ബെംഗളൂരു ആസ്ഥാനമായാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. കണ്ണൂര്‍ സ്വദേശിയായ ബൈജു രവീന്ദ്രനാണ് കമ്പനിയുടെ സ്ഥാപകന്‍. ബൈജുവിന് 36 ശതമാനം ഓഹരിയാണ് കമ്പനിയിലുളളത്

കൊച്ചി: ഇന്‍റര്‍നെറ്റ് അധിഷ്ഠിത കമ്പനിയായ ജനറല്‍ അത്‍ലാന്‍റിക്കില്‍ നിന്ന് 2.5 കോടി ഡോളറിന്‍റെ നിക്ഷേപം ലഭിച്ചതോടെ ബൈജൂസ് ലേണിംഗ് ആപ്പിന്‍റെ മൂല്യം 37,000 കോടി രൂപയായി ഉയര്‍ന്നു. ഇതോടെ ഫ്ലിപ്കാര്‍ട്ടിനും പേടിഎമ്മിനും ഒലയ്ക്കും പിന്നില്‍ രാജ്യത്തെ ഏറ്റവും മൂല്യമുളള നാലാമത്തെ സ്വകാര്യ ഇന്‍റര്‍നെറ്റ് അധിഷ്ഠിത കമ്പനിയായി ബൈജൂസ് ലേണിംഗ് ആപ്പ് മാറി. 

ബെംഗളൂരു ആസ്ഥാനമായാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. കണ്ണൂര്‍ സ്വദേശിയായ ബൈജു രവീന്ദ്രനാണ് കമ്പനിയുടെ സ്ഥാപകന്‍. ബൈജുവിന് 36 ശതമാനം ഓഹരിയാണ് കമ്പനിയിലുളളത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി 100 ശതമാനം വളര്‍ച്ചയാണ് നേടിയെടുത്തതെന്ന് കമ്പനി അവകാശപ്പെടുന്നു. 

കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ വിദ്യാഭ്യാസ ഗെയിമുകള്‍ നിര്‍മിക്കുന്ന യുഎസ് കമ്പനിയായ ഓസ്മോയെ ബൈജൂസ് ഏറ്റെടുത്തിരുന്നു. യുഎസ്, ബ്രിട്ടണ്‍ തുടങ്ങിയ വിപണികളിലേക്ക് പ്രവേശിക്കാന്‍ അഞ്ച് മുതല്‍ 10 കോടി ഡോളര്‍ വരെ നിക്ഷേപം നടത്താനും കമ്പനിക്ക് പദ്ധതിയുണ്ട്.