥ സ്വര്‍ണം വില്‍ക്കുന്ന സ്ഥാപനം തന്നെ സൂക്ഷിക്കുന്നതാണ് ഇതിന്റെ രീതി. സ്വര്‍ണാഭരണങ്ങള്‍ വാങ്ങുമ്പോള്‍ അതിന്റെ ശുദ്ധിയെക്കുറിച്ചുള്ള ആശങ്ക, വീട്ടില്‍ സൂക്ഷിക്കുമ്പോഴുള്ള സുരക്ഷാ പ്രശ്നങ്ങള്‍, പണിക്കൂലി എന്നിവയെല്ലാം ഒഴിവാക്കാനുള്ള ഒരു വഴിയാണ് ഡിജിറ്റല്‍ ഗോള്‍ഡ്. അതായത്, ആഭരണക്കടകളില്‍ പോകാതെ മൊബൈല്‍ ആപ്പുകള്‍ വഴി നിക്ഷേപം നടത്താം. പണം നല്‍കുന്നതിന് തുല്യമായ സ്വര്‍ണത്തിന്റെ മൂല്യം ലഭിക്കും, സ്വര്‍ണം നേരിട്ട് കൈകാര്യം ചെയ്യേണ്ടിവരുന്നില്ലെന്ന് മാത്രം.

പേടിഎം, ഗൂഗിള്‍ പേ, ഫോണ്‍പേ തുടങ്ങിയ ആപ്പുകള്‍ വഴിയും എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ്, മോത്തിലാല്‍ ഓസ്വാള്‍ പോലുള്ള ബ്രോക്കര്‍മാര്‍ വഴിയും ഡിജിറ്റല്‍ ഗോള്‍ഡ് വാങ്ങാം. ഓഗ്മോണ്ട് ഗോള്‍ഡ് ലിമിറ്റഡ് , എംഎംടിസി-പിഎഎംപി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് , ഡിജിറ്റല്‍ ഗോള്‍ഡ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നീ മൂന്ന് കമ്പനികളാണ് ഡിജിറ്റല്‍ ഗോള്‍ഡ് നല്‍കുന്നത്. ആപ്പുകള്‍ വഴി സ്വര്‍ണം വാങ്ങുമ്പോള്‍, ഈ കമ്പനികള്‍ അത്രയും തുകയുടെ യഥാര്‍ത്ഥ സ്വര്‍ണം വാങ്ങി, നിക്ഷേപകരുടെ പേരില്‍ സൂക്ഷിക്കുന്നു.

വാങ്ങാനും വില്‍ക്കാനുമുള്ള എളുപ്പവഴികള്‍:

  • തുക തിരഞ്ഞെടുക്കുക: നിലവിലെ സ്വര്‍ണവില അനുസരിച്ച് എത്ര രൂപയ്ക്കുള്ള സ്വര്‍ണം അല്ലെങ്കില്‍ എത്ര ഗ്രാം സ്വര്‍ണം വാങ്ങണമെന്ന് തീരുമാനിക്കുക.
  • പണം അടയ്ക്കുക: കെവൈസി പൂര്‍ത്തിയാക്കിയ ശേഷം ബാങ്ക് അക്കൗണ്ട്, കാര്‍ഡ്, അല്ലെങ്കില്‍ വാലറ്റ് വഴി പണം അടയ്ക്കുക.
  • സ്വര്‍ണം സുരക്ഷിതം: നിങ്ങളുടെ ഡിജിറ്റല്‍ അക്കൗണ്ടില്‍ ഉടന്‍ തന്നെ സ്വര്‍ണത്തിന്റെ അളവ് രേഖപ്പെടുത്തും.
  • എപ്പോള്‍ വേണമെങ്കിലും വില്‍ക്കാം: നിങ്ങള്‍ വാങ്ങിയ അതേ പ്ലാറ്റ്ഫോമില്‍ എപ്പോള്‍ വേണമെങ്കിലും സ്വര്‍ണം വില്‍ക്കാം. വേണമെങ്കില്‍ നാണയങ്ങളായോ ബിസ്‌കറ്റ് രൂപത്തിലോ സ്വര്‍ണം വീട്ടിലെത്തിക്കാന്‍ ആവശ്യപ്പെടാം. ഇതിന് ഡെലിവറി ചാര്‍ജുകള്‍ നല്‍കേണ്ടി വരും.

പ്രധാന നേട്ടങ്ങള്‍:

  • വീട്ടിലെത്തും: ആവശ്യപ്പെട്ടാല്‍ യഥാര്‍ത്ഥ സ്വര്‍ണം വീട്ടില്‍ എത്തിച്ചുനല്‍കും.
  • കുറഞ്ഞ നിക്ഷേപം: വെറും ഒരു രൂപയ്ക്ക് പോലും നിക്ഷേപം തുടങ്ങാം.
  • ഈട്: ഓണ്‍ലൈന്‍ വായ്പകള്‍ക്ക് ഈടായി ഉപയോഗിക്കാം.
  • വിശ്വാസ്യത: 24 കാരറ്റ് ശുദ്ധിയുള്ള സ്വര്‍ണം, 100% ഇന്‍ഷുര്‍ ചെയ്തിരിക്കുന്നു.
  • മാറ്റിയെടുക്കാം: ആഭരണമായോ നാണയമായോ മാറ്റിയെടുക്കാം.

പോരായ്മകള്‍:

  • നിക്ഷേപ പരിധി: മിക്ക പ്ലാറ്റ്ഫോമുകളിലും 2 ലക്ഷം രൂപ വരെ മാത്രമേ നിക്ഷേപം നടത്താന്‍ സാധിക്കൂ.
  • നിയന്ത്രണമില്ല: റിസര്‍വ് ബാങ്കോ സെബിയോ ഡിജിറ്റല്‍ ഗോള്‍ഡിനെ നേരിട്ട് നിയന്ത്രിക്കുന്നില്ല.
  • അധിക ചാര്‍ജുകള്‍: ഡെലിവറി ചാര്‍ജ്, പണിക്കൂലി പോലുള്ള ചില അധിക ചെലവുകള്‍ വരാം.
  • പരിമിത കാലയളവ്: ചില കമ്പനികള്‍ നിശ്ചിത സമയത്തേക്ക് മാത്രമേ സ്വര്‍ണം സൂക്ഷിക്കുകയുള്ളൂ. അതിനുശേഷം വില്‍ക്കുകയോ കൈപ്പറ്റുകയോ ചെയ്യണം.

നികുതി വിവരങ്ങള്‍

  • യഥാര്‍ത്ഥ സ്വര്‍ണം

ഇരുപത്തിനാല് മാസം വരെയാണ്‌കൈവശം വെച്ചതെങ്കില്‍, അതില്‍ നിന്നുള്ള ലാഭത്തിന് നിങ്ങളുടെ വരുമാന സ്ലാബ് നിരക്കില്‍ നികുതി നല്‍കേണ്ടിവരും. എന്നാല്‍, ഇരുപത്തിനാല് മാസത്തില്‍ കൂടുതല്‍ കൈവശം വെച്ച സ്വര്‍ണം വില്‍ക്കുമ്പോള്‍, 12.5% ഫ്‌ലാറ്റ് നിരക്കില്‍ ആണ് നികുതി നല്‍കേണ്ടത്. ഇതിന് ഇന്‍ഡെക്‌സേഷന്‍ ആനുകൂല്യം ലഭിക്കുകയില്ല.

  • ഡിജിറ്റല്‍ ഗോള്‍ഡ്, ഗോള്‍ഡ് ഇടിഎഫുകള്‍/മ്യൂച്വല്‍ ഫണ്ടുകള്‍:

പന്ത്രണ്ട് മാസം വരെയാണ് ഇവ കൈവശം വെക്കുന്നതെങ്കില്‍, ലാഭത്തിന് വരുമാന സ്ലാബ് നിരക്കില്‍ നികുതി നല്‍കണം. പന്ത്രണ്ട് മാസത്തില്‍ കൂടുതല്‍ കൈവശം വെച്ച ശേഷം വില്‍ക്കുകയാണെങ്കില്‍, 12.5% ഫ്‌ലാറ്റ് നിരക്കില്‍ നികുതി ബാധകമാകും. ഇതിനും ഇന്‍ഡെക്‌സേഷന്‍ ആനുകൂല്യം ലഭിക്കുകയില്ല.

  • സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍

ഈ ബോണ്ടുകള്‍ കാലാവധി വരെ സൂക്ഷിച്ച ശേഷം വില്‍ക്കുകയാണെങ്കില്‍ നികുതി നല്‍കേണ്ടതില്ല. എന്നാല്‍, കാലാവധിക്ക് മുമ്പ് വില്‍ക്കുകയാണെങ്കില്‍ 12.5% നികുതി നല്‍കേണ്ടി വരും.