യുകെയിൽ സെക്ഷ്വൽ വെൽനെസ് ക്ലിനിക്കുകൾ അടച്ചതടക്കമുള്ള നടപടികൾ കോണ്ടം വിപണിക്ക് ഇത് തിരിച്ചടിയായി
ദില്ലി: കോണ്ടം വിൽപ്പന കൊവിഡ് കാലത്ത് കുത്തനെ ഇടിഞ്ഞു. ലോകത്തെ ഏറ്റവും വലിയ കോണ്ടം നിർമ്മാതാക്കളുടേതാണ് കണക്ക്. വിൽപ്പന രണ്ട് വർഷം കൊണ്ട് 40 ശതമാനത്തോളം ഇടിഞ്ഞെന്നാണ് മലേഷ്യയിൽ നിന്നുള്ള കോണ്ടം നിർമ്മാണ കമ്പനിയായ കാരെക്സിന്റെ കണക്ക്. വീടിനകത്ത് അടച്ചുപൂട്ടിയിരുന്ന മനുഷ്യർ ലൈംഗിക ബന്ധങ്ങളിൽ കൂടുതൽ ഇടപെട്ടിട്ടുണ്ടാകാമെന്നാണ് വിലയിരുത്തലെങ്കിലും കോണ്ടം വിൽപ്പന കുറഞ്ഞതിൽ നിരാശരാണ് കമ്പനികൾ.
ഒരു വർഷം 5.5 ബില്യൺ കോണ്ടമാണ് കാരെക്സ് നിർമ്മിച്ചിരുന്നത്. ഡ്യുറെക്സ്, വൺ കോണ്ടംസ് തുടങ്ങിയ ബ്രാന്റുകൾക്ക് കോണ്ടം വിതരണം ചെയ്തിരുന്നത് ഇവരാണ്. ഇതിന് പുറമെ സ്വന്തമായി കോണ്ടം ബ്രാന്റും ഇവർക്കുണ്ട്. കൊവിഡ് കാലത്ത് വിൽപ്പന ഉയരുമെന്നാണ് കാരെക്സ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ വിൽപ്പന കുത്തനെ ഇടിഞ്ഞതിൽ തെല്ലൊരമ്പരപ്പും കമ്പനിക്കുണ്ട്.
കാരെക്സിന് പുറമെ ഡ്യുറെക്സ്, ട്രോജൻ തുടങ്ങിയ കമ്പനികളെയും ലോക്ക്ഡൗൺ ബാധിച്ചിട്ടുണ്ട്. ഹോട്ടലുകളും മോട്ടലുകളും കൊവിഡ് കാലത്ത് അടച്ചതാണ് വിൽപ്പന കുറയാൻ കാരണമായതെന്നാണ് കമ്പനികളുടെ വിലയിരുത്തൽ. സെക്സ് ഇന്റസ്ട്രിയിലാകെ മഹാമാരി വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
സർക്കാരുകളുടെ കോണ്ടം വിതരണ പദ്ധതികളും വൻ തിരിച്ചടി നേരിട്ടിരിക്കുകയാണ്. യുകെയിൽ സെക്ഷ്വൽ വെൽനെസ് ക്ലിനിക്കുകൾ അടച്ചതടക്കമുള്ള നടപടികൾ കോണ്ടം വിപണിക്ക് ഇത് തിരിച്ചടിയായി. 2020 ജൂൺ മാസത്തിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ മലേഷ്യയിൽ കാരെക്സ് വൻ നഷ്ടം നേരിട്ടു. 2013 ൽ ഓഹരി വിപണിയിലേക്ക് എത്തിയ കമ്പനിക്ക് ആദ്യമായാണ് 2020 ൽ നഷ്ടം നേരിട്ടത്. 2021 ൽ കമ്പനിയുടെ ഓഹരി മൂല്യം ബുർസ മലേഷ്യ ഓഹരി വിപണിയിൽ 50 ശതമാനത്തോളം ഇടിഞ്ഞു.
അതേസമയം വിപണിയിൽ സമീപകാലത്ത് വിൽപ്പന ഉയരുന്നതിന്റെ ലക്ഷണമുണ്ട്. എന്നാൽ റിസ്ക് എടുക്കേണ്ടെന്ന നിലപാടിലാണ് കാരെക്സ്. അതിനാൽ കോണ്ടം ഉൽപ്പാദനത്തിന് പുറമെ മെഡിക്കൽ ഗ്രൗസും കമ്പനി നിർമ്മിക്കാൻ തുടങ്ങി. കയറ്റുമതി ലക്ഷ്യമിട്ടുള്ള ഈ നീക്കം വിജയം കണ്ടു. കോണ്ടം ഉൽപ്പാദനത്തിന് ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കൾ തന്നെയാണ് ഗ്ലൗസ് നിർമ്മിക്കാനും ഉപയോഗിച്ചത്.
