ദില്ലി: നടപ്പു സാമ്പത്തിക വർഷം രണ്ട് പൊതുമേഖലാ കമ്പനികളുടെ കൂടി ഓഹരികൾ കേന്ദ്രസർക്കാർ വിറ്റഴിക്കും. എന്നാൽ മുൻ ഓഹരി വിറ്റഴിക്കലുകൾ പോലെ സ്വകാര്യ മേഖലയിലേക്കല്ല, മറിച്ച് ഇന്ത്യയുടെ മറ്റൊരു പൊതുമേഖലാ സ്ഥാപനമാണ് ഓഹരികൾ വാങ്ങുന്നത്.

കേന്ദ്രസർക്കാരിനും ഉത്തർപ്രദേശ് സംസ്ഥാന സർക്കാരിനും ഓഹരി പങ്കാളിത്തമുള്ള തെഹ്‌രി ഹൈഡ്രോ പവർ കോംപ്ലക്സ്, കേന്ദ്രസർക്കാരിന്‍റെ
സ്ഥാപനമായ നോർത്ത് ഈസ്റ്റേൺ ഇളക്ട്രിക് പവർ കോർപറേഷൻ എന്നിവയാണ് വിൽക്കുന്നത്. എന്നാൽ ഇവ ഏറ്റെടുക്കുന്നത് നാഷണൽ തെർമൽ പവർ കോർപ്പറേഷൻ ആയിരിക്കും.

നടപ്പു സാമ്പത്തിക വർഷത്തിൽ ഓഹരികൾ വിറ്റഴിച്ച് 65000 കോടി നേടുകയെന്ന ലക്ഷ്യം നേടിയെടുക്കാനാണ് ഈ നീക്കം. ഇതുവരെ ഓഹരികൾ വിറ്റഴിച്ച വകയിൽ 18345 കോടി മാത്രമാണ് കേന്ദ്രത്തിന് നേടാനായത്.

തെഹ്‌രി ഹൈഡ്രോ പവർ കോംപ്ലക്സ് ഇന്ത്യ ലിമിറ്റഡിന്റെ 74.23 ശതമാനം ഓഹരിയാണ് കേന്ദ്രസർക്കാരിന്റെ പക്കലുള്ളത്. മാനേജ്മെന്‍റ്  നിയന്ത്രണമടക്കം എൻടിപിസിക്ക് ലഭിക്കുന്ന വിധത്തിലാവും ഓഹരി കൈമാറ്റം. നോർത്ത് ഈസ്റ്റേൺ ഇലക്ട്രിക് പവർ കോർപറേഷനിൽ കേന്ദ്രസർക്കാരിന്റെ നൂറ് ശതമാനം ഓഹരിയും എൻടിപിസിക്ക് വിൽക്കും.

വാർഷിക റിപ്പോർട്ട് പ്രകാരം നോർത്ത് ഈസ്റ്റേൺ ഇളക്ട്രിക് പവർ കോർപറേഷന് 6301.29 കോടിയുടെയും തെഹ്‌രി ഹൈഡ്രോ പവർ കോംപ്ലക്സ് 9280.78 കോടിയുടെയും ആസ്തിയാണ് ഉള്ളത്.