ടെസ്‌ല സിഇഒ ഇലോൺ മസ്‌ക്, ആമസോണിന്റെ ജെഫ് ബെസോസ്, മെറ്റയുടെ മാർക്ക് സക്കർബർഗ് എന്നിവരുടെ ആസ്തിയിൽ വലിയ കുതിച്ചുചാട്ടമാണ് ഉണ്ടായത്

കാലിഫോർണിയ: യുഎസും ചൈനയും താരിഫ് കരാറിൽ ധാരണയായതോടെ ലോകത്തിലെ മുൻനിര ശതകോടീശ്വരന്മാരുടെ സമ്പത്ത് കുതിച്ചുയർന്നു. ടെസ്‌ല സിഇഒ ഇലോൺ മസ്‌ക്, ആമസോണിന്റെ ജെഫ് ബെസോസ്, മെറ്റയുടെ മാർക്ക് സക്കർബർഗ് എന്നിവരുടെ ആസ്തിയിൽ വലിയ കുതിച്ചുചാട്ടമാണ് ഉണ്ടായത്. അടുത്തിടെ യുഎസും ചൈനയും താരിഫ് കരാറിൽ ധാരണയിലെത്തിയതിനെത്തുടർന്ന് വിപണി കുതിച്ചുയർന്നിരുന്നു. ബെസോസിനും സക്കർബർഗിനുമൊപ്പം മസ്‌കിന്റെയും ആസ്തി 30 ബില്യൺ ഡോളറിലധികം ഉയർന്നു. അതായത് ഏകദേശം 256185 കോടി രൂപ!

ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയാണ് മസ്‌ക്.ഫോബ്‌സിന്റെ കണക്കനുസരിച്ച്, യുഎസ് വിപണിയിൽ ടെസ്‌ല ഓഹരികൾ ഉയർന്നതോടെ മസ്‌കിന്റെ ആസ്തി 11 ബില്യൺ യുഎസ് ഡോളറിലധികം വർദ്ധിച്ചു. നിലവിൽ മസ്കിൻ്റെ ആസ്തി 342 ബില്യൺ യുഎസ് ഡോളറാണ്. ഇലക്ട്രിക് വാഹന ഭീമനായ ടെസ്‌ലയുടെ വിപണി മൂല്യം 6.86 ശതമാനം ഉയർന്ന് 1.026 ട്രില്യൺ യുഎസ് ഡോളറിലെത്തി. 

ജെഫ് ബെസോസിനെ മറികടന്ന് മാർക്ക് സക്കർബർഗ് ലോകത്തിലെ രണ്ടാമത്തെ ധനികനായി. സക്കർബർ​ഗിന്റെ ആസ്തി 216 ബില്യൺ ഡോളറാണ്. ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിന്റെ ആസ്തി 13 ബില്യൺ യുഎസ് ഡോളർ വർദ്ധിച്ചു. 215 ബില്യൺ യുഎസ് ഡോളർ ആസ്തിയുള്ള അദ്ദേഹം ഇന്ന് ലോകത്തിലെ ഏറ്റവും ധനികനായ മൂന്നാമത്തെ വ്യക്തിയാണ്.

അതേസമയം, അമേരിക്കൻ പ്രസിഡൻ്റ് ട്രംപിൻ്റെ താരിഫ് നയങ്ങളുടെ ചുവടുപിടിച്ച് ഓഹരി വിപണികൾ ഇടിഞ്ഞപ്പോൾ ശതകോടീശ്വരൻമാരുടെ നഷ്ടം ഭീമമായിരുന്നു. ട്രംപിൻ്റെ സുഹൃത്തായ ഇലോൺ മസ്കിൻ്റെ ആസ്തി നവംബറിന് ശേഷം ആദ്യമായി 300 ബില്യൺ ഡോളറിൽ താഴെ എത്തിയിരുന്നു.