Asianet News MalayalamAsianet News Malayalam

Amazon and Future : റിലയൻസിനും ഫ്യൂചർ റീടെയ്‌ലിനും തിരിച്ചടി: ആമസോണിനെതിരായ ഹർജി ദില്ലി ഹൈക്കോടതി തള്ളി

ആമസോൺ കമ്പനി തങ്ങൾക്കെതിരെ നടത്തുന്ന ആർബിട്രേഷൻ നടപടികൾ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന ഫ്യൂച്ചർ റീട്ടെയിലിന്റെ ഹർജി ദില്ലി ഹൈക്കോടതി തള്ളി. 

Delhi High Court rejected a petition filed by  Reliance and Future Retail against Amazon
Author
Kerala, First Published Jan 4, 2022, 6:15 PM IST

ദില്ലി: ആമസോൺ കമ്പനി തങ്ങൾക്കെതിരെ നടത്തുന്ന ആർബിട്രേഷൻ നടപടികൾ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന ഫ്യൂച്ചർ റീട്ടെയിലിന്റെ (Future Retail)  ഹർജി ദില്ലി ഹൈക്കോടതി (Delhi High court) തള്ളി. കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ആമസോണും ഫ്യൂചർ റീടെയ്ലുമായുള്ള 2019 ലെ കരാർ റദ്ദാക്കിയത് ചൂണ്ടിക്കാട്ടിയാണ് ഫ്യൂചർ റീടെയ്ൽ ആർബിട്രേഷൻ നടപടികൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിലെത്തിയത്.

ഇന്ന് ദില്ലി ഹൈക്കോടതിയിൽ കേസിൽ വാദം കേട്ട ജസ്റ്റിസ് അമിത് ബൻസാൽ കൂടുതൽ വിശദീകരണം നൽകാതെ കേസ് തള്ളുന്നതായി അറിയിച്ചു. ഇതിന്റെ ഉത്തരവ് വൈകാതെ പുറത്തിറങ്ങുമെന്നാണ് കരുതുന്നത്. നേരത്തെ ഫ്യൂചർ റീടെയ്‌ലിൽ നടത്തിയ 200 ദശലക്ഷം ഡോളറിന്റെ നിക്ഷേപം ചൂണ്ടിക്കാട്ടി, കിഷോർ ബിയാനി കമ്പനിയെ ഏറ്റെടുക്കാനുള്ള റിലയൻസ് നീക്കത്തിന് തടയിടാനുള്ള പരിശ്രമത്തിലാണ് ആമസോൺ. എന്നാൽ ഫ്യൂചർ റീടെയ്ൽ കമ്പനിയിൽ നിക്ഷേപം നടത്തിയപ്പോൾ ആമസോൺ വിവരങ്ങൾ മറച്ചുവെച്ചെന്ന് കണ്ടെത്തി സിസിഐ ഈ ബിസിനസ് കരാർ റദ്ദാക്കിയത് ആമസോണിന് തിരിച്ചടിയായിരുന്നു.

സിങ്കപ്പൂരിലെ ആർബിട്രേഷൻ പാനലാണ് കേസിൽ വാദം കേൾക്കുന്നത്. സമാന്തരമായി രണ്ട് കമ്പനികളും ഇന്ത്യയിലും നിയമപോരാട്ടം തുടരുന്നുണ്ട്. നിയമനടപടികൾ നിർത്തിവെക്കണമെന്ന ഫ്യൂചർ ഗ്രൂപ്പിന്റെ ആവശ്യം സിങ്കപ്പൂർ ആർബിട്രേഷൻ പാനൽ നിരാകരിച്ചതോടെയാണ് കിഷോർ ബിയാനി കമ്പനി ദില്ലി ഹൈക്കോടതിയെ സമീപിച്ചത്.

ഫ്യൂചർ ഗ്രൂപ്പ് 2019 ലെ കരാർ നിബന്ധനകൾ ലംഘിച്ചുവെന്നാരോപിച്ചാണ് ആമസോൺ നിയമപോരാട്ടത്തിന് ഇറങ്ങിയത്. ഈ വാദത്തിന് സിങ്കപ്പൂരിലെ ആർബിട്രേറ്ററുടെയും ഇന്ത്യയിലെ കോടതികളിലും പിന്തുണയും കിട്ടി. എന്നാൽ ഒരു തെറ്റും ചെയ്തില്ലെന്നാണ് ഫ്യൂചർ ഗ്രൂപ്പിന്റെ നിലപാട്. സിസിഐ നിലപാടിന് കോടതിയുടെ അംഗീകാരം ലഭിച്ചിരുന്നെങ്കിൽ റിലയൻസുമായുള്ള ഇടപാടിൽ ഫ്യൂചർ ഗ്രൂപ്പിന് മുന്നോട്ട് പോകാനായേനെ. എന്നാൽ ഈ ശ്രമങ്ങൾക്ക് കോടതി വിധി തിരിച്ചടിയായി.

Follow Us:
Download App:
  • android
  • ios