കാര്‍, ഇരുചക്ര വാഹന നിര്‍മ്മാതാക്കള്‍ വരും മാസങ്ങളില്‍ കിഴിവുകള്‍ നല്‍കുന്നത് കുറയ്ക്കുകയോ പൂര്‍ണ്ണമായും നിര്‍ത്തുകയോ ചെയ്യും.

നിങ്ങള്‍ പുതിയൊരു കാറോ ബൈക്കോ വാങ്ങാന്‍ ആലോചിക്കുന്നുണ്ടോ? ജിഎസ്ടി നിരക്കുകള്‍ കുറഞ്ഞതിന് പുറമേ ഇനിയും വലിയ വിലക്കുറവ് വരുമെന്ന് കരുതി കാത്തിരിക്കുകയാണോ? എങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. വലിയ കിഴിവുകള്‍ക്ക് ഇനി അവസരമില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്രമുഖ ധനകാര്യ സേവനദാതാക്കളായ മോട്ടിലാല്‍ ഓസ്വാള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടനുസരിച്ച്, കാര്‍, ഇരുചക്ര വാഹന നിര്‍മ്മാതാക്കള്‍ വരും മാസങ്ങളില്‍ കിഴിവുകള്‍ നല്‍കുന്നത് കുറയ്ക്കുകയോ പൂര്‍ണ്ണമായും നിര്‍ത്തുകയോ ചെയ്യും. ജിഎസ്ടി കുറച്ചതോടെ വാഹനങ്ങൾക്കുള്ള ഡിമാൻഡ് വര്‍ദ്ധിച്ചതാണ് ഈ തീരുമാനത്തിന് പിന്നില്‍. ആവശ്യം കൂടുമ്പോള്‍ ഓഫറുകള്‍ കുറയ്ക്കുന്നതിലൂടെ ലാഭവിഹിതം കൂട്ടാനാണ് കമ്പനികള്‍ ലക്ഷ്യമിടുന്നത്.

ജിഎസ്ടി കുറച്ചതും മറ്റ് അനുകൂല ഘടകങ്ങളും കാരണം വാഹനവിപണിയില്‍ ഉണര്‍വുണ്ടാകുമെന്ന് മോട്ടിലാല്‍ ഓസ്വാള്‍ വിലയിരുത്തുന്നു. 2026-ലും 2027-ലും എല്ലാ പ്രധാന വാഹനവിഭാഗങ്ങളിലും വില്‍പ്പന വര്‍ദ്ധിക്കുമെന്നാണ് പുതിയ പ്രവചനം.

ഇരുചക്ര വാഹനങ്ങളുടെ വില്‍പ്പന 2026 സാമ്പത്തിക വര്‍ഷത്തില്‍ 4% വര്‍ദ്ധിക്കും. 2027-ല്‍ ഇത് 7.5% ആയി ഉയരും. (പഴയ പ്രവചനം യഥാക്രമം 1%, 5.7%)

പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പ്പന 2026-ല്‍ 3% കൂടുകയും 2027-ല്‍ 8% വര്‍ദ്ധിക്കുകയും ചെയ്യും. (പഴയ പ്രവചനം 2%, 4%)

വാണിജ്യ വാഹനങ്ങളുടെ വില്‍പ്പന 2026-ല്‍ 5% കൂടുകയും 2027-ല്‍ 7% വര്‍ദ്ധിക്കുകയും ചെയ്യും.

ട്രാക്ടര്‍ വില്‍പ്പന 2026-ല്‍ 10% വര്‍ദ്ധിക്കുകയും 2027-ല്‍ 6% ഉയരുകയും ചെയ്യും.

ജിഎസ്ടി കൗണ്‍സിലിന്റെ നികുതി കുറയ്ക്കാനുള്ള തീരുമാനം ഈ മാറ്റങ്ങള്‍ക്ക് വലിയൊരു കാരണമാണ്. മിക്ക വാഹനങ്ങളുടെയും നികുതി 28% നിന്ന് 18% ആയി കുറച്ചു. 4 മീറ്ററിന് മുകളിലുള്ള എസ് യു വികളുടെ ജിഎസ്ടി 43-50% നിന്ന് 40% ആയി കുറച്ചു. ട്രാക്ടറുകള്‍ക്കും അതിന്റെ ഘടകങ്ങള്‍ക്കും 5% മാത്രമാണ് ഇനി ജിഎസ്ടി. ഇത് നേരത്തെ 12-18% ആയിരുന്നു. നികുതി കുറച്ചതോടെ മിക്ക കാറുകള്‍ക്കും വലിയ വിലക്കിഴിവ് ലഭിച്ചിരുന്നു. ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര കാറുകള്‍ക്ക് 1.5 ലക്ഷം വരെ വില കുറഞ്ഞു. ടൊയോട്ട ഫോര്‍ച്യൂണറിന് 3.49 ലക്ഷം രൂപ വരെയും ഹ്യുണ്ടായ് ട്യൂസോണിന് 2.4 ലക്ഷം രൂപ വരെയും വില കുറഞ്ഞിരുന്നു. മാരുതിയുടെ കാറുകള്‍ക്ക് 1.2 ലക്ഷം രൂപ വരെ വില കുറഞ്ഞതായും കമ്പനി അറിയിച്ചിരുന്നു.