ഇന്ത്യയിലെ ഒരു മെട്രോ നഗരത്തിൽ ഒരു കുഞ്ഞിനെ വളർത്തുന്നതിന്റെ ഭീമമായ ചെലവുകൾ വെളിപ്പെടുത്തുകയാണ് ഡിജിറ്റൽ കണ്ടെന്റ് ക്രിയേറ്ററായ അയൻ ചക്രവർത്തി തന്റെ 'ഡാഡ് ഡയറീസ്' എന്ന പരമ്പരയിലൂടെ. ഗർഭകാലം മുതൽ കുഞ്ഞിന് ആറ് മാസം പ്രായമാകുന്നത് വരെ ഏകദേശം 4 ലക്ഷം രൂപ ചെലവായെന്നും, ഇതിന്റെ വിശദമായ കണക്കുകളും അദ്ദേഹം പങ്കുവെക്കുന്നു.

ഇന്നത്തെക്കാലത്ത് ഇന്ത്യയിലെ മെട്രോ നഗരങ്ങളിൽ ഒരു കുഞ്ഞിനെ വളർത്തുക എന്നത് സാധാരണക്കാർക്ക് താങ്ങാൻ കഴിയുന്നതാണോ? ഈ വിഷയത്തിൽ സോഷ്യൽ മീഡിയയിൽ പുതിയൊരു വലിയ ചർച്ചയ്ക്ക് വഴിതുറന്നിരിക്കുകയാണ് ഡിജിറ്റൽ കണ്ടെന്റ് ക്രിയേറ്ററായ അയൻ ചക്രവർത്തി. തന്റെ പുതിയ ഇൻസ്റ്റാഗ്രാം പരമ്പരയായ “ഡാഡ് ഡയറീസ്” (Dad Diaries)-ലൂടെയാണ്, ഭാര്യയുടെ ഗർഭകാലം മുതൽ മകൾക്ക് ആറ് മാസം പ്രായമാകുന്നതുവരെയുള്ള ഭീമമായ ചെലവുകളുടെ കണക്കുകൾ അദ്ദേഹം പങ്കുവെച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഗർഭധാരണം സ്ഥിരീകരിച്ചത് മുതൽ കുഞ്ഞിന് ആറ് മാസം തികയുന്നത് വരെ തങ്ങൾക്ക് ഏകദേശം 4 ലക്ഷം രൂപയോളം ചെലവ് വന്നതായി അയൻ വെളിപ്പെടുത്തുന്നു. ഇന്നത്തെക്കാലത്ത് രക്ഷിതാക്കൾ നേരിടുന്ന യഥാർത്ഥ സാമ്പത്തിക വശങ്ങൾ തുറന്നുകാട്ടാനാണ് താൻ ഈ വീഡിയോ പരമ്പര ചെയ്യുന്നതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

അയൻ പറയുന്ന കണക്കുകൾ ഇങ്ങനെ..

ഗർഭകാലത്തെ ഡോക്ടർ കൺസൾട്ടേഷനുകൾ, സ്കാനുകൾ, മരുന്നുകൾ എന്നിവയ്ക്കായി വലിയൊരു തുക ആവശ്യമായി വന്നു. ഗർഭകാലത്ത് മാത്രം പ്രതിമാസം ₹1,500 മുതൽ ₹2,000 വരെ മരുന്നുകൾക്കായി ചെലവായി. ആശുപത്രിയിലെ പ്രസവത്തിന് വന്ന ബിൽ മാത്രം ₹1.2 ലക്ഷം മുതൽ ₹1.5 ലക്ഷം വരെയായിരുന്നു. കുഞ്ഞിനായുള്ള തൊട്ടിലിന് (Crib) ₹9,000 മുതൽ ₹15,000 വരെയും, വസ്ത്രങ്ങൾക്ക് ₹7,000 മുതൽ ₹8,000 വരെയും, ഫീഡിംഗ് ബോട്ടിലുകൾ, സ്റ്റെറിലൈസർ എന്നിവയ്ക്കായി ₹10,000 രൂപയും ചെലവായി. കുഞ്ഞ് ജനിച്ച ശേഷമുള്ള ആദ്യ 6 മാസങ്ങളിൽ ചെലവുകൾ വീണ്ടും വർദ്ധിച്ചതായി അയൻ പറയുന്നു. കുഞ്ഞിനെ ഒരു തവണ ഡോക്ടറെ കാണിക്കാൻ ₹1,200 രൂപയും, ഇതിന് പുറമെ വാക്സിനേഷനായി വലിയൊരു തുകയും ആവശ്യമായി വന്നു. ഡയപ്പറുകൾക്കായി പ്രതിമാസം ₹3,000 - ₹4,000 രൂപയും, ഫോർമുല മിൽക്കിനായി ₹3,000 - ₹4,000 രൂപയും മാറ്റിവെക്കേണ്ടി വന്നു. കളിപ്പാട്ടങ്ങൾക്കും മറ്റ് ആവശ്യങ്ങൾക്കുമായി മാസം തോറും ₹2,500 രൂപയോളം ചെലവായെന്നും വീഡിയോയിൽ പറയുന്നു.

ഒരു കുടുംബത്തിൽ ഒരാൾക്ക് മാത്രമാണ് വരുമാനമെങ്കിൽ ഇതൊന്ന് ആലോചിച്ചു നോക്കൂ. കുടുംബത്തിന്റെ പിന്തുണയില്ലാതെ മെട്രോ നഗരങ്ങളിൽ ജീവിക്കുന്നവരുടെ അവസ്ഥ എന്തായിരിക്കും? ഒരു ഐടി ജീവനക്കാരന്റെ തുടക്ക ശമ്പളത്തേക്കാൾ കൂടുതലാണ് മെട്രോ നഗരങ്ങളിൽ 24 മണിക്കൂറും ജോലിക്കായി വരുന്ന ആയമാരുടെ ശമ്പളമെന്നും അയൻ വീഡിയോയിൽ പറയുന്നു.