ഇന്ത്യയില്‍ നിന്ന് മെക്‌സിക്കോയിലേക്ക് കയറ്റുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങളില്‍ സിംഹഭാഗവും കാറുകളാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 5.3 ബില്യണ്‍ ഡോളറിന്റെ ഉല്‍പ്പന്നങ്ങളാണ് ഇന്ത്യ മെക്‌സിക്കോയിലേക്ക് അയച്ചത്
ഇന്ത്യന്‍ വാഹന വിപണിക്കും ഉല്‍പ്പാദന മേഖലയ്ക്കും കനത്ത പ്രഹരമേല്‍പ്പിച്ച് മെക്‌സിക്കോയുടെ പുതിയ നികുതി നയം. ഇന്ത്യയുള്‍പ്പെടെ സ്വതന്ത്ര വ്യാപാര കരാറില്ലാത്ത രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം വരെ ഇറക്കുമതി ചുങ്കംവര്‍ദ്ധിപ്പിക്കാനാണ് മെക്‌സിക്കോയുടെ തീരുമാനം. ജനുവരി ഒന്ന് മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. ക്ലോഡിയ ഷീന്‍ബോം ഭരണകൂടം കൊണ്ടുവന്ന ഈ പരിഷ്‌കാരം മെക്‌സിക്കന്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കി കഴിഞ്ഞു. ഇതോടെ മെക്‌സിക്കോയിലേക്ക് കാറുകളും മറ്റ് യന്ത്രസാമഗ്രികളും കയറ്റി അയക്കുന്ന ഇന്ത്യന്‍ കമ്പനികള്‍ വലിയ പ്രതിസന്ധിയിലാകും.
തിരിച്ചടിയാവുന്നത് വാഹന മേഖലയ്ക്ക്
ഇന്ത്യയില്‍ നിന്ന് മെക്‌സിക്കോയിലേക്ക് കയറ്റുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങളില്‍ സിംഹഭാഗവും കാറുകളാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 5.3 ബില്യണ്‍ ഡോളറിന്റെ (ഏകദേശം 45,000 കോടി രൂപ) ഉല്‍പ്പന്നങ്ങളാണ് ഇന്ത്യ മെക്‌സിക്കോയിലേക്ക് അയച്ചത്. ഇതില്‍ 1 ബില്യണ്‍ ഡോളറും കാറുകളുടെ വിഹിതമാണ്. നിലവില്‍ 20 ശതമാനമായിരുന്ന ഇറക്കുമതി ചുങ്കം ഒറ്റയടിക്ക് 50 ശതമാനമായാണ് വര്‍ദ്ധിപ്പിച്ചത്. മാരുതി സുസുക്കി, ഹ്യുണ്ടായ്, നിസാന്‍, ഫോക്‌സ്വാഗണ്‍ തുടങ്ങിയ പ്രമുഖ കമ്പനികളെല്ലാം ഇന്ത്യയില്‍ നിര്‍മ്മിച്ച കാറുകള്‍ മെക്‌സിക്കോയിലേക്ക് വന്‍തോതില്‍ കയറ്റി അയക്കുന്നുണ്ട്. ചുങ്കം കൂടുന്നതോടെ ഈ വണ്ടികള്‍ക്ക് മെക്‌സിക്കോയില്‍ വില കൂടും. ഇത് വില്‍പനയെ ബാധിക്കുമെന്ന ആശങ്കയില്‍ ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കളുടെ സംഘടനയായ 'സിയാം' കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ തേടിയിട്ടുണ്ട്.
എന്തുകൊണ്ട് ഈ നികുതി വര്‍ദ്ധന?
തദ്ദേശീയമായ ഉല്‍പ്പാദന മേഖലയെ സംരക്ഷിക്കാനും തൊഴിലവസരങ്ങള്‍ ഉറപ്പാക്കാനുമാണ് ഈ നീക്കമെന്നാണ് മെക്‌സിക്കന്‍ സര്‍ക്കാരിന്റെ വിശദീകരണം. ചൈനയില്‍ നിന്നുള്ള കുറഞ്ഞ വിലയുള്ള ഉല്‍പ്പന്നങ്ങള്‍ മെക്‌സിക്കന്‍ വിപണി കീഴടക്കുന്നത് തടയാന്‍ അമേരിക്ക സമ്മര്‍ദ്ദം ചെലുത്തുന്നതും തീരുമാനത്തിന് പിന്നിലുണ്ടെന്ന് വിലയിരുത്തപ്പെടുന്നു. ചൈനയ്ക്ക് പുറമെ ഇന്ത്യ, ദക്ഷിണ കൊറിയ, തായ്‌ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളെയും ഈ തീരുമാനം ബാധിക്കും. ഏകദേശം 1,400-ഓളം ഉല്‍പ്പന്നങ്ങളെയാണ് പുതിയ തീരുവ ബാധിക്കുക. വാഹനങ്ങള്‍ക്ക് പുറമെ സ്റ്റീല്‍, കെമിക്കല്‍സ്, തുണിത്തരങ്ങള്‍, അലുമിനിയം, ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ എന്നിവയ്ക്കും 35 ശതമാനം വരെ നികുതി വര്‍ദ്ധനയുണ്ടാകും.
അടുത്ത കാലത്തായി ഇന്ത്യയും മെക്‌സിക്കോയും തമ്മിലുള്ള വ്യാപാര ബന്ധം വലിയ വളര്‍ച്ചയിലായിരുന്നു. 2019-ല്‍ വ്യാപാരക്കമ്മിയുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ഇന്ത്യയ്ക്ക് 2.2 ബില്യണ്‍ ഡോളറിന്റെ വ്യാപാര മിച്ചമാണുള്ളത്. ഐടി, ഫാര്‍മ മേഖലകളിലായി 200-ഓളം ഇന്ത്യന്‍ കമ്പനികള്‍ മെക്‌സിക്കോയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അമേരിക്കന്‍ വിപണിയിലേക്കുള്ള പ്രവേശന കവാടമായാണ് പല കമ്പനികളും മെക്‌സിക്കോയെ കാണുന്നത്. പുതിയ നികുതി നയം വരുന്നതോടെ ഇന്ത്യന്‍ കമ്പനികള്‍ക്ക് തങ്ങളുടെ കയറ്റുമതി തന്ത്രങ്ങളില്‍ മാറ്റം വരുത്തേണ്ടി വരും. മെക്‌സിക്കോയിലെ സാധാരണക്കാര്‍ക്ക് മേല്‍ അമിത നികുതി അടിച്ചേല്‍പ്പിക്കുന്ന നടപടിയാണിതെന്ന് അവിടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഇതിനോടകം വിമര്‍ശനം ഉയര്‍ത്തിയിട്ടുണ്ട്. വരും മാസങ്ങളില്‍ ഈ വിഷയത്തില്‍ ഇന്ത്യയും മെക്‌സിക്കോയും തമ്മില്‍ നയതന്ത്ര ചര്‍ച്ചകള്‍ നടന്നേക്കും.


