ആഭ്യന്തര വിപണിയിൽ, എംസിഎക്സ് സിൽവർ നിലവിൽ കിലോഗ്രാമിന് 3,30,000 രൂപ മുതൽ 3,40,000 രൂപ വരെയാണ് വ്യാപാരം നടത്തുന്നത്
ചരിത്രത്തിലാദ്യമായി COMEX-ൽ വെള്ളി വില ഔൺസിന് 100 ഡോളർ കടന്നു. ഇന്ന് 7.15% ഉയർന്ന് 103.26 എന്ന നിലയിലേക്ക് വില എത്തി. ധനനയ മാറ്റങ്ങൾ, ഭൗമരാഷ്ട്രീയ അനിശ്ചിതത്വം, വിതരണ പരിമിതികൾ എന്നിവ കാരണമാണ് വില വർദ്ധനവ്. ആഭ്യന്തര വിപണിയിൽ, എംസിഎക്സ് സിൽവർ നിലവിൽ കിലോഗ്രാമിന് 3,30,000 രൂപ മുതൽ 3,40,000 രൂപ വരെയാണ് വ്യാപാരം നടത്തുന്നത്. സ്വർണവിലയും റെക്കോർഡുകൾ മറികടന്ന് മുന്നേറുകയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തെ കണക്കെടുത്താല്‍ നിക്ഷേപകര്‍ക്ക് 200 ശതമാനത്തോളം ആദായമാണ് വെള്ളി നല്‍കിയിരിക്കുന്നത്. ആഭരണം എന്നതിലുപരി ഒരു വ്യാവസായിക ലോഹം എന്ന നിലയിലാണ് വെള്ളിയുടെ ഡിമാന്‍ഡ് വര്‍ധിക്കുന്നത്. വൈദ്യുതി കടത്തിവിടാനുള്ള ശേഷിയും തുരുമ്പിനെ പ്രതിരോധിക്കാനുള്ള കഴിവുമാണ് വെള്ളിയെ പ്രിയങ്കരമാക്കുന്നത്.
എന്തുകൊണ്ട് ഈ കുതിപ്പ്?
ആഗോളതലത്തില്‍ നിലനില്‍ക്കുന്ന വ്യാപാര തര്‍ക്കങ്ങളും യുഎസ് ഡോളറിന്റെ മൂല്യത്തിലുണ്ടായ ഇടിവുമാണ് വെള്ളിക്ക് കരുത്തായത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തോടൊപ്പം വെള്ളിയെയും നിക്ഷേപകര്‍ ആശ്രയിക്കുന്നു. നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ വെള്ളി കിലോയ്ക്ക് 3.27 ലക്ഷം രൂപ വരെ ഉയര്‍ന്നു നില്‍ക്കുകയാണ്.
നിക്ഷേപകര്‍ ശ്രദ്ധിക്കാന്‍:
അമിത ആവേശം വേണ്ട: വെള്ളി വിലയില്‍ വലിയ മാറ്റങ്ങള്‍ പെട്ടെന്ന് സംഭവിക്കാം. അതുകൊണ്ട് കൈയിലുള്ള മുഴുവന്‍ തുകയും ഒറ്റയടിക്ക് നിക്ഷേപിക്കരുത്.
സ്വര്‍ണമല്ല വെള്ളി: കേന്ദ്ര ബാങ്കുകളുടെ പിന്തുണയുള്ള സ്വര്‍ണം പോലെയല്ല വെള്ളിയെന്നും, ഇതില്‍ ഊഹക്കച്ചവടം കൂടുതലാണെന്നും ഓര്‍ക്കുക.
ദീര്‍ഘകാല നിക്ഷേപം: വിലയില്‍ താല്‍ക്കാലിക തിരുത്തലുകള്‍ ഉണ്ടായേക്കാമെങ്കിലും അടുത്ത ഏതാനും വര്‍ഷങ്ങള്‍ ലോഹങ്ങള്‍ക്ക് അനുകൂലമായിരിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
നിലവിലെ കുതിപ്പ് തുടരുമെങ്കിലും വിപണിയില്‍ എപ്പോള്‍ വേണമെങ്കിലും നിയന്ത്രണങ്ങള്‍ വരാമെന്നും ലാഭമെടുക്കാന്‍ ശ്രമിക്കുന്നവര്‍ കൃത്യമായ പ്ലാനിംഗോടെ നീങ്ങണമെന്നും സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
