ദില്ലി: ഇ- കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ വിൽക്കുന്ന ഉൽപ്പന്നങ്ങളുടെ ഉറവിട രാജ്യം ഏതെന്ന് വ്യക്തമാക്കാൻ സർക്കാർ നിർദ്ദേശം. പുതിയ ഉൽപ്പന്നങ്ങളിൽ ആഗസ്റ്റ് ഒന്ന് മുതലും നിലവിൽ വിൽപ്പനയ്ക്ക് വെച്ചിരിക്കുന്ന ഉൽപ്പന്നങ്ങളിൽ ഒക്ടോബർ ഒന്ന് മുതലും നിർദ്ദേശം നടപ്പിലാക്കണം.

സാധാരണ ഏത് രാജ്യത്താണ് നിർമ്മിച്ചതെന്ന് ഒരു കസേരയോ, ബക്കറ്റോ പോലുള്ള ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ അറിയാറില്ല. ഇതറിയണമെന്നും ഈ നിയമം കൂടുതൽ കർശനമാക്കണമെന്നുമാണ് കേന്ദ്രസർക്കാരിന്റെ നിലപാട്.

അതിർത്തി സംഘർഷത്തിന് പിന്നാലെ രാജ്യത്ത് ചൈനീസ് ഉൽപ്പന്നങ്ങൾ നിരോധിക്കണമെന്ന വാദം ശക്തമായതിന് പിന്നാലെയാണ് തീരുമാനം. കേന്ദ്ര വ്യാവസായിക മന്ത്രാലയത്തിന് കീഴിലെ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ വിളിച്ചുചേർത്ത യോഗത്തിൽ ആമസോൺ, ഫ്ലിപ്‌കാർട്ട്, സ്നാപ്‌ഡീൽ, ലെൻസ്‌കാർട്ട്, ജിയോമാർട്ട് തുടങ്ങിയ കമ്പനികളുടെ പ്രതിനിധികൾ പങ്കെടുത്തു.

ഈ നിർദ്ദേശം പാലിക്കുന്നതിന് എല്ലാവരും സന്നദ്ധത അറിയിച്ചെങ്കിലും നിശ്ചയിച്ച തീയതിക്കുള്ളിൽ ഇത് നടപ്പിലാക്കുന്നത് വെല്ലുവിളിയാണെന്നും അവർ അറിയിച്ചു. സർക്കാർ നിർദ്ദേശം പാലിക്കേണ്ട ഉത്തരവാദിത്തം വിൽപ്പനക്കാരുടെതാവും.