തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്‍റെ സാഹചര്യത്തിൽ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗൺ എങ്ങനെ തുടരുമെന്ന കാര്യത്തിൽ കേന്ദ്ര തീരുമാനം വരാനിരിക്കെ വ്യവസായ  വാണിജ്യ രംഗം കൂടുതൽ തുറന്ന് സജീവമാക്കാനുള്ള നടപടികൾക്കൊരുങ്ങി സംസ്ഥാന സർക്കാർ.  പ്രധാനമേഖലകളിൽ ദീർഘകാല ആഘാതം നേരിട്ടതിനാൽ  സാമ്പത്തികരംഗം സാധാരണ നിലയിലാകാൻ ഏറെ സമയമെടുക്കുമെന്നാണ് വിലയിരുത്തൽ.

 വൈറസിന്‍റെ വ്യാപനം കൂടി പരിഗണിച്ചാകും വിപണി തുറക്കുന്ന കാര്യത്തിൽ തീരുമാമെടുക്കുകയെന്നാണ് ധനമന്ത്രി തോമസ് ഐസക് പറയുന്നത്. അതേ സമയം വൈറസിനെ ഭയന്ന് ഇനിയും അടച്ചിടുന്നത് ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്ന് വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നുണ്ട്.

നിലവിൽ 20,000 കോടിയുടെ വരുമാനം നൽകുന്ന ടൂറിസം മേഖല പാടെ തകർന്ന അവസ്ഥയിലാണ്. പ്രവാസി വരുമാനം ഏറ്റവും മോശം നിലയിൽ എത്തി നിൽക്കുന്നു.  12 ലക്ഷത്തിലധികം പേർ തൊഴിലെടുക്കുന്ന മോട്ടോർവാഹന, ഗതാഗത മേഖല പൂർണ്ണമായും നിശ്ചലമാണ്. വിദ്യാഭ്യാസ മേഖല സ്തംഭിച്ചു. ആൾക്കൂട്ടമില്ലാത്ത കാലത്തോളം ഓഡിറ്റോറിയങ്ങൾ, ചെറുഹാളുകൾ, മാളുകൾ,  ഒന്നരലക്ഷത്തോളം വരുന്ന ആരാധനാ കേന്ദ്രങ്ങൾ ഇവയെച്ചുറ്റി ഉപജീവനം നടത്തിയവർക്കൊന്നും ഏറെനാളേക്ക് വരുമാനമില്ല.

കൊവിഡ് പ്രതിസന്ധി അയഞ്ഞാലും സാമ്പത്തികരംഗം സാധാരണനിലയിലാകാൻ ഏറെനാളെടുക്കും.  രണ്ടാംഘട്ട ലോക്ക് ഡൗണിൽ 15,000 കോടിയായിരുന്നു വരുമാന നഷ്ടം.  എന്നാൽ വൈറസിനെ ഭയന്ന് തൊഴിൽ നിലച്ച്  ഇങ്ങനെ തുടരാനാവില്ലെന്ന് വിദഗ്ദർ സർക്കാരിനെ അറിയിച്ചു കഴിഞ്ഞു. വരുമാനമടഞ്ഞ ഏപ്രിലിൽ നിന്നും വിപണി ചെറുതായെങ്കിലും ചലിച്ചു തുടങ്ങിയ മെയ് മാസത്തിൽ മാറ്റം പ്രകടമായിരുന്നു. മദ്യം, ആഭരണശാലകൾ, വൻകിട ടെക്സ്റ്റൈൽ എന്നിവയ്ക്ക് ഇളവ് നൽകാനാണ് ആലോചന.

നാലാംഘട്ടത്തിൽ വിപണി ഉണരുമെന്ന് പ്രതീക്ഷ. സ്വയം പര്യാപ്തതയിലൂന്നി കൃഷിക്കും പരമ്പരാഗത വ്യവസായ വാണിജ്യ മേഖലക്കും  ഊന്നൽ തുടരും. പ്രവാസികളെയടക്കം പരിഗണിച്ച് പുതിയ പാക്കേജുകൾ വരും. പൊതുഗതാഗതം കർശന നിയന്ത്രണങ്ങളോടെ മാത്രമാകും. നാലാംഘട്ടത്തിൽ കൂടി നിയന്ത്രണങ്ങൾ പ്രതീക്ഷിക്കണമെന്നാണ് ധനമന്ത്രി തോമസ് ഐസക് പറയുന്നത്. നിയന്ത്രിത അളവിൽ നിയന്ത്രണങ്ങൾക്ക് ഇളവ് നൽകി വിപണി ചലിപ്പിക്കാനുള്ള പദ്ധതികളാണ് സര്‍ക്കാര്‍ തലത്തിൽ നടക്കുന്നത്. 

സമ്പൂർണ്ണ തകർച്ചയിലേക്ക് പോകാതെ ജനജീവിതം സംരക്ഷിക്കുക എന്നതിനൊപ്പം. കൈവിട്ടുപോകാതെ കൊവിഡിനെ തടഞ്ഞു നിർത്തുക എന്നതിനാകും വരും ദിവസങ്ങളിൽ സര്‍ക്കാര്‍ ഊന്നൽ നൽകുക. . വൈറസിനൊപ്പം ജീവിക്കാൻ തയാറെടുത്തുള്ള കേരളത്തിന്റെ യാത്ര കടുപ്പമാകുമെന്ന് ചുരുക്കം.