കിഫ്ബി ആകസ്മിക ബാധ്യത എന്ന സർക്കാർ വാദം തള്ളി, നേരിട്ടുള്ള ബാധ്യത തന്നെയെന്ന് സിഎജി; സംസ്ഥാനത്തിന്റെ ആകെ കടം 3,24,855.06 കോടിയായെന്ന് സിഎജി
തിരുവനന്തപുരം: പുറത്തുനിന്നുള്ള കടമെടുപ്പ് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുന്നുവെന്ന് സിഎജി.
കിഫ്ബി (KIIFB) വായ്പയെ കുറിച്ച് പരാർമർശിക്കുന്ന റിപ്പോർട്ടിലാണ് സിഎജി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സംസ്ഥാനത്ത് 8604.19 കോടി കിഫ്ബി വഴി ബജറ്റിന് പുറത്ത് വായ്പയെടുത്തു, പെൻഷൻ കമ്പനി 669. 05 കോടി രൂപയും വായ്പയെടുത്തു. ഈ രണ്ട് ഇനങ്ങളിലായി 9273.24 കോടി രൂപ ബജറ്റിന് പുറത്ത് ആകെ കടം എടുത്തതായും ഇത് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുന്നതുമായാണ് സിഎജിയുടെ കണ്ടെത്തൽ. സംസ്ഥാനത്തിന്റെ ആകെ കടം 3,24,855.06 കോടിയായി. ഇത് തുടർന്നാൽ കടം കുമിഞ്ഞ് കൂടും. പലിശ കൊടുക്കൽ മാത്രം കടത്തിന് കാരണമാകും. കാലക്രമേണ ഭാവി തലമുറയ്ക്ക് ഭാരമാകും.
സർക്കാർ വാദം തള്ളി സിഎജി
അതേസമയം കിഫ്ബിയിൽ സർക്കാരിന്റെ വാദങ്ങൾ തള്ളുകയാണ് സിഎജി. കിഫ്ബി ആകസ്മിത ബാധ്യതയെന്ന സർക്കാർ വാദമാണ് തള്ളുന്നത്. കിഫ്ബി നേരിട്ടുള്ള ബാധ്യത തന്നെയാണ്. കിഫ്ബിക്ക് സ്വന്തമായി വരുമാനമില്ല.
ബാധ്യത സർക്കാർ തന്നെ തീർക്കണം. സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കണമെങ്കിൽ റവന്യു കമ്മിയും ധനകമ്മിയും നിയന്ത്രിക്കുകയാണ് വേണ്ടെന്നും സിഎജി റിപ്പോർട്ടിൽ വിശദീകരിക്കുന്നു.
കിഫ്ബി വിദേശ നാണയ വിനിമയ ചട്ടം ലംഘിച്ചെന്ന പരാതി: തോമസ് ഐസക്കിന് ഇഡി നോട്ടീസ്
കിഫ്ബി വിദേശ നാണയ ചട്ടം ലംഘിച്ചെന്ന പരാതിയിൽ എൻഫോഴ‍്‍സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് മുൻ ധനമന്ത്രി തോമസ് ഐസകിന് കഴിഞ്ഞ ദിവസം നോട്ടീസ് അയച്ചിരുന്നു. കിഫ്ബിക്ക് വിദേശത്ത് നിന്ന് നിക്ഷേപം സ്വീകരിച്ചത് കേന്ദ്ര സർക്കാരിനെ അറിയിച്ചില്ലെന്നും മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നുമായിരുന്നു പരാതി. എന്നാൽ
മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾ ചൂണ്ടിക്കാട്ടി ഐസക് ചോദ്യം ചെയ്യലിന് ഹാജരായില്ല. ഈ സാഹചര്യത്തിൽ വീണ്ടും നോട്ടീസ് നൽകാനാണ് ഇഡിയുടെ തീരുമാനം. പുതിയ തീയതി നിശ്ചയിച്ച് ഉടൻ നോട്ടീസ് അയക്കും. നോട്ടീസ് കിട്ടിയാലും ഹാജരാകണോയെന്ന് പാർട്ടിയോട് ആലോചിച്ച് തീരുമാനിക്കുമെന്നാണ് തോമസ് ഐസക് വ്യക്തമാക്കിയിരിക്കുന്നത്.
