പാകിസ്ഥാന്‍ സ്റ്റോക്ക് എക്സ്ചേഞ്ചിന്‍റെ ഏറ്റവും പുതിയ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം ബോര്‍ഡില്‍ 10 ഡയറക്ടര്‍മാരുണ്ടെന്നും അതില്‍ മൂന്ന് പേര്‍  ചൈനക്കാരാണെന്നും ആണ്

പാക്കിസ്ഥാനിലും ബംഗ്ലാദേശിന്‍റെയും സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ ചൈന ഗണ്യമായ നിക്ഷേപം നടത്തിയിട്ടുണ്ടെന്ന് കണക്കുകള്‍. 2017 ല്‍, ഷാങ്ഹായ് സ്റ്റോക്ക് എക്സ്ചേഞ്ച് (എസ്എസ്ഇ), ചൈന ഫിനാന്‍ഷ്യല്‍ ഫ്യൂച്ചേഴ്സ് എക്സ്ചേഞ്ച്സ് (സിഎഫ്എഫ്ഇഎക്സ്), ഷെന്‍ഷെന്‍ സ്റ്റോക്ക് എക്സ്ചേഞ്ച് (എസ്ഇസെഡ്എസ്ഇ), പാക് ചൈന ഇന്‍വെസ്റ്റ്മെന്‍റ് കമ്പനി ലിമിറ്റഡ്, ഹബീബ് ബാങ്ക് ലിമിറ്റഡ് തുടങ്ങിയ കണ്‍സോര്‍ഷ്യങ്ങള്‍ വഴിയാണ് പാകിസ്ഥാന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ചൈന 40 ശതമാനം ഓഹരികള്‍ സ്വന്തമാക്കിയത്.

2018 ല്‍ ധാക്ക സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ചൈന 25 ശതമാനം ഓഹരികള്‍ സ്വന്തമാക്കി. ഷാങ്ഹായ്, ഷെന്‍ഷെന്‍ സ്റ്റോക്ക് എക്സ്ചേഞ്ച് എന്നിവ രൂപീകരിച്ച കമ്പനികളുടെ ഒരു കണ്‍സോര്‍ഷ്യം വഴിയാണ് ഓഹരികള്‍ വാങ്ങിയത്. ഇരു രാജ്യങ്ങളുടെയും റെഗുലേറ്ററി അതോറിറ്റികളുടെ അനുമതിയോടെയാണ് കരാര്‍ നടപ്പിലാക്കിയത്. പാകിസ്ഥാന്‍ സ്റ്റോക്ക് എക്സ്ചേഞ്ചിന്‍റെ ഏറ്റവും പുതിയ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം ബോര്‍ഡില്‍ 10 ഡയറക്ടര്‍മാരുണ്ടെന്നും അതില്‍ മൂന്ന് പേര്‍ ചൈനക്കാരാണെന്നും ആണ്. എന്നാല്‍ പാകിസ്ഥാന്‍ സ്റ്റോക്ക് എക്സ്ചേഞ്ചിന്‍റെ കാര്യത്തില്‍ നിന്ന് വ്യത്യസ്തമായി, ധാക്ക സ്റ്റോക്ക് എക്സ്ചേഞ്ചിന്‍റെ ബോര്‍ഡില്‍ ചൈനയ്ക്ക് കാര്യമായ സാന്നിധ്യമില്ല. ധാക്ക സ്റ്റോക്ക് എക്സ്ചേഞ്ചിന്‍റെ വെബ്സൈറ്റ് അനുസരിച്ച്, 13 ബോര്‍ഡ് അംഗങ്ങളില്‍ ഒരു ചൈനീസ് പ്രാതിനിധ്യം മാത്രമേയുള്ളൂ. പാകിസ്ഥാനും ബംഗ്ലാദേശും കൂടാതെ, കസാക്കിസ്ഥാന്‍ സ്റ്റോക്ക് എക്സ്ചേഞ്ചായ അസ്താന ഇന്‍റര്‍നാഷണല്‍ എക്സ്ചേഞ്ചില്‍ ചൈനയ്ക്ക് 25.1 ശതമാനം ഓഹരിയുണ്ട്.

ഇന്ത്യ ബഹുദൂരം മുന്നില്‍

ഓഹരി വിപണികളുടെ വലിപ്പത്തിന്‍റെ കാര്യത്തില്‍, ഇന്ത്യ പാകിസ്ഥാനെയും ബംഗ്ലാദേശിനെയും മറികടന്ന് ബഹുദൂരം മുന്നിലാണ്. ഏകദേശം 4.5 ട്രില്യണ്‍ ഡോളര്‍ (4,500 ബില്യണ്‍ ഡോളര്‍) വിപണി മൂലധനം ആണ് ഇന്ത്യയ്ക്കുള്ളത്. പാകിസ്ഥാന്‍റെയും ബംഗ്ലാദേശിന്‍റെയും വിപണികളുടെ മൂല്യം യഥാക്രമം 44 ബില്യണ്‍ ഡോളറും 5.72 ബില്യണ്‍ ഡോളറും മാത്രമാണ്.