ദില്ലി: രാജ്യത്ത് ഇലക്ട്രോണിക്സ് നിർമാണം വർധിപ്പിക്കുന്നതിനായി സർക്കാർ 50,000 കോടി രൂപയുടെ പദ്ധതിക്ക് തുടക്കം കുറിച്ചു. ആഭ്യന്തര ഉത്പാദനം സ്ഥാപിക്കുന്നതിനോ വിപുലീകരിക്കുന്നതിനോ അഞ്ച് ആഗോള സ്മാർട്ട്ഫോൺ നിർമാതാക്കൾക്ക് ആനുകൂല്യങ്ങൾ ഉറപ്പാക്കുമെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.

അഞ്ചുവർഷത്തിനിടെ പ്രാദേശികമായി നിർമ്മിച്ച ഉൽപ്പന്നങ്ങളുടെ നാല് ശതമാനം മുതൽ ആറ് ശതമാനം വരെ വിലവരുന്ന ഉൽ‌പാദന-ലിങ്ക്ഡ് ഇൻ‌സെൻറീവാണ് (പി‌എൽ‌ഐ) സർക്കാർ വാഗ്ദാനം ചെയ്യുന്നത്. 2019 -2020 അടിസ്ഥാന വർഷമായി കണക്കാക്കിയാകും ഇത്. കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് വാർത്ത സമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. 

യോഗ്യത നേടുന്നതിന് നിക്ഷേപത്തിന്റെയും വിൽപ്പനയുടെയും പരിധി പാലിക്കേണ്ട അഞ്ച് കമ്പനികളുടെ പേരുകൾ അടുത്ത രണ്ട് മാസത്തിനുള്ളിൽ പ്രഖ്യാപിക്കുമെന്ന് മന്ത്രാലയം അധികൃതർ അറിയിച്ചു.

പി‌എൽ‌ഐ പദ്ധതിയു‌ടെ ഭാ​ഗമായി അഞ്ച് ഇന്ത്യൻ സ്ഥാപനങ്ങളെയും തിരഞ്ഞെടുക്കും. മറ്റ് രണ്ട് അനുബന്ധ സംരംഭങ്ങൾക്കൊപ്പം 2025 ഓടെ 10 ലക്ഷം കോടി രൂപയുടെ സ്മാർട്ട്‌ഫോണുകളും ഘടകങ്ങളും ഉത്പാദിപ്പിക്കാൻ ഇന്ത്യയെ ഈ പ​ദ്ധതി സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു.