ദില്ലി: ബാങ്ക് അക്കൗണ്ടുകളുമായി ബന്ധപ്പെട്ട് ഉപഭോക്താക്കളുടെ മതം ഏതെന്ന് വിശദീകരിക്കാൻ കേന്ദ്രം നീക്കം തുടങ്ങിയെന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾക്കിടെ ഇത് കാട്ടുതീ പോലെ ജനങ്ങൾക്കിടയിൽ പ്രചരിക്കുകയും ചെയ്തു. എന്നാൽ, ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ തന്നെ ഇപ്പോൾ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ്.

അടിസ്ഥാനരഹിതമായ പ്രചാരണമാണിതെന്നാണ് ധനകാര്യ വകുപ്പ് സെക്രട്ടറി രാജീവ് കുമാർ പറഞ്ഞത്. ഇന്ത്യൻ പൗരന്മാർക്ക് ബാങ്ക് അക്കൗണ്ട് തുറക്കാനും നിലവിലെ ബാങ്ക് അക്കൗണ്ടുകളിലും തങ്ങളുടെ മതം വെളിപ്പെടുത്തേണ്ടതില്ല. ബാങ്കുകളുമായി ബന്ധപ്പെട്ട ഇത്തരം വ്യാജ പ്രചാരണങ്ങളിൽ വീണുപോകരുതെന്നും രാജീവ് കുമാർ പറഞ്ഞു.

വിദേശനാണ്യ വിനിമയ നിയന്ത്രണ നിയമത്തിലെ ഷെഡ്യൂൾ മൂന്നിൽ 2018 ൽ റിസർവ് ബാങ്ക് വരുത്തിയ ഭേദഗതിയെ അടിസ്ഥാനമാക്കി, പുതിയ മാറ്റം വരുന്നുവെന്നാണ് പ്രമുഖ ദേശീയ ദിനപത്രം റിപ്പോർട്ട് ചെയ്തത്. പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലെത്തിയ മതന്യൂനപക്ഷങ്ങളിൽ (ഹിന്ദു, സിഖ്, ബുദ്ധ, ജൈൻ, പാർസി, ക്രിസ്ത്യൻ) നിന്നുള്ളവർക്ക് ഇന്ത്യയിൽ താമസത്തിന് ആസ്തികൾ വാങ്ങുന്നതിനും ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനും പുതിയ ഭേദഗതി അനുമതി നൽകുന്നു. ഈ നിയമത്തിൽ മ്യാന്മർ, ശ്രീലങ്ക, ടിബറ്റ് എന്നിവിടങ്ങളിൽ നിന്നുള്ള അഭയാർത്ഥികളെ ഉൾപ്പെടുത്തിയിട്ടില്ല. ഇതിനോട് അനുബന്ധിച്ച് രാജ്യത്തെ എല്ലാ ബാങ്ക് അക്കൗണ്ടുകളുടെയും ഉപഭോക്തൃ വിവരത്തിൽ ഇന്ത്യൻ പൗരന്മാർ മതം കൂടി രേഖപ്പെടുത്താനുള്ള നിർദ്ദേശത്തിനാണ് കേന്ദ്രം നീക്കം നടത്തുന്നതെന്നായിരുന്നു പ്രചരിച്ച വാർത്ത.