പണപ്പെരുപ്പത്തിന്റെ അടിസ്ഥാനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര കാബിനറ്റ് സമിതി യോ​ഗത്തിലാണ് ഡിഎ വർധിപ്പിക്കാൻ തീരുമാനിച്ചതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ദില്ലി: കേന്ദ്രസർക്കാർ ജീവനക്കാരുടെ ശമ്പളം (Salary) വീണ്ടും വർധിക്കുന്നു. ശമ്പളത്തോടൊപ്പമുള്ള ക്ഷാമബത്തയിൽ (Dearness Allowance) നാല് ശതമാനത്തോളം വർധിപ്പിക്കാനാണ് തീരുമാനം. രാജ്യത്തെ ചില്ലറ വ്യാപാര രം​ഗത്തെ പണപ്പെരുപ്പത്തിന്റെ അടിസ്ഥാനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ (PM Modi) അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര കാബിനറ്റ് സമിതി യോ​ഗത്തിലാണ് ഡിഎ വർധിപ്പിക്കാൻ തീരുമാനിച്ചതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഏപ്രിലിലെ റീട്ടെയിൽ പണപ്പെരുപ്പം ഈ ആഴ്ച പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷ. ഫെബ്രുവരിയിലെ 6.1 ശതമാനത്തിൽ നിന്ന് മാർച്ചിലെ പണപ്പെരുപ്പം ഏഴ് ശതമാനമായി ഉയർന്നിരുന്നു. ഭക്ഷ്യവസ്തുക്കളുടെ വിലയിൽ വലിയ വർധനവായിരുന്നു പണപ്പെരുപ്പം ഉയരാൻ കാരണമായത്. ജൂലൈയിൽ കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത നാല് ശതമാനം കൂടി വർധിക്കാൻ സാധ്യതയുണ്ട്. ഇതോടെ കേന്ദ്ര ജീവനക്കാരുടെ ശമ്പളത്തിലെ ക്ഷാമബത്ത 38 ശതമാനമായി ഉയരും.

ഇക്കഴിഞ്ഞ മാർച്ചിലാണ് ക്ഷാമബത്ത അവസാനമായി വർധിപ്പിച്ചത്. ഏഴാം ശമ്പള കമ്മീഷന്റെ നിർദ്ദേശ പ്രകാരം ഡിഎ മൂന്ന് ശതമാനം വർധിപ്പിച്ച് 34 ശതമാനമാക്കിയിരുന്നു. പുതിയ വർധനവ് രാജ്യത്തെ 50 ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാർക്കും 65 ലക്ഷം പെൻഷൻകാർക്കും ഗുണകരമാകും. 2021 ജൂലൈക്ക് ശേഷം, ഡിഎയും ഡിആറും മൂന്ന് തവണയാണ് വർധിച്ചത്. ഇതോടെ ക്ഷാമബത്ത് ഏതാണ്ട് ഇരട്ടിയോളമായി മാറി.