ദില്ലി: കൊവിഡ് പ്രതിരോധത്തിനും, തകർന്നടിഞ്ഞ സാമ്പത്തിക മേഖലയുടെ പുനരുജ്ജീവനത്തിനുമായി രണ്ടാം ഘട്ട സാമ്പത്തിക പാക്കേജിന് അന്തിമരൂപം നൽകാൻ ധനമന്ത്രി നിർമലാ സീതാരാമൻ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. പാക്കേജിന് അന്തിമ അംഗീകാരം കിട്ടിയാൽ ഇന്നോ നാളെയോ തന്നെ പാക്കേജ് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് ഊന്നൽ നൽകുന്നതാകും പുതിയ പാക്കേജ് എന്നാണ് സൂചന. രാജ്യത്തിന്‍റെ ജിഡിപിയുടെ 3 - 5% വരെ തുക പാക്കേജായി പ്രഖ്യാപിക്കുമെന്നാണ് സാമ്പത്തികരംഗത്തെ വിദഗ്ധരുടെ പ്രതീക്ഷ. 

ലോക്ക്ഡൗൺ കാരണം കടുത്ത പ്രതിസന്ധിയിലായ ചെറുകിട, ഇടത്തരം സംരംഭകർക്ക് (MSME) 15,000 കോടി രൂപയുടെ വായ്പാപദ്ധതി പുതിയ പാക്കേജിലുണ്ടാകുമെന്നാണ് സൂചന. മെയ് 3-ന് ലോക്ക് ഡൗൺ അവസാനിപ്പിച്ചാലും, ഹോട്ട്സ്പോട്ടുകളിൽ കടുത്ത നിയന്ത്രണം തുടരേണ്ടി വരും. എന്നാൽ കണ്ടെയ്ൻമെന്‍റ് സോണുകളല്ലാത്ത ഇടങ്ങളിലെ സംരംഭങ്ങൾക്ക് നിയന്ത്രണങ്ങളോടെ പ്രവർത്തനാനുമതി നൽകാൻ തന്നെയാണ് സാധ്യത. ഗ്രീൻ സോണുകളിൽ ഏപ്രിൽ 20 മുതൽത്തന്നെ വ്യാവസായിക യൂണിറ്റുകൾക്ക് സർക്കാർ അനുമതി നൽകിയിരുന്നതാണ്.

നിലവിൽ ചെറുകിടവ്യവസായരംഗം നേരിടുന്ന സാമ്പത്തിക പ്രതിസന്ധികളെക്കുറിച്ച് പഠിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു കർമസമിതിയ്ക്ക് രൂപം നൽകിയിരുന്നു. ഇവർ സമർപ്പിച്ച റിപ്പോർട്ടുകളും കേന്ദ്രധനമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ തയ്യാറാക്കിയ റിപ്പോർട്ടും സംയോജിപ്പിച്ചാകും പാക്കേജിന് അന്തിമരൂപം നൽകുക. ചെറുകിട, ഇടത്തരം സംരംഭകർക്ക് വായ്പാ പദ്ധതികൾ ഉദാരമാക്കി നൽകുക എന്നത് തന്നെയാണ് കർമ്മസമിതി സമർപ്പിച്ച ശുപാർശകളിൽ പ്രധാനം. ലോക്ക് ഡൗൺ കഴിഞ്ഞ് തുറക്കുമ്പോൾ, ഇവർക്ക് പ്രവർത്തനം വീണ്ടും തുടങ്ങുന്നതിനുള്ള അടിസ്ഥാനപരമായ തുക എത്തിച്ച് നൽകേണ്ടി വരും. അതിനാണ് വായ്പാ പദ്ധതി. സേവനമേഖലകളിൽ ടൂറിസം, ഏവിയേഷൻ, തുണിത്തരങ്ങളുടെയും ആഭരണങ്ങളുടെയും കയറ്റുമതി എന്നിവയ്ക്ക് ഊന്നൽ നൽകിയേക്കും. 

രാജ്യത്തിന്‍റെ ജിഡിപിയുടെ 3 - 5% വരെ സാമ്പത്തിക പാക്കേജായി പ്രഖ്യാപിക്കപ്പെടുമോ എന്ന് തന്നെയാണ് എല്ലാവരും ഉറ്റുനോക്കുന്നത്. എങ്കിൽ അതൊരു ഭീമൻ പാക്കേജായിരിക്കും. ഇന്ത്യയുടെ ജിഡിപിയുടെ ഒരു ശതമാനം തന്നെ ഏതാണ്ട് രണ്ട് ലക്ഷം കോടി രൂപ വരും. പക്ഷേ, അത്രയെങ്കിലും തുകയില്ലെങ്കിൽ, രാജ്യത്തിന്‍റെ സാമ്പത്തികസ്രോതസ്സിന്‍റെ നട്ടെല്ലായ ചെറുകിടക്കാർ കടുത്ത പ്രതിസന്ധിയിലാകും. രാജ്യത്തിന്‍റെ സാമ്പത്തിക വളർച്ചാ നിരക്ക് കുത്തനെ താഴോട്ട് പോവുകയും ചെയ്യും.

ഐഎംഎഫ് (ഇന്‍റർനാഷണൽ മോണിറ്ററി ഫണ്ട്) പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, രാജ്യത്തിന്‍റെ പ്രതീക്ഷിക്കപ്പെട്ട സാമ്പത്തിക വളർച്ചാ നിരക്ക് 5.8%-ൽ നിന്ന് 1.9%-ത്തിലേക്ക് ഇടിഞ്ഞിരുന്നു. ലോക്ക് ഡൗൺ കാലത്ത് 6 മുതൽ 10 ലക്ഷം കോടി രൂപയുടെ നഷ്ടം (lost output) രാജ്യത്തെ സാമ്പത്തികമേഖലയ്ക്കുണ്ടായി എന്നാണ് കണക്കാക്കപ്പെടുന്നത്. 

റീട്ടെയ്ൽ, ട്രാവൽ - ടൂറിസം മേഖല, ഹോസ്പിറ്റാലിറ്റി, നിർമാണ, യാത്രാമേഖലകളാണ് രാജ്യത്ത് ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിടുന്നത്. ആകെ 40 ദിവസത്തെ ലോക്ക് ഡൗണിലുണ്ടായ സാമ്പത്തികതളർച്ച ഇനിയും കൂടുതൽ വ്യാവസായികമേഖലകളിലേക്ക് വ്യാപിക്കുമെന്നുറപ്പാണ്.