ദില്ലി: മൈക്രോവേവ് ഓവൻ തകരാറായി പരാതിയുമായെത്തിയ യുവതിയോട് തനിക്കൊന്നും ചെയ്യാൻ കഴിയില്ലെന്ന് പറഞ്ഞ് കൈമലർത്തിയ കടയുടമയ്ക്ക് എട്ടിന്റെ പണി. പരാതിയുമായി ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തെ സമീപിച്ച യുവതിക്ക് പുത്തൻ പുതിയ മൈക്രോവേവ് ഓവനും ഏഴായിരം രൂപ നഷ്ടപരിഹാരവും അയ്യായിരം രൂപ കോടതി ചെലവായും അനുവദിച്ച് ഫോറം ഉത്തരവിട്ടു. 12990 രൂപയ്ക്ക് വിറ്റ ഓവന് മുകളിൽ ഉപഭോക്താവിനെ അവഗണിച്ച കടയുടമയ്ക്ക് വലിയ തിരിച്ചടിയാണ് ഉണ്ടായത്.

ഛണ്ഡീഗഡിലാണ് സംഭവം. സോണിക ഭാട്ടിയ എന്ന സ്ത്രീയാണ് നഗരത്തിലെ കടയിൽ നിന്ന് ഓവൻ വാങ്ങിയത്. ഇതുപയോഗിച്ച് പാചകം ചെയ്യാൻ നോക്കിയപ്പോഴെല്ലാം പാത്രങ്ങൾ നശിച്ചുപോയി. ഏത് പാത്രം വെച്ചാലും ഭക്ഷണം പാകം ചെയ്ത് ലഭിക്കില്ലെന്ന് മാത്രമല്ല പാത്രങ്ങൾ കൂടി നശിക്കുമെന്ന സ്ഥിതിയായി.

ഇതോടെയാണ് സോണിക ഉൽപ്പന്നം വാങ്ങിയ കടയിലേക്ക് പോയത്. ഓവൻ തകരാറാണെന്ന് പറഞ്ഞ കടയുടമ ഇത് തിരികെ വാങ്ങി പുതിയ ഉൽപ്പന്നം കൈമാറാൻ തയ്യാറായില്ലെന്ന് മാത്രമല്ല പരാതിക്കാരിയെ തീർത്തും അവഗണിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഇതോടെയാണ് സോണിക തന്റെ ഉപഭോക്തൃ അവകാശം സംരക്ഷിക്കുന്നതിനായി ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തെ സമീപിച്ചത്.

ഇരുഭാഗത്തെയും വാദം കേട്ട കോടതി കടയുടമയുടേത് നിരുത്തരവാദപരമായ സമീപനമാണെന്ന് വിലയിരുത്തി. ഭൗതികവും മാനസികവുമായി സോണിക നേരിട്ട പ്രയാസങ്ങൾക്കാണ് ഏഴായിരം രൂപ നഷ്ടപരിഹാരം നൽകിയത്. അയ്യായിരം രൂപ നിയമനടപടികൾക്ക് ആവശ്യമായ ചെലവാണ് അനുവദിച്ചത്. ഇത് രണ്ടും കടയുടമ നൽകണം. ഇതിനെല്ലാം പുറമെ തകരാറില്ലാത്ത നല്ല, പുതിയ മൈക്രോവേവ് ഓവൻ സോണികയ്ക്ക് നൽകുകയും വേണമെന്നാണ് വിധി.