ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് കാര്‍ വാങ്ങാന്‍ സാധിക്കുമോ എന്ന സംശയം പലര്‍ക്കുമുണ്ട്. ക്രെഡിറ്റ് ലിമിറ്റും ഡീലര്‍ഷിപ്പിന്റെ നയങ്ങളും അറിയാം

പുതിയൊരു വാഹനം വാങ്ങാന്‍ പലപ്പോഴും നമ്മള്‍ ബാങ്ക് ലോണിനെയാണ് ആശ്രയിക്കാറ്. എന്നാല്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് കാര്‍ വാങ്ങാന്‍ സാധിക്കുമോ എന്ന സംശയം പലര്‍ക്കുമുണ്ട്. ക്രെഡിറ്റ് ലിമിറ്റും ഡീലര്‍ഷിപ്പിന്റെ നയങ്ങളും അനുസരിച്ച്, ഒരു കാര്‍ പൂര്‍ണ്ണമായോ ഭാഗികമായോ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വാങ്ങാന്‍ സാധിക്കും. ക്രെഡിറ്റ് കാര്‍ഡ് വഴി പണമടയ്ക്കുന്നത് എളുപ്പമാണെങ്കിലും, ഇതിന്റെ സാമ്പത്തിക വശങ്ങള്‍ അറിഞ്ഞിരിക്കുന്നത് പ്രധാനമാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

ഉയര്‍ന്ന പലിശ നിരക്ക്: അടയ്ക്കേണ്ട തുക കൃത്യസമയത്ത് അടച്ചില്ലെങ്കില്‍, ക്രെഡിറ്റ് കാര്‍ഡിന് പ്രതിമാസം 3.35% വരെ പലിശ വരും. ഇത് കാര്‍ ലോണിന്റെ വാര്‍ഷിക പലിശയായ 9-10% നെക്കാള്‍ വളരെ കൂടുതലാണ്. അതുകൊണ്ട്, ക്രെഡിറ്റ് കാര്‍ഡ് ബില്‍ കൃത്യമായി അടയ്ക്കാന്‍ കഴിയുമെങ്കില്‍ മാത്രം ഈ രീതി പരിഗണിക്കുക.

ഡീലര്‍ സര്‍ചാര്‍ജ്: ചില ഡീലര്‍മാര്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണമടയ്ക്കുമ്പോള്‍ 2-3% അധിക ചാര്‍ജ് (സര്‍ചാര്‍ജ്) ഈടാക്കാറുണ്ട്.

ക്രെഡിറ്റ് സ്‌കോര്‍: പേയ്‌മെന്റ് മുടങ്ങിയാലോ ക്രെഡിറ്റ് ലിമിറ്റ് കവിഞ്ഞാലോ ക്രെഡിറ്റ് സ്‌കോറിനെ അത് ദോഷകരമായി ബാധിക്കും.

എല്ലാ ഡീലര്‍മാരും സ്വീകരിക്കില്ല: എല്ലാ ഡീലര്‍മാരും മുഴുവന്‍ തുകയും ക്രെഡിറ്റ് കാര്‍ഡ് വഴി സ്വീകരിക്കില്ല. അതിനാല്‍, പണമടയ്ക്കുന്നതിന് മുമ്പ് ഡീലറുമായി സംസാരിച്ച് ഉറപ്പുവരുത്തുക.

ഉയര്‍ന്ന ക്രെഡിറ്റ് ഉപയോഗം: വലിയ തുക ക്രെഡിറ്റ് കാര്‍ഡ് വഴി ഉപയോഗിക്കുമ്പോള്‍ ക്രെഡിറ്റ് യൂട്ടിലൈസേഷന്‍ (ഉപയോഗം) ഉയരാന്‍ സാധ്യതയുണ്ട്. ഇത് ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കാം.

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് കാര്‍ വാങ്ങുന്നതിന്റെ ഗുണങ്ങള്‍:

റിവാര്‍ഡുകള്‍: ആക്‌സിസ് മാഗ്‌നസ്, എച്ച്ഡിഎഫ്‌സി ഇന്‍ഫിനിയ, എസ്ബിഐ എലൈറ്റ് പോലുള്ള പ്രീമിയം കാര്‍ഡുകള്‍ക്ക് വലിയ തുകയുടെ ഇടപാടുകള്‍ക്ക് ധാരാളം റിവാര്‍ഡ് പോയിന്റുകളോ ക്യാഷ്ബാക്കോ ലഭിക്കാം. ഇത് പിന്നീട് യാത്രാ ആനുകൂല്യങ്ങള്‍ക്കോ സമ്മാനങ്ങള്‍ക്കോ ഉപയോഗിക്കാം.

പലിശ രഹിത കാലയളവ് : മിക്ക ക്രെഡിറ്റ് കാര്‍ഡുകള്‍ക്കും 45-50 ദിവസത്തെ പലിശ രഹിത കാലയളവ് ലഭിക്കും. ഈ സമയത്തിനുള്ളില്‍ പണം തിരിച്ചടയ്ക്കാന്‍ സാധിച്ചാല്‍ പലിശയില്ലാതെ കാര്‍ വാങ്ങാം.

ഇഎംഐ ആക്കാനുള്ള സൗകര്യം: വലിയ തുക പ്രതിമാസ തവണകള്‍ ആയി മാറ്റാന്‍ ചില ക്രെഡിറ്റ് കാര്‍ഡുകള്‍ അനുവദിക്കാറുണ്ട്

വേഗതയും സൗകര്യവും: ബാങ്കുകളിലെ ക്യൂവും ലോണ്‍ നടപടിക്രമങ്ങളും ഒഴിവാക്കി വേഗത്തില്‍ ഇടപാട് പൂര്‍ത്തിയാക്കാന്‍ സാധിക്കും.

കാര്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വാങ്ങുന്നത് എല്ലാവര്‍ക്കും ചേര്‍ന്ന ഒരു വഴിയല്ല. തുക കൃത്യസമയത്ത് അടച്ചുതീര്‍ക്കാന്‍ കഴിയുമെങ്കില്‍, റിവാര്‍ഡുകള്‍ നേടാന്‍ ഇതൊരു നല്ല വഴിയാണ്. അല്ലാത്തപക്ഷം, പരമ്പരാഗത കാര്‍ ലോണുകളും ഇഎംഐയും പരിഗണിക്കുന്നതാണ് ഉചിതം.