ദില്ലി: രണ്ടാം സാമ്പത്തിക പാദത്തിൽ വെറും 4.5 ശതമാനം മാത്രമായിരുന്നു ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ വളർച്ച. വിവിധ മേഖലകളിൽ കനത്ത തിരിച്ചടിയാണ് ഇന്ത്യയിൽ നേരിട്ടത്. ഐടി, വാഹന നിര്‍മാണം അടക്കമുളള തൊഴില്‍ മേഖലകളില്‍ തൊഴിലാളികളെ പിരിച്ചുവിടുന്ന സ്ഥിതിയുമുണ്ടായി. ഈ ദുരവസ്ഥ എന്ന് തീരുമെന്നായിരുന്നു ടൈംസ് ഓഫ് ഇന്ത്യയുടെ പരിപാടിയിൽ കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ നേരിട്ടൊരു ചോദ്യം.

ചോദ്യത്തോട് ധനമന്ത്രിയുടെ മറുപടി ഇങ്ങനെയായിരുന്നു. "സമ്പദ് വ്യവസ്ഥ ശക്തിപ്രാപിക്കുന്നത് എന്നാണെന്ന് പറയാൻ ഞാൻ സമയം പാഴാക്കുന്നില്ല, പ്രധാനമന്ത്രിക്കൊപ്പം സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിലാണ് എന്റെ ശ്രദ്ധ മുഴുവൻ".

രാജ്യത്ത് ഉപഭോഗം വർധിപ്പിക്കാനാണ് ശ്രമമെന്ന് നിർമല സീതാരാമന്‍ പറഞ്ഞു. അടിസ്ഥാന സൗകര്യ വികസന രംഗത്ത് പദ്ധതികൾ ഗൗരവത്തോടെയാണ് കൈകാര്യം ചെയ്യുന്നത്. ചെറുകിട- ഇടത്തരം സംരംഭങ്ങൾക്ക് നൽകാനുള്ള കുടിശികയുടെ വിതരണം പൂര്‍ത്തിയാക്കിയെന്നും അവർ പറഞ്ഞു.