Asianet News MalayalamAsianet News Malayalam

Twitter Deal: ട്വിറ്ററിനെതിരെ കൗണ്ടർ സ്യൂട്ട് ഫയൽ ചെയ്ത് മസ്ക്; നിയമ പോരാട്ടം മുറുകുന്നു

പോരിന് തയ്യാറായി ശതകോടീശ്വരൻ ഇലോൺ മസ്‌ക്. ട്വിറ്ററിനെതിരെ കൗണ്ടർ സ്യൂട്ട് ഫയൽ ചെയ്തു. 

Elon Musk has filed a countersuit against Twitter
Author
Trivandrum, First Published Jul 30, 2022, 1:03 PM IST

വാഷിംഗ്‌ടൺ: ട്വിറ്ററിനെതിരെ കൗണ്ടർ സ്യൂട്ട് ഫയൽ ചെയ്ത് ശതകോടീശ്വരൻ ഇലോൺ മസ്‌ക്. ട്വിറ്ററിനെ 44 ബില്യൺ ഡോളറിന് ഏറ്റെടുക്കുമെന്ന കരാറിൽ നിന്ന് മസ്ക് പിന്മാറിയതോടെ നിയമ നടപടിയുമായി ട്വിറ്റർ കോടതിയെ സമീപിച്ചിരുന്നു.  ഇപ്പോൾ  സോഷ്യൽ മീഡിയ കമ്പനിയ്‌ക്കെതിരായ തന്റെ നിയമപോരാട്ടം ശക്തമാക്കികൊണ്ട് കൗണ്ടർ സ്യുട്ട് ഫയൽ ചെയ്തിരിക്കുകയാണ് മസ്‌ക്. 

ഇലോൺ മസ്‌ക് കേസ് ഫയൽ ചെയ്തത് രഹസ്യമായാണ്. 164 പേജുകളുള്ള രേഖ കോടതി നടപടികൾക്ക് ശേഷം മാത്രം പുറത്തുവിടുകയുള്ളു. ഒക്ടോബർ 17 മുതൽ അഞ്ച് ദിവസത്തെ വിചാരണയ്ക്ക് തയ്യാറാണെന്ന് ഡെലവെയർ കോർട്ട് ഓഫ് ചാൻസറിയിലെ ജഡ്ജ് കാത്‌ലീൻ മക്‌കോർമികിനെ അറിയിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് മസ്‌ക് കേസ് ഫയൽ ചെയ്തത്.

Read Also: ട്വിറ്റർ കേസ്; വിചാരണ ഒരു വർഷം നീട്ടില്ലെന്ന് കോടതി, ഒരാഴ്ച നീട്ടി തരണമെന്ന് മസ്‌ക്

സോഷ്യൽ മീഡിയ ഭീമനായ ട്വിറ്ററിനെ 44 ബില്യൺ ഡോളറിന് വാങ്ങുമെന്നുള്ള തന്റെ ഏപ്രിലിലെ വാഗ്ദാനം പാലിക്കാൻ ശതകോടീശ്വരനെ നിർബന്ധിക്കാനാണ് ട്വിറ്റർ ശ്രമിക്കുന്നത്. നിലവിലുള്ള തർക്കം ബിസിനസിനെ ദോഷകരമായി ബാധിക്കുന്നുവെന്നതിനാൽ അത് വേഗത്തിൽ നടക്കണമെന്നാണ് കമ്പ നി ആഗ്രഹിക്കുന്നത്. പ്രതിദിനം ഒരു ദശലക്ഷം സ്പാം അക്കൗണ്ടുകൾ തടയുന്നുണ്ടെന്ന് ട്വിറ്റർ അവകാശപ്പെട്ടിരുന്നു. ഇതിന്റെ വ്യക്തമായ കണക്കുകൾ മസ്ക് കമ്പനിയോട് ആവശ്യപ്പെട്ടതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്.

സ്പാം, വ്യാജ അക്കൗണ്ടുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ നൽകാൻ ട്വിറ്റർ തയ്യാറായില്ലെങ്കിൽ, കരാറിൽ നിന്ന് താൻ പുറത്തുപോകുമെന്നാണ് നേരത്തെ തന്നെ മസ്‌ക് പ്രഖ്യാപിച്ചിരുന്നതാണ്. ട്വിറ്ററിനെ കൂടുതൽ സുതാര്യമാക്കുക, ട്വീറ്റുകളിലെ അക്ഷരങ്ങളുടെ നീളം കൂട്ടുക, അൽഗൊരിതം മാറ്റുക, കൂടുതൽ ആശയപ്രകടനത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും അവസരം നൽകുക എന്നിവയെല്ലാം ട്വിറ്ററിൽ താൻ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പരിഷ്കാരങ്ങളായി മസ്ക് എടുത്ത് കാണിച്ചിരുന്നു. മസ്ക് കേസ് ഫയൽ ചെയ്തതിൽ ട്വിറ്റർ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Latest Videos
Follow Us:
Download App:
  • android
  • ios