Asianet News MalayalamAsianet News Malayalam

വിരമിക്കൽ പദ്ധതികളിലെ വമ്പന്മാർ; എന്താണ് ഇപിഎഫും ഇപിഎസും

ഇപിഎഫും ഇപിഎസും  വിരമിക്കൽ പദ്ധതികളാണെങ്കിലും രണ്ടും തമ്മിൽ നിരവധി വ്യത്യാസങ്ങളുണ്ട്

Difference between eps and epf. What are the benefits of 2 plan
Author
First Published Mar 25, 2024, 9:45 PM IST

എംപ്ലോയി പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്), എംപ്ലോയി പെൻഷൻ സ്കീം (ഇപിഎസ്) എന്നിവയാണ് ഇന്ത്യയിലെ സാധാരണയായുള്ള രണ്ട് വിരമിക്കൽ പദ്ധതികൾ. രണ്ടും വിരമിക്കൽ പദ്ധതികളാണെങ്കിലും,   ഇപിഎഫും ഇപിഎസും തമ്മിൽ നിരവധി വ്യത്യാസങ്ങളുണ്ട്.

 എന്താണ് ഇപിഎഫ് സ്കീം?
 കോർപ്പറേറ്റ് മേഖലയിലെ ജീവനക്കാർക്ക് ലഭ്യമായ  റിട്ടയർമെന്റ് പദ്ധതിയാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) സ്കീം. ജീവനക്കാരും തൊഴിലുടമയും നടത്തുന്ന   നിക്ഷേപങ്ങളിലൂടെ റിട്ടയർമെന്റ് കോർപ്പസ് രൂപീകരിക്കുന്നു.  ജീവനക്കാർ  വിരമിക്കുന്ന അവസരത്തിൽ   സാമ്പത്തിക സുരക്ഷിതത്വം ഇപിഎഫ് ഉറപ്പാക്കുന്നു.
 
 

എന്താണ് ഇപിഎസ്?
എംപ്ലോയി പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) യോഗ്യരായ ജീവനക്കാർക്ക് പെൻഷൻ നൽകുന്ന ഒരു പദ്ധതിയാണ് എംപ്ലോയി പെൻഷൻ സ്കീം (ഇപിഎസ്). 15,000 രൂപ വരെ ശമ്പളം വാങ്ങുന്ന ജീവനക്കാർക്ക് ആണ് ഈ സ്കീം . ഇപിഎസിന് കീഴിൽ, തൊഴിലുടമ ജീവനക്കാരന്റെ ശമ്പളത്തിന്റെ 8.67% സംഭാവന ചെയ്യുന്നു, പരമാവധി തുക  1250 രൂപ ആണ്.  തൊഴിലുടമ മാത്രമേ പദ്ധതിയിലേക്ക് സംഭാവന ചെയ്യുന്നുള്ളൂ എന്നതാണ് ഇപിഎസിന്റെ പ്രത്യേകത. എന്നിരുന്നാലും, ജീവനക്കാരന് 58 വയസ്സ് തികയുമ്പോൾ പെൻഷൻ നൽകണം.  

ജീവനക്കാരന്റെ ജീവിതകാലം മുഴുവൻ പെൻഷൻ നൽകപ്പെടുന്നു,  മരണപ്പെട്ടാൽ, അവരുടെ നോമിനിക്ക് പെൻഷൻ തുക നൽകുന്നത് തുടരും.


ഇപിഎഫിന്റെ നേട്ടങ്ങൾ
 
● നികുതി ഇളവ്

1961-ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 80C പ്രകാരം ജീവനക്കാരൻ നൽകുന്ന സംഭാവനയ്ക്ക് നികുതിയിളവ് ലഭിക്കും. കോർപ്പസിൽ ലഭിക്കുന്ന പലിശയും നികുതി രഹിതമാണ്. കൂടാതെ, 5 വർഷം പൂർത്തിയായതിന് ശേഷം പിൻവലിക്കുകയാണെങ്കിൽ കോർപ്പസ് തുക നികുതി രഹിതമായി തുടരും.

 
● റിട്ടയർമെന്റ് കോർപ്പസ്

ഇപിഎഫ് സ്കീം ഒരു റിട്ടയർമെന്റ് കോർപ്പസ്  ഒരുക്കാൻ സഹായിക്കുന്നു. ഈ തുക വിരമിച്ച ജീവനക്കാരന് സാമ്പത്തിക സുരക്ഷിതത്വത്തിന് സഹായിക്കുന്നു.

● സാമ്പത്തിക അടിയന്തരാവസ്ഥ

സാമ്പത്തിക അത്യാഹിതങ്ങൾ പോലുള്ള അപ്രതീക്ഷിത സാഹചര്യങ്ങളിൽ ഇപിഎഫ് അക്കൗണ്ടിലെ ഉപയോഗിക്കാം. അത്തരം സന്ദർഭങ്ങളിൽ,  ജീവനക്കാരന് ഫണ്ടിൽ നിന്ന് പണം ഭാഗികമായി പിൻവലിക്കാം.

● തൊഴിലില്ലായ്മ

ഇപിഎഫ് സ്കീമിന് കീഴിൽ, തൊഴിലില്ലായ്മ സമയത്തും ജീവനക്കാർക്ക് ആനുകൂല്യങ്ങൾ ലഭിക്കും. ഒരു ജീവനക്കാരന് ജോലി നഷ്‌ടപ്പെട്ടാൽ, ഒരു മാസത്തെ തൊഴിലില്ലായ്മയ്ക്ക് ശേഷം സമാഹരിച്ച ഫണ്ടിന്റെ 75% പിൻവലിക്കാം. രണ്ട് മാസത്തെ തൊഴിലില്ലായ്മയ്ക്ക് ശേഷം ഫണ്ടിന്റെ ബാക്കി 25% പിൻവലിക്കാം.

● മരണ ആനുകൂല്യങ്ങൾ

ജീവനക്കാരൻ മരിക്കുകയാണെങ്കിൽ, വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ കുടുംബത്തിന് സാമ്പത്തിക സഹായം നൽകാൻ കഴിയുന്ന മുഴുവൻ ഇപിഎഫ് കോർപ്പസ് തുകയും സ്വീകരിക്കാൻ നോമിനിക്ക് അർഹതയുണ്ട്.
 

ഇപിഎസിന്റെ പ്രയോജനങ്ങൾ
എംപ്ലോയീസ് പെൻഷൻ സ്കീം (ഇപിഎസ്)   എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനിലെ (ഇപിഎഫ്ഒ) യോഗ്യരായ എല്ലാ അംഗങ്ങൾക്കും നിരവധി ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. വിരമിക്കുമ്പോഴുള്ള സാമ്പത്തിക സുരക്ഷിതത്വമോ, അംഗവൈകല്യമോ അല്ലെങ്കിൽ അംഗത്തിന്റെ നിർഭാഗ്യകരമായ മരണമോ ആകട്ടെ, അംഗങ്ങൾക്കും അവരുടെ കുടുംബങ്ങൾക്കും ഇപിഎസ് സ്കീം നിർണായക പിന്തുണ നൽകുന്നു.

● വിരമിക്കൽ പ്രായം എത്തുമ്പോൾ പെൻഷൻ

ഇപിഎസ് അംഗങ്ങൾ 58 വയസ്സായ വിരമിക്കൽ പ്രായത്തിൽ പെൻഷൻ ആനുകൂല്യങ്ങൾക്ക് അർഹരാകും.  ഈ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന്, അംഗങ്ങൾ 58 വയസ്സ് എത്തുമ്പോൾ കുറഞ്ഞത് പത്ത് വർഷത്തെ സേവനം പൂർത്തിയാക്കണം.

● സർവീസിൽ നിന്ന് നേരത്തെ വിരമിച്ചാലും പെൻഷൻ

58 വയസ്സ് തികയുന്നതിന് മുമ്പ് ഒരു അംഗത്തിന് പത്ത് വർഷത്തെ സേവനം പൂർത്തിയാക്കാൻ കഴിയുന്നില്ലെങ്കിൽ, ഫോം 10 സി പൂരിപ്പിച്ച് അവർക്ക് 58 വയസ്സ് ആകുമ്പോൾ മുഴുവൻ തുകയും പിൻവലിക്കാം. വിരമിച്ചതിന് ശേഷം അംഗത്തിന് പ്രതിമാസ പെൻഷൻ ആനുകൂല്യങ്ങൾ ലഭിക്കില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്.

● തൊഴിൽ സമയത്ത് പൂർണ്ണ വൈകല്യമുള്ളവർക്കുള്ള പെൻഷൻ

ഇപിഎഫ്ഒ അംഗത്തിന് സ്ഥിരമായി അംഗവൈകല്യം സംഭവിച്ചാൽ, പെൻഷൻ അർഹമായ സേവന കാലയളവ് പൂർത്തിയാക്കിയിട്ടുണ്ടോ എന്നത് പരിഗണിക്കാതെ തന്നെ പ്രതിമാസ പെൻഷൻ ലഭിക്കും. .

● അംഗം മരിച്ചാൽ കുടുംബത്തിന് പെൻഷൻ

സർവീസിലിരിക്കെ ഒരു അംഗം മരിച്ചാൽ, തൊഴിലുടമ അവരുടെ ഇപിഎസ് അക്കൗണ്ടിൽ കുറഞ്ഞത് ഒരു മാസമെങ്കിലും പണം നിക്ഷേപിച്ചിട്ടുണ്ടെങ്കിൽ അവരുടെ കുടുംബം പെൻഷൻ ആനുകൂല്യങ്ങൾക്ക് അർഹരാകും. അതുപോലെ, അംഗം പത്ത് വർഷത്തെ സേവനം പൂർത്തിയാക്കുകയും 58 വയസ്സ് തികയുന്നതിന് മുമ്പ് മരിക്കുകയും ചെയ്താൽ, അവരുടെ കുടുംബത്തിന് പെൻഷൻ ആനുകൂല്യങ്ങൾ ലഭിക്കും. പ്രതിമാസ പെൻഷൻ ആരംഭിച്ചതിന് ശേഷം മരണം സംഭവിക്കുകയാണെങ്കിൽ, കുടുംബത്തിന് പെൻഷൻ ആനുകൂല്യങ്ങൾ തുടർന്നും ലഭിക്കും.

Follow Us:
Download App:
  • android
  • ios