തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം തിങ്കളാഴ്ച നൽകാനാകുമെന്ന് ധനമന്ത്രി തോമസ് ഐസക്. മറ്റ് പ്രയാസങ്ങളൊന്നും കൂടാതെ ശമ്പള വിതരണം പൂർത്തിയാക്കാൻ കഴിയും. കൊവിഡ്കാലത്തെ സാന്പത്തിക പ്രയാസം മറികടക്കാൻ സര്‍ക്കാര്‍ ജീവനക്കാരുടെ ആറ് ദിവസത്തെ ശമ്പളം വച്ച് അഞ്ച് മാസം പിടിക്കുന്നതിനുള്ള ഓര്‍ഡിനൻസിൽ ഗവര്‍ണര്‍ ഒപ്പു വച്ച ശേഷമാണ് ധനമന്ത്രിയുടെ പ്രതികരണം.

സര്‍ക്കാര്‍ ജീവനക്കരുടെ ശമ്പളം പിടിക്കാനുള്ള തീരുമാനത്തിൽ സര്‍ക്കാരിന് ഒട്ടും ആഹ്ലാദം ഇല്ലെന്ന് ധനമന്ത്രി പറഞ്ഞു. ശമ്പളം മാറ്റി വെക്കുക മാത്രമാണ് ചെയ്യുന്നത്. പ്രയാസങ്ങൾ ഇല്ലാത്ത രീതിയിൽ മാറ്റങ്ങൾ പിന്നീട് ഇക്കാര്യത്തിൽ വരുത്തും. മെയ് നാലാം തിയതി നിലവിൽ ഉള്ള രീതിയിൽ ശമ്പളം പിടിക്കും. പിടിക്കുന്ന ശമ്പളം  എന്നു തിരിച്ചു കൊടുക്കും എന്നത് പറയാം, മെയ് മാസം എങ്കിലും കഴിയട്ടെ എന്നാണ് ധനമന്ത്രിയുടെ പ്രതികരണം. 

സാലറി കട്ട് അനുസരിച്ചു സോഫ്റ്റ്‌വെയർ സജ്ജമാണ്. നിവേദനങ്ങളെല്ലാം പിന്നീട് പരിഗണിക്കും. ഹൈക്കോടതി ജഡ്ജിമാരുടെ സാലറി പിടിക്കില്ലെന്നും ധനമന്ത്രി വ്യക്തമാക്കി. മാറ്റിവെക്കുന്ന ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും. ഇതിനായി പ്രത്യേക അക്കൗണ്ട് ഉണ്ടാകും. 5 മാസം കൊണ്ട് 2500 കോടി മാറ്റി വക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു. എതിര്‍പ്പ് ഉള്ളവർക്ക് ഇനിയും കോടതിയിൽ പോകാം, അതവരുടെ സ്വാതന്ത്ര്യമാണെന്നാണ് തോമസ് ഐസകിന്‍റെ പ്രതികരണം