ലോകത്തിലെ ഏറ്റവും വലുതും വേഗത്തിൽ വളരുന്നതുമായ ജനാധിപത്യ രാജ്യമാണ് ഇന്ത്യയെന്നും വിദ്യാസമ്പന്നരും, വളർച്ചയ്ക്കായി പോരാടുന്നവരുമാണ് ഇന്ത്യയിലുള്ളതെന്നും പ്രതീക് മാത്തൂർ

ഷാങ്ഹായ്: ഇന്ത്യയിൽ നിക്ഷേപിക്കാൻ ഇതാണ് ശരിയായ സമയമെന്ന് ചൈനയിലെ ഷാങ്ഹായിലെ ഇന്ത്യൻ കോൺസൽ ജനറലായ പ്രതീക് മാത്തൂർ. ഷാങ്ഹായിൽ നടന്ന വാർഷിക കോൺസൽ ജനറൽമാരുടെയും സിഇഒമാരുടെയും സമ്മേലനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ വളർച്ച എങ്ങിനെയായിരുന്നെന്നും നവീകരണങ്ങൾ ഇനി എവിടെയൊക്കെ ഉണ്ടാകുമെന്നും നിക്ഷേപ അവസരങ്ങൾ എന്തൊക്കെയാണെന്നും അദ്ദേഹം പറഞ്ഞു.

Scroll to load tweet…

ലോകത്തിലെ ഏറ്റവും വലുതും വേഗത്തിൽ വളരുന്നതുമായ ജനാധിപത്യ രാജ്യമാണ് ഇന്ത്യയെന്നും വിദ്യാസമ്പന്നരും, വളർച്ചയ്ക്കായി പോരാടുന്നവരുമാണ് ഇന്ത്യയിലുള്ളതെന്നും പ്രതീക് മാത്തൂർ പറഞ്ഞു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ മുതൽ മധ്യവർഗം വരെയുള്ളവരും ഈ യാത്രയിലെ പങ്കാളികളാണെന്നും അദ്ദേഹം വ്യക്തമാക്കി. യുവ ജനങ്ങൾ രാജ്യത്തിന്റെ വളർച്ചയ്ക്ക് മുതൽക്കൂട്ടാകുമെന്നും അദ്ദേഹം പറ‍ഞ്ഞു. നിലവിൽ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ 4 ട്രില്യൺ യുഎസ് ഡോളറാണ്. 2047 ആകുമ്പോഴേക്കും ഇത് 30 ട്രില്യൺ യുഎസ് ഡോളറിനടുത്തെത്തും എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ഇന്ത്യ ജപ്പാനെ മറികടന്ന് ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറി. താമസിയാതെ ഇന്ത്യ ജർമ്മനിയെ മറികടന്ന് മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു

കേന്ദ്ര സർക്കാറിന്റെ മെയ്ക്ക് ഇൻ ഇന്ത്യ പ്രോ​ഗ്രാമിനെക്കുറിച്ചും ചർച്ചയിൽ പ്രതിപാദിച്ചു. ഇന്ത്യയിലെ സമ്പദ്‌വ്യവസ്ഥയുടെ ദ്രുതഗതിയിലുള്ള വളർച്ചയ്ക്ക് നിരവധി കാരണങ്ങളുണ്ടെന്നും രാജ്യത്തെ ഒരു ഉൽ‌പാദന കേന്ദ്രമാക്കി മാറ്റുന്നതിനായി 2014 ൽ കേന്ദ്ര സർക്കാർ ആരംഭിച്ചു മെയ്ക്ക് ഇൻ ഇന്ത്യ പ്രോ​ഗ്രാം ഇതിലൊന്നാമെന്നും പ്രതീക് മാത്തൂർ പറഞ്ഞു. 2022 ഡിസംബർ മുതൽ 2023 നവംബർ വരെ ഇന്ത്യ ജി20 യുടെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തപ്പോൾ, ലോകം നേരിടുന്ന എല്ലാ പ്രധാന വിഷയങ്ങളിലും സമവായം കെട്ടിപ്പടുക്കാൻ ഇന്ത്യക്ക് കഴിഞ്ഞിട്ടുണ്ടെന്നും പ്രതീക് മാത്തൂർ ചൂണ്ടിക്കാട്ടി.