ദില്ലി: ഒരുവര്‍ഷത്തിനുള്ളില്‍ സബ്‌സിഡി നിരക്കിലുള്ള പാചകവാതക സിലിണ്ടറിന്റെ വിലയില്‍ 150 രൂപവരെ വര്‍ധനവുണ്ടായേക്കുമെന്ന് റിപ്പോർട്ട്. പാചക വാതക സിലിണ്ടറിന്റെ വില ക്രമമായി ഉയർത്തി സബ്‌സിഡി പൂർണ്ണമായും ഒഴിവാക്കാൻ കേന്ദ്രസർക്കാർ കമ്പനികൾക്ക് അനുമതി നൽകിയെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

നടപ്പു സാമ്പത്തിക വർഷത്തിൽ ജൂലൈ മുതൽ ജനുവരി വരെയുള്ള ആറ് മാസത്തിൽ ശരാശരി പത്ത് രൂപ വീതം പാചക വാതക സിലിണ്ടറിന് വർധിച്ചിരുന്നു. 63 രൂപയാണ് ഈ കാലയളവിലുണ്ടായ ആകെ വർധന. 2022 ഓടെ എണ്ണക്കമ്പനികൾക്കുള്ള സബ്‌സിഡി പൂർണ്ണമായും നിർത്താനാണ് സർക്കാരിന്റെ നീക്കം. ഇത് ഫലത്തിൽ സാധാരണക്കാരനെയാണ് ബാധിക്കുക.

ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില കുറഞ്ഞിട്ടുണ്ട്. ഇതിന്റെ നേട്ടമെടുത്ത് പാചക വാതക സിലിണ്ടറിന്റെ വില നേരിയ തോതിൽ ക്രമമായി വർധിപ്പിക്കാൻ കേന്ദ്ര സർക്കാർ പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് നിർദ്ദേശം നൽകിയതായാണ് റിപ്പോർട്ടുകൾ.

ഇപ്പോൾ 557 രൂപയാണ് സബ്‌സിഡിയുള്ള പാചകവാതക സിലിണ്ടറിന്റെ വില. 157 രൂപയാണ് സബ്സിഡിയായി ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നൽകുന്നത്. അടുത്ത ഒരു വർഷത്തിനുള്ളിൽ സിലിണ്ടറിന്റെ വിലയിൽ 100 രൂപ മുതൽ 150 രൂപ വരെ വർധനവുണ്ടാകും. അങ്ങിനെ വന്നാൽ പാചക വാതക സിലിണ്ടർ സബ്‌സിഡി പിന്നെ ഓർമ്മ മാത്രമാകും.