രക്ഷകര്‍ത്താക്കള്‍ പരസ്പരം പറഞ്ഞു, അധ്യാപകര്‍ ശുപാര്‍ശ ചെയ്തു, വിദ്യാര്‍ഥികള്‍ പങ്കുവെച്ചു. അതായിരുന്നു ബൈജൂസിന്റെ വളര്‍ച്ചാ രഹസ്യം. ചെലവില്ലാത്ത, എന്നാല്‍ ഉറച്ച ഈ വളര്‍ച്ച സാവധാനമായിരുന്നു.

ന്ത്യന്‍ എജ്യൂടെക് ലോകത്തെ ഞെട്ടിച്ച വീഴ്ചയാണ് ബൈജൂസിന്റേത്. 22,000 കോടി രൂപയിലേക്ക് കുതിച്ചുയര്‍ന്ന ഈ സ്ഥാപനം എങ്ങനെ തകര്‍ന്നടിഞ്ഞു എന്ന ചോദ്യത്തിന് ഉത്തരം തേടുമ്പോള്‍, അതിന്റെ തുടക്കം വെറും 50 രൂപയുടെ ഒരു പരസ്യത്തിലൂടെയായിരുന്നുവെന്ന് വ്യക്തമാവുകയാണ്. വര്‍ഷങ്ങള്‍ക്കുമുമ്പ്, 2015-ല്‍, ബൈജൂസിന് വലിയ പരസ്യങ്ങളുടെയോ സിനിമാ താരങ്ങളുടെയോ ആവശ്യമില്ലായിരുന്നു. നല്ല വിദ്യാഭ്യാസം നല്‍കിയതിലൂടെ കുട്ടികളുടെ ഫലം മെച്ചപ്പെട്ടു. രക്ഷകര്‍ത്താക്കള്‍ പരസ്പരം പറഞ്ഞു, അധ്യാപകര്‍ ശുപാര്‍ശ ചെയ്തു, വിദ്യാര്‍ഥികള്‍ പങ്കുവെച്ചു. അതായിരുന്നു ബൈജൂസിന്റെ വളര്‍ച്ചാ രഹസ്യം. ചെലവില്ലാത്ത, എന്നാല്‍ ഉറച്ച ഈ വളര്‍ച്ച സാവധാനമായിരുന്നു.

ട്വിസ്റ്റ്: 50 രൂപയുടെ 'പരസ്യ' പരീക്ഷണം

എന്നാല്‍, വെറും 50 രൂപ ചെലവിട്ട് നടത്തിയ ഒരു ചെറിയ ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് പരീക്ഷണം, കൂടുതല്‍ കുട്ടികളെ എന്റോള്‍ ചെയ്യാന്‍ സഹായിക്കുമെന്ന് കണ്ടെത്തി. അതൊരു വഴിത്തിരിവായി. ആ പരീക്ഷണം പതിയെപ്പതിയെ ഒരു ഭീമന്‍ പരസ്യ തന്ത്രമായി മാറി, പിന്നീട് 2000 കോടി രൂപയാണ് അവര്‍ പരസ്യത്തിനായി മാത്രം ഒഴുക്കിയത്. ഐ.പി.എല്‍. സ്‌പോണ്‍സര്‍ഷിപ്പുകള്‍, വന്‍ താരങ്ങളുടെ പരസ്യങ്ങള്‍, ടി.വി.യിലെ ആവര്‍ത്തിച്ചുള്ള പരസ്യങ്ങള്‍... . പക്ഷേ, അതിവേഗം വളരാനുള്ള ഈ ശ്രമത്തില്‍, യഥാര്‍ഥ വിശ്വാസത്തിന് പകരം പണം കൊടുത്ത് വാങ്ങിയ പ്രശസ്തിയെ ആണ് അവര്‍ ആശ്രയിച്ചത്.

2018-ല്‍ ഒരു വിദ്യാര്‍ഥിയെ നേടാന്‍ 5,500 രൂപയാണ് ചെലവ് . എന്നാല്‍ കോഴ്സിന്റെ വിലയോ? അത് 25,000-30,000 രൂപയായിരുന്നു. 2021-ല്‍ പരസ്യത്തിനായി ചെലവഴിച്ചത് 2,000 കോടി. ആകെ വരുമാനം 2,280 കോടി രൂപ മാത്രം. ലഭിച്ച 100 രൂപയുടെ വരുമാനത്തില്‍ 88 രൂപയും പരസ്യത്തിനായി ചെലവഴിച്ചു എന്നാണ് ഇതിനര്‍ഥം. മത്സരം കടുത്തതോടെ കോഴ്സ് ഫീസ് കൂട്ടാന്‍ കഴിഞ്ഞില്ല. എന്നാല്‍ ഓരോ പരസ്യത്തിനും ചെലവഴിക്കുന്ന പണം കുതിച്ചുയര്‍ന്നു. ഉല്‍പന്നത്തിന്റെ ഗുണമേന്മയെ ആശ്രയിക്കുന്നതിന് പകരം പരസ്യം മാത്രം വളര്‍ച്ചയുടെ അടിസ്ഥാനമായി മാറി. പണം മുടക്കിയുള്ള കാമ്പയിനുകള്‍ പുതിയ ആളുകളെ ആകര്‍ഷിച്ചു. വരുമാനം ശക്തമായി തോന്നി. കമ്പനിയുടെ മൂല്യം 22,000 കോടി വരെ ഉയര്‍ന്നു. നിക്ഷേപകര്‍ക്കും സന്തോഷമായി. എന്നാല്‍, ഫണ്ടിങ് കുറഞ്ഞപ്പോള്‍ ഈ ഉയര്‍ന്ന പരസ്യച്ചെലവ് നിലനിര്‍ത്താന്‍ കമ്പനിക്ക് കഴിഞ്ഞില്ല. പണം ചെലവഴിക്കാതെ പുതിയ കുട്ടികളെ നേടാന്‍ അവര്‍ക്കായില്ല. വിശ്വാസത്തിലൂടെ അവര്‍ പടുത്തുയര്‍ത്തിയ അടിത്തറ അപ്പോഴേക്കും ഇല്ലാതായിരുന്നു. വിദ്യാഭ്യാസ സ്ഥാപനം എന്ന ചിന്തയില്‍ നിന്ന് മാറി 'മൂല്യം വര്‍ധിപ്പിക്കുന്ന കമ്പനി' എന്ന ചിന്താഗതിയിലേക്ക് മാറിയതാണ് തകര്‍ച്ചയുടെ പ്രധാന കാരണം എന്നാണ് ഈ മേഖലയിലെ ഒരു വിദഗ്ധന്‍ അഭിപ്രായപ്പെട്ടത്. വിദ്യാര്‍ഥികളെ നിലനിര്‍ത്തുന്നതിനേക്കാള്‍, നിക്ഷേപകരെ ആവേശം കൊള്ളിക്കുന്നതിനുള്ള കണക്കുകള്‍ക്ക് വേണ്ടി കാര്യങ്ങള്‍ ചെയ്യാന്‍ തുടങ്ങിയതോടെ കാര്യങ്ങള്‍ കൈവിട്ടു.

പാഠങ്ങള്‍, ഓര്‍ക്കാന്‍:

ലാഭം ഉറപ്പാക്കുക: ഒരു ഉപഭോക്താവിനെ നേടാന്‍ ചെലവഴിക്കുന്ന പണം ആ ഉപഭോക്താവില്‍ നിന്ന് ലഭിക്കുന്ന മൊത്തം വരുമാനത്തിന് തുല്യമാവുകയോ അതിനോടടുക്കുകയോ ചെയ്യുമ്പോള്‍, നിങ്ങള്‍ വളരുകയല്ലെന്ന് ഓര്‍ക്കുക.

വലിയ മൂല്യം മാത്രം പോരാ: നിക്ഷേപകരുടെ കൈയടി ബിസിനസിനെ വളര്‍ത്തുന്നില്ല. ഉപയോക്താക്കളെ നിലനിര്‍ത്തുന്നതാണ് ശരിയായ വിജയം

വിദ്യാഭ്യാസത്തിന്റെ യഥാര്‍ഥ മൂല്യത്തിലൂടെ വളര്‍ന്ന ഒരു കമ്പനി, കണ്ണഞ്ചിപ്പിക്കുന്ന വളര്‍ച്ചയുടെ പുറംമോടിയില്‍ വീണുപോയതിന്റെ മികച്ച ഉദാഹരണമാണ് ബൈജൂസ്. എളുപ്പവഴിയിലെ വളര്‍ച്ച വാഗ്ദാനം ചെയ്ത 50 രൂപയുടെ പരീക്ഷണം, ഇന്ത്യന്‍ എജ്യൂടെക് ചരിത്രത്തിലെ ഏറ്റവും വലിയ പാഠമായി ഇന്ന് മാറുകയാണ്.