സെപ്റ്റംബറില്‍ സൗദി അരാംകോയില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങുന്നതിനുള്ള ഓര്‍ഡറുകളാണ് ചൈനീസ് റിഫൈനറികള്‍ കുറച്ചത്.

ഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്നതിന്റെ പേരില്‍ യുഎസും യൂറോപ്യന്‍ യൂണിയനും ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കുന്നതിനിടെ പരമാവധി എണ്ണ റഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്ത് ചൈന. സൗദി അറേബ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി വെട്ടിക്കുറച്ചാണ് ചൈന റഷ്യന്‍ എണ്ണ വാങ്ങുന്നത്. റഷ്യയില്‍നിന്ന് വന്‍തോതില്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്ന ഇന്ത്യക്കെതിരെ കടുത്ത താരിഫ് ചുമത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിക്കുമ്പോഴാണ് ചൈന റഷ്യന്‍ എണ്ണ പരമാവധി ഇറക്കുമതി ചെയ്യുന്നത്. സെപ്റ്റംബറില്‍ സൗദി അരാംകോയില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങുന്നതിനുള്ള ഓര്‍ഡറുകളാണ് ചൈനീസ് റിഫൈനറികള്‍ കുറച്ചത്. റഷ്യയുടെ യുറല്‍സ് ക്രൂഡിന്റെ ലഭ്യതയും വന്‍തോതിലുള്ള കരുതല്‍ ശേഖരവുമാണ് സൗദിയില്‍ നിന്നുള്ള ഇറക്കുമതി കുറയ്ക്കാന്‍ കാരണം. റഷ്യന്‍ ഊര്‍ജ്ജ ഇറക്കുമതിയെ ചൊല്ലി ഇന്ത്യക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തുമ്പോഴും ചൈനയ്‌ക്കെതിരെ സമാനമായ നടപടികളൊന്നും ഇല്ലാത്തതിനാല്‍, റഷ്യന്‍ എണ്ണയുടെ പ്രധാന ഇറക്കുമതിക്കാരായി ചൈനീസ് റിഫൈനറികള്‍ മാറുമെന്നാണ് സൂചന.

ഇന്ത്യക്കെതിരെ കടുത്ത താരിഫ്

റഷ്യന്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചൂണ്ടിക്കാട്ടി ഇന്ത്യയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് 25% അധിക താരിഫ് ചുമത്തുമെന്ന് ഈ മാസം ആദ്യം ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഓഗസ്റ്റ് 28-ന് നിലവില്‍ വരുന്ന ഈ നീക്കം, ചില ഇന്ത്യന്‍ ഉത്പന്നങ്ങളുടെ താരിഫ് നിരക്ക് 50% വരെ ഉയര്‍ത്താന്‍ ഇടയാക്കും. 2024-ല്‍ ഏകദേശം 87 ബില്യണ്‍ ഡോളറിന്റെ ഉത്പന്നങ്ങളാണ് ഇന്ത്യയില്‍ നിന്ന് അമേരിക്ക ഇറക്കുമതി ചെയ്തത്. അതേസമയം, ചൈനയുമായുള്ള താരിഫ് യുദ്ധത്തിന് 90 ദിവസത്തെ ഇടവേള നല്‍കാനും ട്രംപ് തീരുമാനിച്ചിട്ടുണ്ട്. ചൈനീസ് ഉത്പന്നങ്ങളുടെ താരിഫ് 145% ആയി ഉയരുന്നത് ഇതിലൂടെ ഒഴിവാക്കാന്‍ യുഎസിന് സാധിക്കും.

റഷ്യ-യുക്രെയ്ന്‍ യുദ്ധത്തെ തുടര്‍ന്ന് റഷ്യക്കെതിരെ പാശ്ചാത്യ രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയതോടെ, വിലക്കിഴിവില്‍ എണ്ണ ലഭ്യമാക്കാന്‍ ഇന്ത്യ തീരുമാനിച്ചിരുന്നു. ഇതോടെ, റഷ്യന്‍ ക്രൂഡ് ഓയിലിന്റെ ലോകത്തിലെ ഏറ്റവും വലിയ ഉപഭോക്താവായി ഇന്ത്യ മാറിയിരുന്നു 2019-20 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ 1.7% മാത്രമായിരുന്ന റഷ്യന്‍ വിഹിതം, 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 35.1% ആയി ഉയര്‍ന്നു. റഷ്യന്‍ എണ്ണ ഇറക്കുമതിയുടെ പേരില്‍ ഇന്ത്യയെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്ന അമേരിക്കയെയും യൂറോപ്യന്‍ യൂണിയനെയും ഇന്ത്യ ശക്തമായി വിമര്‍ശിച്ചിരുന്നു.

രാഷ്ട്രീയ സമ്മര്‍ദ്ദമെന്ന് രഘുറാം രാജന്‍

റഷ്യന്‍ എണ്ണ ഇറക്കുമതി നിര്‍ത്തിയാലും ഇന്ത്യക്ക് വലിയ പ്രശ്‌നങ്ങളുണ്ടാകില്ലെന്ന് മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ പറഞ്ഞു. എന്നാല്‍, ഈ വിഷയത്തിലെ ഏറ്റവും വലിയ പ്രശ്‌നം രാഷ്ട്രീയമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. റഷ്യയില്‍ നിന്നുള്ള എണ്ണ വാങ്ങുന്നത് നിര്‍ത്തിയാല്‍ അത് അമേരിക്കയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങുന്നതായി വ്യാഖ്യാനിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.