സ്പൈസ് ജെറ്റിന്‍റെ 12 ബോയിങ് 737 വിമാനങ്ങള്‍ സര്‍വീസ് നിര്‍ത്തിയതും, കടബാധ്യതയെ തുടര്‍ന്ന് ജെറ്റ് എയര്‍വേസ് വിമാന സര്‍വീസുകളില്‍ ചിലത് ക്യാന്‍സല്‍ ചെയ്തതുമാണ് രാജ്യത്തെ വിമാന ടിക്കറ്റ് നിരക്ക് ഉയരാനിടയാക്കിയത്.  

ദില്ലി: ജെറ്റ് എയര്‍വേസ്, ബോയിങ് പ്രതിസന്ധികളെ തുടര്‍ന്ന് രാജ്യത്തെ വിമാന ടിക്കറ്റ് നിരക്ക് ഉയരുന്നത് നിയന്ത്രിക്കാന്‍ ഡിജിസിഎ (ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍) നാളെ എയര്‍ലൈന്‍ കമ്പനികളുടെ നിര്‍ണായക യോഗം വിളിച്ചു. സ്പൈസ് ജെറ്റിന്‍റെ 12 ബോയിങ് 737 വിമാനങ്ങള്‍ സര്‍വീസ് നിര്‍ത്തിയതും, കടബാധ്യതയെ തുടര്‍ന്ന് ജെറ്റ് എയര്‍വേസ് വിമാനങ്ങളില്‍ ചിലത് ക്യാന്‍സല്‍ ചെയ്തതുമാണ് രാജ്യത്തെ വിമാന ടിക്കറ്റ് നിരക്ക് ഉയരാനിടയാക്കിയത്. 

എത്യോപ്യന്‍ എയര്‍ലൈനിന്‍റെ ബോയിങിന്‍റെ 737 മാക്സ് വിമാനം തകര്‍ന്നതിനെ തുടര്‍ന്ന് ഇന്ത്യന്‍ വ്യോമ മേഖലയില്‍ നിന്ന് ബോയിങ് 737 മാക്സ് വിഭാഗത്തിലുളള വിമാനങ്ങള്‍ പിന്‍വലിക്കാന്‍ ഡിജിസിഎ ഉത്തരവിട്ടതാണ് സ്പൈസ് ജെറ്റിന്‍റെ സര്‍വീസുകള്‍ കുറയാന്‍ കാരണം. ഇതോടൊപ്പം കടബാധ്യതയെ തുടര്‍ന്ന് നാല് ജെറ്റ് എയര്‍വേസ് വിമാനങ്ങള്‍ കൂടി കഴിഞ്ഞ ദിവസം സര്‍വീസ് നിര്‍ത്തിയതോടെ ഇന്ത്യന്‍ വ്യോമയാന മേഖലയില്‍ പ്രതിസന്ധി വര്‍ധിച്ചു. 

ഓപ്പറേഷന്‍സ് സംബന്ധിയായ പ്രശ്നങ്ങള്‍ മൂലം മാര്‍ച്ച് 18 മുതല്‍ അബുദാബിയില്‍ നിന്നുളള ജെറ്റ് എയര്‍വേസ് വിമാനങ്ങളുടെ സര്‍വീസ് നിര്‍ത്തിവയ്ക്കുന്നതായി കഴിഞ്ഞ ദിവസം ഇത്തിഹാദ് എയര്‍വേസ് യാത്രക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതോടെ ഇന്ത്യന്‍ വ്യോമയാന മേഖലയിലെ ആശങ്ക അതിന്‍റെ കൊടുമുടിയിലെത്തി. ഇതിനോടൊപ്പം, മറ്റ് പല കമ്പനികളും അവരുടെ ടിക്കറ്റ് നിരക്ക് ഉയര്‍ത്തിയതായി യാത്രക്കള്‍ പരാതിയുമായി എത്തി. പലകോണുകളില്‍ നിന്നും പ്രതിഷേധം വര്‍ധിച്ചതോടെ ഡിജിസിഎ നിരക്ക് നിയന്ത്രണത്തിനും പ്രതിസന്ധി പരിഹാരത്തിനുമായി ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണിപ്പോള്‍.