128 ജിബി സ്റ്റോറേജുള്ള ഐഫോണ്‍ 16 പ്രോ ജെഡി.കോമില്‍ വെറും 63,900 രൂപയ്ക്ക് (5,469 യുവാന്‍) ലഭ്യമാണ്.
വിപണി വിഹിതം കുറയുന്ന ചൈനയില്‍ വില്‍പ്പന വര്‍ദ്ധിപ്പിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായി, ഐഫോണ്‍ 16 ന് ഏകദേശം 31,500 രൂപ (2,530 യുവാന്‍) വരെ വില കുറച്ച് ചൈനീസ് ഓണ്‍ലൈന്‍ വ്യാപാരികള്‍ രംഗത്ത്. '618' ഷോപ്പിംഗ് ഫെസ്റ്റിവലിന് തൊട്ടുമുമ്പാണ് ഈ നീക്കം. ജെഡി.കോം (jd.com), അലിബാബയുടെ ടിമാള്‍ (Tmall) തുടങ്ങിയ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഷോപ്പിംഗ് ആഘോഷങ്ങള്‍ക്ക് മുന്നോടിയായി ആകര്‍ഷകമായ വിലക്കിഴിവുകളാണ് വാഗ്ദാനം ചെയ്യുന്നത്. 128 ജിബി സ്റ്റോറേജുള്ള ഐഫോണ്‍ 16 പ്രോ ജെഡി.കോമില്‍ വെറും 63,900 രൂപയ്ക്ക് (5,469 യുവാന്‍) ലഭ്യമാണ്. ഇത് ആപ്പിളിന്‍റെ ഔദ്യോഗിക വിലയായ 93,400 രൂപയുടെ (7,999 യുവാന്‍)ക്കാള്‍ ഏകദേശം 29,500 രൂപയുടെ കുറവാണ്. അതേസമയം, 256 ജിബി സ്റ്റോറേജുള്ള ഐഫോണ്‍ 16 ഏകദേശം 63,900 രൂപയ്ക്ക് (5,469 യുവാന്‍) ലിസ്റ്റ് ചെയ്തിരിക്കുന്നു. സര്‍ക്കാര്‍ സബ്സിഡികള്‍ ഉള്‍പ്പെടെ യഥാര്‍ത്ഥ വിലയായ 78,400 രൂപയുടെ (6,999 യുവാന്‍)ക്കാള്‍ ഏകദേശം 14,500 രൂപയുടെ ലാഭമാണ് ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്.
ടിമാളും ഈ രംഗത്ത് പിന്നിലല്ല. സര്‍ക്കാര്‍ സഹായത്തോടെയുള്ള കിഴിവുകള്‍ ഉള്‍പ്പെടെയുള്ള കൂപ്പണുകള്‍ ഉപയോഗിക്കുമ്പോള്‍ ഐഫോണ്‍ 16 പ്രോ ഏകദേശം 64,250 രൂപയ്ക്ക് (5,499 യുവാന്‍) ലഭ്യമാക്കുന്നു. ഇത് ഏകദേശം 29,150 രൂപയുടെ (2,500 യുവാന്‍) കുറവാണ് എന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ വിലക്കിഴിവുകള്‍ക്ക് പിന്നില്‍ ആപ്പിള്‍ നേരിട്ടാണോ അതോ പ്ലാറ്റ്ഫോമുകളാണോ എന്ന് വ്യക്തമല്ലെങ്കിലും, ഉയര്‍ന്ന ഡിമാന്‍ഡുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് വലിയ കിഴിവുകള്‍ ലഭിക്കുന്ന '618' ഫെസ്റ്റ് മുതലെടുക്കാനുള്ള ആപ്പിളിന്‍റെ തന്ത്രത്തിന്‍റെ ഭാഗമാണിതെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ഐഫോണ്‍ വില്‍പ്പന വര്‍ദ്ധിപ്പിക്കാന്‍ ചൈനയുടെ സര്‍ക്കാര്‍ സബ്സിഡികള്‍ പ്രയോജനപ്പെടുത്തി ആപ്പിള്‍ മുന്‍പും സമാനമായ തന്ത്രങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്
ചൈനയിലെ ആപ്പിള്‍ സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി 9% കുറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ഈ വിലക്കിഴിവുകള്‍ വരുന്നത്. മറുവശത്ത്, ഷവോമി, ഹുവാവേ പോലുള്ള പ്രാദേശിക എതിരാളികള്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നു, അവരുടെ കയറ്റുമതി യഥാക്രമം 40%, 10% എന്നിങ്ങനെ വര്‍ദ്ധിച്ചു. മന്ദഗതിയിലാകുന്ന സമ്പദ്വ്യവസ്ഥയില്‍ ഉപഭോഗം ഉത്തേജിപ്പിക്കാനുള്ള തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് ആപ്പിളിന്‍റെ വിലക്കിഴിവും ചൈനീസ് സര്‍ക്കാരിന്‍റെ സബ്സിഡികളും. ഏകദേശം 69,900 രൂപയ്ക്ക് (6,000 യുവാന്‍) താഴെ വിലയുള്ള സ്മാര്‍ട്ട്ഫോണുകള്‍ക്ക് സബ്സിഡി ലഭ്യമാക്കുന്നതിലൂടെ, ഈ വലിയ വിലക്കുറവുകള്‍ ചൈനയിലെ ഉപഭോക്തൃ ഡിമാന്‍ഡ് വീണ്ടും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ആപ്പിളും അവരുടെ ഇ-കൊമേഴ്സ് പങ്കാളികളും.


