പുതിയ നിയമം അനുസരിച്ച് 2500 രൂപ വരെയുള്ള വസ്ത്രങ്ങള്‍ക്ക് 5% ജിഎസ്ടി മാത്രം മതി. ഇത് ഉപഭോക്താക്കള്‍ക്ക് 7% വരെ ലാഭമുണ്ടാക്കും. 2500 രൂപയില്‍ കൂടുതല്‍ വിലയുള്ള വസ്ത്രങ്ങള്‍ക്ക് 18% ജി.എസ്.ടി നല്‍കേണ്ടിവരും

സ്ത്രങ്ങള്‍ വാങ്ങുമ്പോള്‍ ഇനി വില നോക്കി വാങ്ങേണ്ടി വരും. ഇന്നു മുതല്‍ വസ്ത്രങ്ങളുടെ ജി.എസ്.ടി നിരക്കില്‍ വലിയ മാറ്റങ്ങള്‍ വരികയാണ്. 1000 രൂപയ്ക്കും 2500 രൂപയ്ക്കും ഇടയിലുള്ള വസ്ത്രങ്ങള്‍ക്ക് ഇനിമുതല്‍ കുറഞ്ഞ ജി.എസ്.ടി നല്‍കിയാല്‍ മതി. എന്നാല്‍ 2500 രൂപയ്ക്ക് മുകളില്‍ വിലയുള്ള വസ്ത്രങ്ങള്‍ക്ക് ജി.എസ്.ടി കൂടും. 

പുതിയ മാറ്റങ്ങള്‍ ഇതാ:

ഇതുവരെ 1000 രൂപയില്‍ താഴെയുള്ള വസ്ത്രങ്ങള്‍ക്ക് 5% ജി.എസ്.ടി യും അതിനു മുകളിലുള്ളവയ്ക്ക് 12% ജി.എസ്.ടി യുമായിരുന്നു. എന്നാല്‍ പുതിയ നിയമം അനുസരിച്ച് 2500 രൂപ വരെയുള്ള വസ്ത്രങ്ങള്‍ക്ക് 5% ജി.എസ്.ടി മാത്രം മതി. ഇത് ഉപഭോക്താക്കള്‍ക്ക് 7% വരെ ലാഭമുണ്ടാക്കും. അതേസമയം, 2500 രൂപയില്‍ കൂടുതല്‍ വിലയുള്ള വസ്ത്രങ്ങള്‍ക്ക് 18% ജി.എസ്.ടി നല്‍കേണ്ടിവരും. അതായത്, 12 ശതമാനത്തില്‍ നിന്ന് 18 ശതമാനത്തിലേക്ക് നികുതി ഉയരും. ഇത് ഉപഭോക്താക്കള്‍ക്ക് 6% അധിക ചെലവുണ്ടാക്കും.

ഡിസ്‌കൗണ്ടുകള്‍ക്ക് ജി.എസ്.ടി ബാധകമാകുന്നത് എങ്ങനെ ?

ഡിസ്‌കൗണ്ടുകള്‍ക്ക് ജി.എസ്.ടി എങ്ങനെ ബാധകമാകുമെന്ന് പലര്‍ക്കും സംശയമുണ്ടാവാം. 3000 രൂപ വിലയുള്ള ഒരു ഷര്‍ട്ടിന് 599 രൂപ ഡിസ്‌കൗണ്ട് ലഭിച്ചാല്‍ അതിന്റെ അന്തിമ വില 2401 രൂപയാകും. ഈ സാഹചര്യത്തില്‍ 5% ജി.എസ്.ടി മാത്രമേ ഈടാക്കുകയുള്ളൂ. കാരണം, ഇന്‍വോയ്സില്‍ കാണിക്കുന്ന അന്തിമ വിലയുടെ അടിസ്ഥാനത്തിലാണ് ജി.എസ്.ടി കണക്കാക്കുന്നത്.

ഉദാഹരണത്തിന്: 2000 രൂപ വിലയുള്ള ഒരു ഷര്‍ട്ടിന് 5% ജി.എസ്.ടി നിരക്കില്‍ 100 രൂപ ചേര്‍ത്ത് 2100 രൂപ നല്‍കിയാല്‍ മതി. 2500 രൂപയുടെ ഷര്‍ട്ടിന് 5% ജി.എസ്.ടി ഉള്‍പ്പെടെ 2625 രൂപയാകും. 2600 രൂപ വിലയുള്ള ഷര്‍ട്ടിന് 300 രൂപ ഡിസ്‌കൗണ്ട് ലഭിച്ച് വില 2300 രൂപയായാല്‍, 5% ജി.എസ്.ടി മാത്രം നല്‍കിയാല്‍ മതിയാകും. അപ്പോള്‍ ഉപഭോക്താവിന് ഷര്‍ട്ട് 2415 രൂപയ്ക്ക് ലഭിക്കും.

ക്രെഡിറ്റ് കാര്‍ഡ് ഓഫറുകളും ജിഎസ്്ടിയും?

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ ലഭിക്കുന്ന പ്രത്യേക ഡിസ്‌കൗണ്ടുകള്‍ക്ക് ജി.എസ്.ടി എങ്ങനെ ബാധകമാവുമെന്ന് നോക്കാം.

ഇന്‍വോയ്സില്‍ ഡിസ്‌കൗണ്ട് രേഖപ്പെടുത്തിയാല്‍:

3000 രൂപയുടെ ഷര്‍ട്ട് ക്രെഡിറ്റ് കാര്‍ഡ് ഓഫര്‍ വഴി 2000 രൂപയ്ക്ക് ലഭിക്കുകയാണെങ്കില്‍, ഈ ഡിസ്‌കൗണ്ട് ഇന്‍വോയ്സില്‍ രേഖപ്പെടുത്തിയാല്‍ 5% ജി.എസ്.ടി മാത്രമേ ഈടാക്കുകയുള്ളൂ.

ക്യാഷ്ബാക്ക് രൂപത്തിലാണെങ്കില്‍: ഇന്‍വോയ്സില്‍ 3000 രൂപ എന്ന് തന്നെ രേഖപ്പെടുത്തി, പിന്നീട് ക്രെഡിറ്റ് കാര്‍ഡ് കമ്പനി ക്യാഷ്ബാക്ക് ആയി പണം തിരികെ നല്‍കുകയാണെങ്കില്‍, ഷര്‍ട്ടിന്റെ യഥാര്‍ത്ഥ വിലയായ 3000 രൂപയ്ക്ക് 18% ജി.എസ്.ടി നല്‍കേണ്ടിവരും.

അതിനാല്‍, വസ്ത്രങ്ങള്‍ വാങ്ങുമ്പോള്‍ ഇന്‍വോയ്സില്‍ രേഖപ്പെടുത്തിയിരിക്കുന്ന അന്തിമ വില ശ്രദ്ധിക്കുന്നത് ഉപഭോക്താക്കള്‍ക്ക് ലാഭമുണ്ടാക്കാന്‍ സഹായിക്കും. ഈ മാറ്റങ്ങള്‍ക്കനുസരിച്ച് ഇ-കൊമേഴ്സ് സൈറ്റുകളും ഷോപ്പുകളും അവരുടെ സംവിധാനങ്ങള്‍ പരിഷ്‌കരിക്കേണ്ടതുണ്ട്.