നിരവധി പ്രമുഖ പൊതുമേഖലാ ബാങ്കുകള്‍ ഭവന വായ്പ പലിശ നിരക്കുകള്‍ കുറച്ചു.
ഭവന വായ്പ എടുത്തവര്‍ക്ക് സന്തോഷ വാര്‍ത്ത! നിരവധി പ്രമുഖ പൊതുമേഖലാ ബാങ്കുകള്‍ ഭവന വായ്പ പലിശ നിരക്കുകള്‍ കുറച്ചു. പഞ്ചാബ് നാഷണല്‍ ബാങ്ക് , ബാങ്ക് ഓഫ് ബറോഡ , ഇന്ത്യന്‍ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, യൂകോ ബാങ്ക് എന്നിവയാണ് നിരക്കുകള്‍ കുറച്ചത്. റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് 0.50% കുറച്ചതിന് പിന്നാലെയാണ് ഈ തീരുമാനം. ജൂണ്‍ 6, 2025-ന് നടന്ന പണവായ്പ നയ അവലോകനത്തിലാണ് റിപ്പോ നിരക്ക് 6.00% ല്‍ നിന്ന് 5.50% ആയി കുറച്ചത്. 2025 ഫെബ്രുവരി മുതല്‍ റിപ്പോ നിരക്ക് ആകെ 1% കുറച്ചിട്ടുണ്ട്.
ഭവന വായ്പ എടുത്തവർക്ക് നേട്ടം!
റിപ്പോ നിരക്ക് കുറയ്ക്കുമ്പോള്‍, അതുമായി ബന്ധിപ്പിച്ചിട്ടുള്ള ഭവന വായ്പകളുടെ പലിശ നിരക്കുകളും കുറയും. ഇത് ഭവന വായ്പ എടുത്തവര്‍ക്ക് വലിയ ആശ്വാസമാണ്. പലിശ നിരക്ക് കുറയുന്നതോടെ പ്രതിമാസ തിരിച്ചടവ് തുക കുറയും. അതായത്, വായ്പയുടെ കാലാവധിയില്‍ മൊത്തത്തില്‍ കുറഞ്ഞ പലിശ നല്‍കിയാല്‍ മതിയാകും. പഴയ വായ്പക്കാര്‍ക്കും പുതിയ വായ്പക്കാര്‍ക്കും പലിശ കുറയുന്നതിന്റെ പ്രയോജനം ലഭിക്കും. പുതിയ വായ്പക്കാര്‍ക്ക് ഈ കുറവ് ഉടന്‍ തന്നെ ലഭിക്കുമ്പോള്‍, നിലവിലുള്ള വായ്പക്കാര്‍ക്ക് അവരുടെ പലിശ നിരക്ക് പുതുക്കുന്ന സമയത്തായിരിക്കും ഈ ആനുകൂല്യം ലഭിക്കുക.
ഏതൊക്കെ ബാങ്കുകള്‍ പലിശ കുറച്ചു?
പഞ്ചാബ് നാഷണല്‍ ബാങ്ക്: റിപ്പോ ലിങ്ക്ഡ് ലെന്‍ഡിംഗ് റേറ്റ് 8.85% ല്‍ നിന്ന് 8.35% ആയി കുറച്ചു. ഇത് ജൂണ്‍ 9, 2025 മുതല്‍ പ്രാബല്യത്തില്‍ വരും. 0.50% കുറവാണ് ബാങ്ക് വരുത്തിയിരിക്കുന്നത്.
ബാങ്ക് ഓഫ് ബറോഡ: റിപ്പോ അധിഷ്ഠിത വായ്പാ നിരക്ക് 8.65% ല്‍ നിന്ന് 8.15% ആയി കുറച്ചു. ജൂണ്‍ 7, 2025 മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നു. 0.50% കുറവാണ് വരുത്തിയിരിക്കുന്നത്.
ബാങ്ക് ഓഫ് ഇന്ത്യ: റിപ്പോ അധിഷ്ഠിത വായ്പാ നിരക്ക് 8.85% ല്‍ നിന്ന് 8.35% ആയി കുറച്ചു. ജൂണ്‍ 6, 2025 മുതലാണ് പുതിയ നിരക്ക്. 0.50% കുറവാണ് ബാങ്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
ഇന്ത്യന്‍ ബാങ്ക്: റിപ്പോ ലിങ്ക്ഡ് ബെഞ്ച്മാര്‍ക്ക് ലെന്‍ഡിംഗ് റേറ്റ്‌സ് 8.70% ല്‍ നിന്ന് 8.20% ആയി കുറച്ചു. ജൂണ്‍ 6, 2025 മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നു.
യുകോ ബാങ്ക് : മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട്‌സ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ് 0.10% കുറച്ചു. ഇത് ജൂണ്‍ 10 മുതല്‍ പ്രാബല്യത്തില്‍ വരും.