ആഗോള കമ്പനികൾക്ക് പിന്നാലെ ഗർഭനിരോധന ഉറകളുടെ വില വർദ്ധിപ്പിക്കാൻ ഒരുങ്ങി മാൻകൈൻഡ് ഫാർമ ഉൾപ്പെടെയുള്ള ഇന്ത്യൻ കമ്പനികളും. മധ്യേഷ്യയിലെ സംഘർഷം മൂലം എണ്ണവില കുതിച്ചുയർന്നതാണ് ഇതിന് പ്രധാന കാരണം. ലൂബ്രിക്കന്റുകൾ, പാക്കിങ് സാമഗ്രികൾ എന്നിവയുടെ നിർമ്മാണച്ചെലവ് കൂടിയതിനാൽ ഈ ഭാരം ഉപഭോക്താക്കളിലേക്ക് കൈമാറേണ്ടി വരുമെന്ന് കമ്പനികൾ വ്യക്തമാക്കുന്നു.
ഗര്‍ഭ നിരോധന ഉറകളുടെ വില കൂട്ടാനുള്ള ആഗോള കമ്പനികളുടെ തീരുമാനത്തിന് പിന്നാലെ വില വര്‍ധന പ്രഖ്യാപിച്ച് ഇന്ത്യന്‍ കമ്പനികളും. മധ്യേഷ്യയിലെ സംഘര്‍ഷം തുടരുകയും എണ്ണവില ഉയര്‍ന്നുനില്‍ക്കുകയും ചെയ്താല്‍ ഗര്‍ഭ നിരോധന ഉറകളുടെ വില വര്‍ദ്ധിപ്പിക്കേണ്ടി വരുമെന്ന് മാന്‍കൈന്‍ഡ് ഫാര്‍മ വ്യക്തമാക്കി. നിലവില്‍ ആവശ്യത്തിനുള്ള സ്റ്റോക്ക് കയ്യിലുണ്ടെന്നും ഏതാനും മാസത്തേക്ക് പ്രശ്‌നമില്ലെന്നും മാന്‍കൈന്‍ഡ് ഫാര്‍മ അറിയിച്ചു. എന്നാല്‍ എണ്ണവില ഇനിയും ഉയര്‍ന്നാല്‍ വര്‍ധിച്ച ഉല്‍പ്പാദനച്ചെലവിന്റെ ഒരു ഭാഗം ഉപഭോക്താക്കളിലേക്ക് കൈമാറേണ്ടിവരുമെന്ന് കമ്പനി വ്യക്തമാക്കി.

എണ്ണവിലയും നിര്‍മ്മാണച്ചെലവും
ഗര്‍ഭ നിരോധന ഉറകളുടെ നിര്‍മ്മാണത്തില്‍ പ്രധാന അസംസ്‌കൃത വസ്തു ലാറ്റക്‌സ് ആണെങ്കിലും, അനുബന്ധ സാമഗ്രികള്‍ക്ക് എണ്ണയെയാണ് ആശ്രയിക്കുന്നത്. ലൂബ്രിക്കന്റുകള്‍, കെമിക്കലുകള്‍, പാക്കിങ് വസ്തുക്കള്‍ എന്നിവ നിര്‍മ്മിക്കാന്‍ പെട്രോളിയം അധിഷ്ഠിത ഉല്‍പ്പന്നങ്ങള്‍ ആവശ്യമാണ്. ഫെബ്രുവരി 28-ന് യുദ്ധം ആരംഭിച്ചതുമുതല്‍ ആഗോള വിപണിയില്‍ എണ്ണവിലയില്‍ 50 ശതമാനത്തോളം വര്‍ധനയാണുണ്ടായത്. ബാരലിന് 100 ഡോളറിലധികമാണ് നിലവിലെ വില. ഇത് കോണ്ടം നിര്‍മ്മാണച്ചെലവിനെ വലിയ തോതില്‍ ബാധിച്ചിട്ടുണ്ട്.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ബ്രാന്‍ഡുകളില്‍ ഒന്നാണ് മാന്‍ഫോഴ്‌സ്. 10 എണ്ണമടങ്ങുന്ന ഒരു പാക്കറ്റിന് സാധാരണയായി 100 മുതല്‍ 150 രൂപ വരെയാണ് വില. ഡ്യൂറക്‌സ് ഉള്‍പ്പെടെയുള്ള പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് കോണ്ടം വിതരണം ചെയ്യുന്ന മലേഷ്യന്‍ കമ്പനിയായ ക്യാറെക്സ്, കഴിഞ്ഞ മാസം തന്നെ വില 30 ശതമാനം വര്‍ദ്ധിപ്പിച്ചിരുന്നു. സിന്തറ്റിക് റബ്ബര്‍, നൈട്രൈല്‍, പാക്കിങ് മെറ്റീരിയലുകള്‍ (അലുമിനിയം ഫോയില്‍, സിലിക്കണ്‍ ഓയില്‍) എന്നിവയുടെയെല്ലാം വില കുതിച്ചുയര്‍ന്നതാണ് ഇതിന് കാരണം.
ഇന്ത്യയിലെ കോണ്ടം വിപണി വളരെ വലുതാണ്. ഇന്ത്യയില്‍ പ്രതിവര്‍ഷം 400 കോടിയിലധികം കോണ്ടം ഉത്പാദിപ്പിക്കുന്നുണ്ട്. 860 മുതല്‍ 8,170 കോടി രൂപ വരെ മൂല്യമുള്ളതാണ് വിപണി. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എച്ച്എല്‍എല്‍ ലൈഫ്‌കെയര്‍ ലിമിറ്റഡ് മാത്രം പ്രതിവര്‍ഷം 221 കോടി കോണ്ടം നിര്‍മ്മിക്കുന്നുണ്ട്. മാന്‍കൈന്‍ഡ് ഫാര്‍മ, ക്യുപിഡ് ലിമിറ്റഡ് തുടങ്ങിയ സ്വകാര്യ കമ്പനികളും ആഭ്യന്തര, അന്താരാഷ്ട്ര വിപണിയില്‍ സജീവമാണ്.


