കമ്പനി പുതിയ ഇലക്ട്രിക് എസ്യുവികള്‍ പുറത്തിറക്കുന്നതോടെ റെയര്‍ എര്‍ത്ത് മാഗ്നൈറ്റ്‌സിനുള്ള ആവശ്യം വര്‍ദ്ധിക്കുകയാണ്.

റെയര്‍ എര്‍ത്ത് മാഗ്നൈറ്റ്‌സ് ഉല്‍പാദനം കൂട്ടാനുള്ള ശ്രമങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. ലോകത്ത് അപൂര്‍വ ലോഹങ്ങളുടെ ഏറ്റവും വലിയ വിതരണക്കാരായ ചൈന, ഏഴ് അപൂര്‍വ ലോഹങ്ങള്‍ക്കും അനുബന്ധ ഉത്പന്നങ്ങള്‍ക്കും ഏപ്രിലില്‍ കയറ്റുമതി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് ഇന്ത്യയുടെ ഈ നീക്കം. ആഭ്യന്തര ഉത്പാദനം പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ 1,345 കോടി രൂപ വകയിരുത്തിയതായി കേന്ദ്ര മന്ത്രി എച്ച്.ഡി. കുമാരസ്വാമി അറിയിച്ചു. ഇതിനായുള്ള കരട് പദ്ധതി വിവിധ മന്ത്രാലയങ്ങളുടെ കൂടിയാലോചനകള്‍ക്കായി ഇതിനോടകം വിതരണം ചെയ്തിട്ടുണ്ടെന്നും, സമഗ്രമായ നയരേഖ ഉടന്‍ പുറത്തിറക്കുമെന്നും മന്ത്രാലയം സെക്രട്ടറി കമ്രാന്‍ റിസ്വി വ്യക്തമാക്കി. ടെലികോം, ഇലക്ട്രിക് വാഹനങ്ങള്‍, പ്രതിരോധം തുടങ്ങിയ മേഖലകള്‍ക്ക് അത്യന്താപേക്ഷിതമായ അപൂര്‍വ ലോഹ കാന്തങ്ങളുടെയും ധാതുക്കളുടെയും പ്രാദേശിക ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഘനവ്യവസായ, ഖനി മന്ത്രാലയങ്ങള്‍ അന്തിമമാക്കിക്കൊണ്ടിരിക്കുകയാണ്.

നിര്‍ദ്ദിഷ്ട പദ്ധതി സ്വകാര്യ കമ്പനികളെയും പൊതുമേഖലാ സ്ഥാപനങ്ങളെയും ഉള്‍ക്കൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നത്. അസംസ്‌കൃത വസ്തുക്കളുടെ ഖനനം മുതല്‍ ശുദ്ധീകരണം, റെയര്‍ എര്‍ത്ത് മാഗ്നൈറ്റ്‌സ് നിര്‍മ്മാണം വരെയുള്ള മുഴുവന്‍ ശൃംഖലയിലും ആഭ്യന്തര ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ഇത് പ്രോത്സാഹനം നല്‍കും. വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയും വാഹന ഘടകങ്ങള്‍ നിര്‍മ്മിക്കുന്ന ഉനോ മിന്‍ഡയും ഇവ ഉത്പാദിപ്പിക്കുന്നതില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ജൂണില്‍ ഘന വ്യവസായ മന്ത്രാലയവുമായി നടത്തിയ കൂടിക്കാഴ്ചയില്‍, നിലവിലുള്ള നിര്‍മ്മാതാക്കളുമായി സഹകരിക്കുകയോ പ്രാദേശിക നിര്‍മ്മാതാക്കളുമായി ദീര്‍ഘകാല വിതരണ കരാറില്‍ ഏര്‍പ്പെടുകയോ ചെയ്യാമെന്ന് മഹീന്ദ്ര സൂചിപ്പിച്ചിരുന്നു.

4 മാരുതി സുസുകി ഉള്‍പ്പെടെയുള്ള പ്രമുഖ വാഹന നിര്‍മ്മാതാക്കള്‍ക്ക് ഘടകങ്ങള്‍ വിതരണം ചെയ്യുന്ന ഉനോ മിന്‍ഡയും പ്രാദേശിക ഉത്പാദനം ആരംഭിക്കാന്‍ പദ്ധതിയിടുന്നതായി സൂചന നല്‍കിയിട്ടുണ്ട്. ഫോര്‍ഡ്, സ്റ്റെല്ലാന്റിസ് തുടങ്ങിയ ആഗോള കമ്പനികള്‍ക്ക് ഗിയറുകളും മോട്ടോറുകളും വിതരണം ചെയ്യുന്ന സോന കോംസ്റ്റാറും നേരത്തെ ആഭ്യന്തരമായി ഇവ ഉത്പാദിപ്പിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. ഈ രംഗത്തേക്ക് കടന്നുവരാന്‍ ഔദ്യോഗികമായി താല്‍പ്പര്യം കാണിച്ച ആദ്യ ഇന്ത്യന്‍ കമ്പനിയാണ് സോന കോംസ്റ്റാര്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യ ഇറക്കുമതി ചെയ്ത 540 ടണ്‍ റെയര്‍ എര്‍ത്ത് മാഗ്നൈറ്റ്‌സില്‍ 80 ശതമാനത്തിലധികവും ചൈനയില്‍ നിന്നായിരുന്നു.