പി.എഫ് തുക ഭാഗികമായി പിന്‍വലിക്കാനുള്ള അപേക്ഷകളില്‍ 25 ശതമാനവും മുഴുവന്‍ തുകയും പിന്‍വലിക്കാനുള്ള അപേക്ഷകളില്‍ 30 ശതമാനവും നിരസിക്കപ്പെടുന്നതായി ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍

മ്പള വരുമാനമുള്ളവര്‍ക്ക് ഒരുപോലെ നിക്ഷേപവും സാമ്പത്തിക സുരക്ഷയും നല്‍കുന്ന ഒന്നാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് അഥവാ ഇ.പി.എഫ്. ജീവനക്കാരനും തൊഴിലുടമയും നിശ്ചിത തുക എല്ലാ മാസവും ഇതിലേക്ക് നിക്ഷേപിക്കുന്നു. അടിയന്തര സാമ്പത്തിക സാഹചര്യങ്ങളില്‍ ഇപിഎഫ്ഒ ഭാഗികമായി പണം പിന്‍വലിക്കാന്‍ അനുവദിക്കുന്നുണ്ട്. എന്നാല്‍, പി.എഫ് തുക ഭാഗികമായി പിന്‍വലിക്കാനുള്ള അപേക്ഷകളില്‍ 25 ശതമാനവും മുഴുവന്‍ തുകയും പിന്‍വലിക്കാനുള്ള അപേക്ഷകളില്‍ 30 ശതമാനവും നിരസിക്കപ്പെടുന്നതായി ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം 1.6 കോടി ക്ലെയിമുകളാണ് നിരസിക്കപ്പെട്ടതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. സാധാരണയായി വിരമിക്കുമ്പോഴോ, വിദേശത്ത് സ്ഥിരതാമസമാക്കുമ്പോഴോ, അല്ലെങ്കില്‍ രണ്ട് മാസത്തില്‍ കൂടുതല്‍ തൊഴിലില്ലാതെ വരുമ്പോഴോ ഇപിഎഫ്ഒ അംഗങ്ങള്‍ക്ക് അവരുടെ പ്രൊവിഡന്റ് ഫണ്ടിന്റെ മുഴുവന്‍ തുകയും പിന്‍വലിക്കാന്‍ സാധിക്കും. എന്നിരുന്നാലും, വിരമിക്കുന്നതിന് മുന്‍പും ചില പ്രത്യേക സാഹചര്യങ്ങളില്‍ ഭാഗികമായി പണം പിന്‍വലിക്കാന്‍ അനുവാദമുണ്ട്.

ക്ലെയിമുകള്‍ നിരസിക്കപ്പെടാനുള്ള കാരണങ്ങള്‍ കെ.വൈ.സി വിവരങ്ങളിലെ പൊരുത്തക്കേടുകള്‍, പേരുകളിലെ തെറ്റുകള്‍, പരാതി പരിഹാര സംവിധാനത്തിന്റെ കുറവ്, സിസ്റ്റം നവീകരിക്കാതിരിക്കല്‍ തുടങ്ങിയ ഇ.പി.എഫ്.ഒയുടെ ഭാഗത്തുനിന്നുള്ള പോരായ്മകളാണ് ക്ലെയിമുകള്‍ തള്ളപ്പെടാനുള്ള പ്രധാന കാരണങ്ങളെന്ന് വിദഗ്ധര്‍ പറയുന്നു. ഇവ കൂടാതെ മറ്റ് ചില ഘടകങ്ങളും ക്ലെയിമുകള്‍ നിരസിക്കപ്പെടുന്നതിന് കാരണമാകാം. ചിലത് പെന്‍ഷനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാകാം. തൊഴിലുടമ അടയ്ക്കുന്ന പി.എഫ് വിഹിതങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും ഉണ്ടാകാം. ഇതുകൂടാതെ, പേര്, ജനനത്തീയതി, ലിംഗഭേദം തുടങ്ങിയ വിവരങ്ങള്‍ ആധാറിലെ വിവരങ്ങളുമായി പൊരുത്തപ്പെടാത്ത രീതിയിലുള്ള കെ.വൈ.സി പ്രശ്‌നങ്ങളും സാധാരണമാണ്. ഇതും ക്ലെയിം നിരസിക്കുന്നതിലേക്ക് വഴിവയ്ക്കുന്നു.ഭാഗികമായി പണം പിന്‍വലിക്കുന്നവരുടെ കാര്യത്തില്‍, എത്ര തുകയ്ക്ക് തങ്ങള്‍ക്ക് അര്‍ഹതയുണ്ടെന്ന് പലര്‍ക്കും അറിയില്ലെന്നും വിദഗ്ധര്‍ പറയുന്നു. ഇതും പ്രതീക്ഷിച്ച തുക കിട്ടാതിരിക്കുന്നതിന് കാരണമാകാറുണ്ട്.