2023-24 സാമ്പത്തിക വര്‍ഷത്തില്‍ കാമ്പ കോള 400 കോടി രൂപയുടെ വരുമാനം നേടിയതായി കണക്കുകള്‍ പറയുന്നു. 

ഇന്ത്യന്‍ വിപണിയിലെ വര്‍ദ്ധിച്ചുവരുന്ന മത്സരം തങ്ങളെ കൂടുതല്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ പ്രേരിപ്പിക്കുന്നുവെന്ന് കോക്കകോള. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഗ്രൂപ്പിന്റെ കാമ്പ കോള പോലുള്ള ബ്രാന്‍ഡുകള്‍ കാര്‍ബൊണേറ്റഡ് പാനീയ വിപണിയില്‍ മത്സരം കടുപ്പിക്കുന്ന സാഹചര്യത്തിലാണ് കൊക്ക കോളയുടെ നിലപാട്.റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഉപഭോക്തൃ ഉല്‍പ്പന്ന വിഭാഗം 2022-ലാണ് നിശ്ചലമായിരുന്ന കാമ്പ കോള ബ്രാന്‍ഡ് ഏറ്റെടുത്ത് ഒരു വര്‍ഷത്തിന് ശേഷം വിപണിയില്‍ വീണ്ടും അവതരിപ്പിച്ചത്. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ കാമ്പ കോള 400 കോടി രൂപയുടെ വരുമാനം നേടിയതായി കണക്കുകള്‍ പറയുന്നു. ഈ സാമ്പത്തിക വര്‍ഷം ഇത് 1000 കോടി രൂപയായി ഉയരുമെന്ന് ആണ് വിലയിരുത്തല്‍.

ഇന്ത്യയിലെ തങ്ങളുടെ 'ബില്യണ്‍ ഡോളര്‍ ബ്രാന്‍ഡുകളുടെ' എണ്ണം വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുമെന്ന് കോക്കകോളയ്ക്ക് വലിയ പ്രതീക്ഷയുണ്ടെന്ന് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ ഹെന്റിക് ബ്രൗണ്‍ പറഞ്ഞു. നിലവില്‍ തംസ്അപ്പ്, മാസാ, സ്‌പ്രൈറ്റ് എന്നീ മൂന്ന് ബില്യണ്‍ ഡോളര്‍ ബ്രാന്‍ഡുകള്‍ ഇന്ത്യയില്‍ നിന്നുള്ളവയാണെന്നും, ഇത് ഇന്ത്യന്‍ പാനീയ വിപണിയുടെ കരുത്ത് വ്യക്തമാക്കുന്നുവെന്നും ബ്രൗണ്‍ പറഞ്ഞു. വളര്‍ച്ചയില്‍ നിലവില്‍ കോക്കകോളയുടെ അഞ്ചാമത്തെ വലിയ വിപണിയാണ് ഇന്ത്യ. ഇന്ത്യന്‍ വിപണിയിലെ മികച്ച പത്ത് പാനീയ ബ്രാന്‍ഡുകളില്‍ ഏഴെണ്ണവും കോക്കകോളയുടേതാണ്. തങ്ങളുടെ ഉല്‍പ്പന്ന ശ്രേണി വികസിപ്പിക്കാനും പ്രാദേശികവല്‍ക്കരിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്. കാര്‍ബെണേറ്റഡ് പാനീയങ്ങള്‍ക്ക് ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ നികുതി ഈടാക്കുന്ന വിപണികളിലൊന്നാണ് ഇന്ത്യ. 28 ശതമാനം ജിഎസ്ടിയും 12 ശതമാനം അധിക സെസ്സും ഈടാക്കുന്നുണ്ട്. 

ചൂട് കാലത്തിന് അപ്പുറം വില്‍പ്പന ലക്ഷ്യമിട്ട് കോക്കകോള

സാധാരണയായി വേനല്‍ക്കാലത്താണ് ശീതളപാനീയങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ വിറ്റുവരവ് ലഭിക്കാറുള്ളത്. എന്നാല്‍ കാലാവസ്ഥാ വ്യതിയാനങ്ങളും അപ്രതീക്ഷിത മഴയും മറ്റും വില്‍പ്പനയെ ബാധിക്കുന്ന സാഹചര്യത്തില്‍, വേനല്‍ക്കാലത്തിന് അപ്പുറവും ആളുകള്‍ക്ക് ശീതളപാനീയങ്ങള്‍ വാങ്ങാന്‍ തോന്നിപ്പിക്കുന്ന ഒരു പുതിയ തന്ത്രം ആവിഷ്‌കരിച്ചിരിക്കുകയാണ് കോക്കകോള. ഇന്ത്യയിലെ ഉത്സവകാലങ്ങളില്‍ തണുത്ത പാനീയങ്ങളുടെ വില്‍പ്പന വര്‍ദ്ധിപ്പിക്കാനാണ് കോക്കകോള പ്രധാനമായും ലക്ഷ്യമിടുന്നത്. ഇക്കൊല്ലം നേരത്തെ കാലവര്‍ഷം എത്തിയത് വേനല്‍ക്കാല വില്‍പ്പനയെ ബാധിച്ചേക്കാമെന്നും ഹെന്റിക് ബ്രൗണ്‍ സൂചിപ്പിച്ചു.ആരോഗ്യകരമായ പാനീയങ്ങളിലേക്ക് മാറുന്ന ഉപഭോക്താക്കള്‍ക്കായി, തങ്ങളുടെ ഉല്‍പ്പന്നങ്ങളില്‍ മൂന്നില്‍ രണ്ട് ഭാഗവും പൂജ്യം കലോറി ഉല്‍പ്പന്നങ്ങളാണെന്ന് ബ്രൗണ്‍ ചൂണ്ടിക്കാട്ടി.