ദില്ലി: കേന്ദ്ര ബജറ്റിൽ കൊവിഡ് സെസ് ഏർപ്പെടുത്താൻ ആലോചിക്കുന്നതായി റിപ്പോർട്ട്. കൊവിഡ് വാക്സീൻ വിതരണത്തിനടക്കമുളള അധിക ചെലവുകൾ നേരിടാനാണ് സെസ് ഏർപ്പെടുത്തുന്നത്. ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന ബജറ്റിൽ പ്രഖ്യാപനം ഉണ്ടായേക്കും. 

വലിയ ചെലവാണ് വാക്സീനുമായി ബന്ധപ്പെട്ട് രാജ്യത്ത് ഉണ്ടാകാനായി പോകുന്നത്. പല സംസ്ഥാനങ്ങളും ഇതിനോടകം വാക്സീൻ സൌജന്യമായി നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. നേരത്തെ കൊവിഡ് സെസ് ഏർപ്പെടുത്താൻ കേന്ദ്രം നീക്കം നടത്തിയിരുന്നെങ്കിലും പ്രതിപക്ഷപാർട്ടികളുടെ എതിർപ്പിനെ തുടർന്ന് മാറ്റിവെക്കപ്പെടുകയായിരുന്നു. 

അതേസമയം, കൊവിഡ് വാക്സീൻ കുത്തിവയ്പ്പ് യജ്ഞത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തും. വൈകുന്നേരം നാല് മണിക്ക് ചേരുന്ന യോഗത്തിൽ സംസ്ഥാനങ്ങളിലെ തയ്യാറെടുപ്പുകൾവിലയിരുത്തും. വാക്സീൻ വിതരണത്തിനായി കേന്ദ്ര സർക്കാർ തയ്യാറാക്കിയിരിക്കുന്നരൂപരേഖയെക്കുറിച്ച് വിശദീകരിക്കും.