Asianet News MalayalamAsianet News Malayalam

ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങിനെ പിണക്കി ജാക് മാ; പിന്നാലെയെത്തി കടുത്ത നിയന്ത്രണം

രാജ്യത്തെ സാമ്പത്തിക നിയന്ത്രണങ്ങള്‍ സാങ്കേതിക മുന്നേറ്റത്തിന് തടസം സൃഷ്ടിക്കുന്നതായി ഒക്ടോബര്‍ 24 ന് നടത്തിയ പ്രസംഗത്തില്‍ ജാക് മാ വിമര്‍ശിച്ചിരുന്നു.
 

China President Xi Jinping Ordered Halt Of Jack Ma's Ant IPO, report
Author
Beijing, First Published Nov 18, 2020, 10:46 PM IST

ബീജിങ്: അലിബാബ ഗ്രൂപ്പിന്റെ കീഴിലുള്ള ആന്റ് ഗ്രൂപ്പിന്റെ ഇനീഷ്യല്‍ പബ്ലിക് ഓഫറിങ് ചൈനീസ് പ്രീമിയര്‍ ഷീ ജിന്‍പിങ് തടഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 37 ബില്യണ്‍ ഡോളര്‍ ചൈനയിലും ഹോങ്കോങിലും ലിസ്റ്റ് ചെയ്ത് നേടാനും അതുവഴി സാമ്പത്തിക സേവന സ്ഥാപനമായ ആന്റ് ഗ്രൂപ്പിന്റെ വിപണി മൂലധനം 280 ബില്യണ്‍ ഡോളറിലെത്തിക്കാനുമായിരുന്നു നീക്കം. 

രാജ്യത്തെ സാമ്പത്തിക നിയന്ത്രണങ്ങള്‍ സാങ്കേതിക മുന്നേറ്റത്തിന് തടസം സൃഷ്ടിക്കുന്നതായി ഒക്ടോബര്‍ 24 ന് നടത്തിയ പ്രസംഗത്തില്‍ ജാക് മാ വിമര്‍ശിച്ചിരുന്നു. ചൈനയുടെ സാമ്പത്തിക പ്രശ്‌നങ്ങളെ പുതിയ മാറ്റങ്ങളിലൂടെ പരിഹരിക്കാനാണ് തന്റെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു. പ്രസംഗം വായിച്ച ഷീ ജിന്‍പിങും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ മറ്റ് മുതിര്‍ന്ന നേതാക്കളും ഇതില്‍ ആശ്ചര്യപ്പെട്ടതായാണ് വാര്‍ത്ത.

ഉപഭോക്താക്കളുടെയും നിക്ഷേപകരുടെയും സാമ്പത്തിക താത്പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഷീ ജിന്‍പിങിന്റെ തന്നെ വ്യക്തിപരമായ തീരുമാനത്തോടെ ചൈനീസ് അധികൃതര്‍ ആന്റ് ഗ്രൂപ്പിന്റെ മൂലധന സമാഹരണം തടഞ്ഞത്. ഇതോടെ ജാക് മായ്ക്കും സംഘത്തിനും തങ്ങളുടെ ബിസിനസ് മാതൃക തന്നെ പൊളിച്ചുപണിയേണ്ട സ്ഥിതിയാവും. 

രാജ്യത്തെ അതിസമ്പന്നരുടെ സ്വാധീനം വളരുന്നത് ചൈനയില്‍ പുതിയ പ്രശ്‌നമല്ല. എന്നാല്‍ ലോകത്തിലെ ഒന്നാമത്തെ ധനികനായാലും ശരി, ചൈനയുടെ രാജ്യതാത്പര്യങ്ങളോടുള്ള ഇവരുടെ സമീപനം ധനികരായ ശേഷം എങ്ങിനെയെന്നത് സര്‍ക്കാര്‍ വളരെ സൂക്ഷ്മമായി നോക്കാറുണ്ട്. 

ആന്റ് ഗ്രൂപ്പിന്റെ മൊബൈല്‍ പേമെന്റ് സിസ്റ്റമായ അലിപേ ചൈനക്കാരില്‍ 70 ശതമാനം പേര്‍ ഉപയോഗിക്കുന്നുണ്ട്. ബാങ്കുകള്‍ സഹായം നല്‍കാതെ അവഗണിച്ച കമ്പനികളെയും ചെറുകിട കച്ചവട സ്ഥാപനങ്ങളെയും ജാക് മാ കൈയ്യയച്ച് സഹായിക്കുന്നുണ്ട്. ഇതിനോടകം 20 ദശലക്ഷം ചെറുകിട ബിസിനസ് സംരംഭങ്ങള്‍ക്ക് ജാക് മായുടെ സഹായം ലഭിച്ചു. ഏതാണ്ട് 50 കോടി വ്യക്തികള്‍ക്കാണ് സഹായം കിട്ടിയത്. സര്‍ക്കാര്‍ പിടിമുറുക്കിയതോടെ ആന്റ് ഗ്രൂപ്പിന്റെ മൂല്യം ഇടിയുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ വിലയിരുത്തല്‍.
 

Follow Us:
Download App:
  • android
  • ios