തിരുവനന്തപുരം:  കൊവിഡ് 19 സാമ്പത്തിക മേഖലയിൽ ഉണ്ടാക്കിയ പ്രതിസന്ധി മറികടക്കാൻ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രത്യേക സാമ്പത്തിക പാക്കേജിൽ പകുതിയും കടലാസിൽ ഒതുങ്ങി. ക്ഷേമ പെൻഷൻ വിതരണവും സൗജന്യ റേഷനും നടപ്പാക്കി. ഇത് രണ്ടുമാണ് നടപ്പായ പ്രധാന പദ്ധതികൾ. 

പ്രത്യേക പാക്കേജിന് വേണ്ടി വകയിരുത്തുന്ന തുകയിൽ 14,000കോടിയും കരാറുകാരുടെ കുടിശ്ശിക തീർക്കാൻ വിനിയോഗിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്.  സർക്കാരിന്‍റെ ഈ പ്രഖ്യാപിനം തുടക്കത്തിലേ വിവാദമായിരുന്നു. നിർമ്മാണ തൊഴിലാളികൾക്കടക്കം പണമെത്തുന്നത് താഴെക്കിടയിൽ പ്രതിസന്ധിക്ക് അയവുവരുത്തുമെന്നായിരുന്നു അതിന് ധന വകുപ്പ് നൽകിയ വിശദീകരണം. എന്നാൽ കരാറുകാർക്ക് സർക്കാർ നൽകിയത് 1500കോടിയിൽ താഴെ മാത്രമാണെന്നാണ് കണക്ക്.

 സർക്കാർ തിരിച്ചടക്കുമെന്ന വ്യവസ്ഥയിൽ ബാങ്ക് വായ്പ വഴിയും കരാറുകാർക്ക് കുടിശ്ശിക നൽകിയതൊഴിച്ചാൽ പതിനാലായിരം കോടിയുടെ എൻപത് ശതമാനം പ്രഖ്യാപനത്തിൽ മാത്രമൊതുങ്ങി. സൗജന്യ റേഷൻ,സൗജന്യ കിറ്റ്, മുൻഗണനാപട്ടികയിൽ പെട്ടവർക്കുള്ള അരി  തുടങ്ങി കൊവിഡ് കാലത്ത് ധനവകുപ്പ് ആയിരം കോടിയാണ് ഭക്ഷ്യവകുപ്പിന് നൽകിയത്. അതിൽ 350കോടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുമാണ് ചിലവഴിച്ചത്.

ക്ഷേമ പെൻഷൻ കുടിശ്ശികയിൽ ആദ്യ രണ്ട് മാസത്തെ പണം കൊവിഡ് പാക്കേജിൽ നിന്നും നൽകി. കുടുംബശ്രീ യൂണിറ്റുകൾക്ക് നൽകിയത് 2000കോടിയും പാക്കേജിൽ ഉൾപ്പെട്ടതാണ്.എന്നാൽ ബാങ്കുകൾ അനുവദിച്ച വായ്പയിൽ പലിശ മാത്രമാണ് സർക്കാർ നൽകുന്നത്. ആരോഗ്യ മേഖലക്ക് ചിലവഴിക്കുന്ന തുകയിൽ ഇപ്പോഴും വ്യക്തതയില്ല. എണ്ണൂറ് കോടി ഇതുവരെ ചിലവഴിച്ചുവെന്നാണ് പ്രാഥമിക കണക്ക്.

തൊഴിൽ നഷ്ടപ്പെട്ടവർക്കായി ആയിരം കോടിയുടെ താത്കാലിക സഹായം നൽകിയത് പാക്കേജിന് പുറത്താണ്. അതായത് ബജറ്റ് വകയിരുത്തലിൽ മുൻഗണന മാറ്റിയും ബാങ്കുകളുടെ സഹായത്തോടെയും സർക്കാർ പ്രഖ്യാപിച്ച 20000കോടി പാക്കേജിൽ പകുതിയും ചെലവഴിക്കാൻ ബാക്കിയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് സര്‍ക്കാരിന് മുന്നിലെ വെല്ലുവിളി.

കൊവിഡ് കാലത്ത് കടമെടുത്ത ഏഴായിരം കോടിയും എടുത്തപാടെ തീർന്നു. ആദ്യ പാക്കേജ് നിലനിൽക്കുമ്പോൾ തന്നെ തൊഴിലാളികൾക്കുള്ള രണ്ടാം ഘട്ട സാമ്പത്തിക സഹായവും സൗജന്യ റേഷനും അനിവാര്യമായി മാറുന്നു. കേന്ദ്രം പ്രഖ്യാപിച്ച ഉത്തേജന പാക്കേജ് അടിസ്ഥാനമാക്കിയാകും തുടർ തീരുമാനങ്ങൾ.