ആപ്പിള്‍, മൈക്രോസോഫ്റ്റ്, യൂണിലിവര്‍, ഇന്‍ഫോസിസ്, സോണി, നെസ്‍ല തുടങ്ങി 215 വലിയ കമ്പനികളെ ഉള്‍പ്പെടുത്തിയാണ് പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുളളത്. 

ലണ്ടന്‍: കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനം മൂലം ആഗോളതലത്തില്‍ 200 ലധികം വന്‍കിട കമ്പനികള്‍ക്ക് സംയുക്തമായി 970 ബില്യണ്‍ ഡ‍ോളറിന്‍റെ നഷ്ടമുണ്ടാകുമെന്ന് പഠന റിപ്പോര്‍ട്ട്. അടുത്ത അഞ്ച് വര്‍ഷ കാലയളവില്‍ ഈ നഷ്ടം സംഭവിക്കുമെന്ന് കണക്കാക്കുന്നത്. കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ച് അറിവ് നല്‍കുകയും അതിനെ നേരിടാന്‍ സഹായിക്കുകയും ചെയ്യുന്ന സ്ഥാപനമായ യുകെ ആസ്ഥാനമായ സിഡിപിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

ആപ്പിള്‍, മൈക്രോസോഫ്റ്റ്, യൂണിലിവര്‍, ഇന്‍ഫോസിസ്, സോണി, നെസ്‍ല തുടങ്ങി 215 വലിയ കമ്പനികളെ ഉള്‍പ്പെടുത്തിയാണ് പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുളളത്. 17 ട്രില്യണ്‍ ഡോളറാണ് ഇവയുടെ സംയോജിത മൂല്യം. ചൂടു കൂടുന്നതും പ്രക്ഷുബ്ധമായ കാലാവസ്ഥയും ഹരിതഗൃഹ വാതകങ്ങള്‍ പുറത്തുവിടുന്നതിന് നല്‍കേണ്ട പിഴയും മറ്റുമാണ് കമ്പനികളെ ബാധിക്കുക. പ്രമുഖ ബിസിനസ് സ്ഥാപനങ്ങള്‍ക്കും നഗരങ്ങള്‍ക്കും പരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ നേരിടാനുളള മുന്നൊരുക്കങ്ങള്‍ നടത്താനും സിഡിപി സഹായിക്കാറുണ്ട്.