18.42 രൂപ വർധിപ്പിച്ച ശേഷം എട്ട് രൂപ കുറക്കുകയാണ് ചെയ്തതെന്നും കോൺഗ്രസ് സർക്കാറിന്റെ കാലവുമായി താരതമ്യം ചെയ്യുമ്പോൾ 19.90 രൂപയാണ് നികുതിയെന്നും അദ്ദേഹം പറഞ്ഞു.
ദില്ലി: യുപിഎ സർക്കാറും എൻഡിഎ സർക്കാറും ഈടാക്കിയ ഇന്ധന നികുതി ധനമന്ത്രി നിർമലാ സീതാരാമനെ ഓർമ്മപ്പെടുത്തി കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല. 2014 മെയിൽ പെട്രോളിന് കേന്ദ്ര സർക്കാർ 9.48 രൂപ മാത്രമാണ് ഈടാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം 2022 മേയിൽ പെട്രോൾ ലിറ്ററിന് 27.90 രൂപയാണ് കേന്ദ്ര സർക്കാർ ഈടാക്കുന്നത്. 18.42 രൂപ വർധിപ്പിച്ച ശേഷം എട്ട് രൂപ കുറക്കുകയാണ് ചെയ്തതെന്നും കോൺഗ്രസ് സർക്കാറിന്റെ കാലവുമായി താരതമ്യം ചെയ്യുമ്പോൾ 19.90 രൂപയാണ് നികുതിയെന്നും അദ്ദേഹം പറഞ്ഞു.
ഇന്നാണ് പെട്രോൾ, ഡീസൽ നികുതിയിൽ കുറവ് വരുത്തിയതായി കേന്ദ്രസർക്കാർ അറിയിച്ചത്. പെട്രോളിന് എട്ട് രൂപയും ഡീസലിന് ആറു രൂപയുമാണ് കുറച്ചത്. ഇതോടെ ലിറ്ററിന് 9 രൂപ 50 പൈസ പെട്രോളിനും 7 രൂപ വരെ ഡീസലിനും വില കുറയും. പുറമെ, പാചകവാതക സിലിണ്ടറിന് 200 രൂപ സബ്സിഡി ഉജ്ജ്വല പദ്ധതിപ്രകാരം നൽകും. ഉജ്ജ്വല പദ്ധതിക്കു കീഴിലെ ഒമ്പതു കോടി പേർക്ക് 12 സിലിണ്ടറുകൾ സബ്സിഡി പ്രകാരം നൽകും. സ്റ്റീലിൻറെയും സിമന്റിന്റെയും വില കുറയ്ക്കാനും ഇടപെടൽ ഉണ്ടാകും. വിലക്കയറ്റം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് സർക്കാർ നടപടികൾ.
