മൊത്തവിപണിയിൽ പരീക്ഷണാടിസ്ഥാനത്തിൽ ചൊവ്വാഴ്ച മുതൽ ആർബിഐ ഡിജിറ്റൽ കറൻസി അവതരിപ്പിച്ചിരുന്നു. പൈലറ്റ് പ്രോഗ്രാമിന്റെ ആദ്യ ദിനം പുതിയ രൂപത്തിലുള്ള കറൻസി ഉപയോഗിച്ച് ബാങ്കുകൾ 275 കോടി ബോണ്ടുകൾ വ്യാപാരം ചെയ്തു.
ദില്ലി: റീട്ടെയിൽ ഉപയോക്താക്കൾക്കുള്ള ഡിജിറ്റൽ രൂപ ഈ മാസം പുറത്തിറക്കുമെന്ന് അറിയിച്ച് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്. മൊത്തവിപണിയിൽ പരീക്ഷണാടിസ്ഥാനത്തിൽ ചൊവ്വാഴ്ച മുതൽ ആർബിഐ ഡിജിറ്റൽ കറൻസി അവതരിപ്പിച്ചിരുന്നു. പൈലറ്റ് പ്രോഗ്രാമിന്റെ ആദ്യ ദിനം പുതിയ രൂപത്തിലുള്ള കറൻസി ഉപയോഗിച്ച് ബാങ്കുകൾ 275 കോടി ബോണ്ടുകൾ ട്രേഡ് ചെയ്തു.
ALSO READ: ഡിജിറ്റൽ രൂപ വിപണിയില്‍ ഇന്നെത്തും; പരീക്ഷണാടിസ്ഥാനത്തിലെന്ന് ആർബിഐ
ആർബിഐയുടെ അടിയന്തിര മോണിറ്ററി പോളിസി കമ്മിറ്റി യോഗം നാളെ ചേരാനിരിക്കവെയാണ് ഇ റുപ്പിയുടെ റീടൈൽ പതിപ്പ് ഈ മാസം അവതരിപ്പിക്കുമെന്ന് ആർബിഐ ഗവർണർ അറിയിച്ചത്. ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയും (ഫിക്കി) ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനും (ഐബിഎ) സംഘടിപ്പിച്ച ബാങ്കിംഗ് കോൺക്ലേവിലാണ് ശക്തികാന്ത ദാസ് ഇ റുപ്പിയുടെ റീടൈൽ പതിപ്പിനെ കുറിച്ച് അറിയിച്ചത്.
ഡിജിറ്റൽ കറൻസിയുടെ സാധ്യത പഠിക്കാൻ 2020 ൽ ഒരു ഗ്രൂപ്പിനെ ആർബിഐ നിയമിച്ചിരുന്നു. കഴിഞ്ഞ ആഴ്ച ആർബിഐ ഡിജിറ്റൽ രൂപയെ കുറിച്ചുള്ള ഒരു കൺസെപ്റ്റ് നോട്ട് പുറത്തിറക്കി. പരീക്ഷണാടിസ്ഥാനത്തിൽ പ്രത്യേക ആവശ്യങ്ങൾക്ക് മാത്രം ഉപയോഗിക്കാൻ സാധിക്കുന്ന ഡിജിറ്റൽ രൂപ ആർബിഐ പുറത്തിറക്കും. 2022 ലെ യൂണിയൻ ബജറ്റിൽ ഡിജിറ്റൽ രൂപ പുറത്തിറക്കും എന്ന് ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ അഭിപ്രായപ്പെട്ടിരുന്നു ഡിജിറ്റൽ രൂപയുടെ അന്തിമ പതിപ്പ് ഇനിയും തയ്യാറായിട്ടില്ല. പരീക്ഷണാടിസ്ഥാനത്തിൽ പുറത്തിറക്കിയ ശേഷം മാത്രമായിരിക്കും അന്തിമ രൂപം നിശ്ചയിക്കുക. ഡിജിറ്റൽ രൂപയെ കുറിച്ച് പൗരന്മാരിൽ അവബോധം സൃഷ്ടിക്കാനും ആർബിഐ ലക്ഷ്യമിടുന്നുണ്ട്
